കേരളത്തിലെ ‘ജെന്‍സി’ യുഗം വഞ്ചിക്കപ്പെടുകയാണോ? അതോ വിദേശ ജോലി എന്ന മോഹന വാഗ്ദാനത്തില്‍ മയങ്ങി അവര്‍ സ്വയം വഞ്ചിതരാകുകയാണോ?

കേരളത്തിലെ ‘ജെന്‍സി’ യുഗം വഞ്ചിക്കപ്പെടുകയാണോ? അതോ വിദേശ ജോലി എന്ന മോഹനവാഗ്ദാനത്തില്‍ മയങ്ങി അവര്‍ സ്വയം വഞ്ചിതരാകുകയാണോ? വലിയ സ്വപ്നങ്ങളുമായി വിമാനം കയറാന്‍ കൊതിക്കുന്ന നമ്മുടെ യുവതലമുറ ജോബ് വിസാ തട്ടിപ്പുകാരുടെ വലയില്‍ പിടയുകയാണ്. വിദ്യാസമ്പന്നരായ നമ്മുടെ കുട്ടികള്‍ പോലും യാതൊരു അന്വേഷണവുമില്ലാതെ വ്യാജ ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ എണ്ണിക്കൊടുക്കുന്നു.

ഇതിനൊരു അറുതി വേണ്ടേ? കണക്കുകള്‍ പരിശോധിച്ചാല്‍ ആരുമൊന്ന് ഞെട്ടും. വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ളത് കേരളത്തില്‍ വെറും 180 ഏജന്‍സികള്‍ക്ക് മാത്രമാണ്. ഇന്ത്യയിലൊട്ടാകെ ഇത് 2000-ത്തോളം സ്ഥാപനങ്ങളാണുള്ളത്. എന്നാല്‍, യാഥാര്‍ത്ഥ്യം എന്താണ്? യാതൊരു അംഗീകാരവുമില്ലാത്ത രണ്ടായിരത്തിലധികം വ്യാജ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാണ് കേരളത്തില്‍ മാത്രം കൂണ്‍ പോലെ മുളച്ചുപൊന്തിയിരിക്കുന്നത്.

ഈ വ്യാജ കേന്ദ്രങ്ങളെക്കുറിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. എന്നിട്ടും ഇതൊന്നും വകവയ്ക്കാതെ പലരും ഇപ്പോഴും ഈ ഏജന്‍സികളെ തേടിച്ചെന്ന് പണം കൊടുത്ത് വഞ്ചിതരാകുന്നു എന്നത് വലിയൊരു സാമൂഹിക വിപത്താണ്. എളുപ്പത്തില്‍ വിദേശത്തെത്താനുള്ള വ്യഗ്രതയില്‍, ശരിയും തെറ്റും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ഒരു ഏജന്‍സിയിലേക്ക് പോകും മുമ്പ് അതിന്റെ പരിധിയിലെ പോലീസ് സ്റ്റേഷനിലേക്ക് വേണം ആദ്യം പോകേണ്ടത്. അപ്പോള്‍ ആ ഏജന്‍സിയെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം കിട്ടും. പക്ഷേ ആരും അത് ചെയ്യുന്നില്ല. വഞ്ചിതരാകുകയും ചെയ്യുന്നു. ഈ സാമൂഹിക വിപത്തിനെതിരെ കണ്ണടയ്ക്കാന്‍ ഇനി ഞങ്ങള്‍ തയ്യാറല്ല. ഈ തട്ടിപ്പുകാരെ തുറന്നുകാട്ടി, കേരളത്തിലെ യുവതയെ, പ്രത്യേകിച്ചും ജെന്‍സികളെ, ശരിയായ വഴിയിലൂടെ വിദേശ ജോലികള്‍ക്ക് പ്രാപ്തമാക്കേണ്ടതുണ്ട്. ഈ സുപ്രധാന ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ നിരന്തരം നല്‍കും.

യുകെയില്‍ ജോലി വാങ്ങിനല്‍കാമെന്നു വാഗ്ദാനംചെയ്തു പിറവം സ്വദേശിയായ യുവാവില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന തൃശൂര്‍ അത്താണി മാളിയേക്കല്‍ ബെന്നിയാണു പിടിയിലായത്. വടക്കാഞ്ചേരിയിലെ ഭാര്യാവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിറവം പോലീസ് പിടികൂടിയത്. 2023 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലായി 13 കേസുകളില്‍ പ്രതിയാണിയാള്‍. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി പോലീസ് പറഞ്ഞു.

ഇതില്‍ തൃശൂര്‍ ജില്ലയില്‍നിന്നുള്ള ഒരു അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ചു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വിദേശ ജോലിയുടെ പേരില്‍ നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ? ഈ മേഖലയിലെ കള്ളനാണയങ്ങളെയും വ്യാജന്മാരെയും സമൂഹത്തിന് മുന്നില്‍ പൊളിച്ചെഴുതേണ്ടത് അനിവാര്യതയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top