‘അച്ഛനോട് കാട്ടിയ പക മക്കള്‍ മറന്നാലും ചരിത്രം മറക്കില്ല’; സിപിഎമ്മിനായുള്ള നികേഷ് കുമാറിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ പിഴയ്ക്കുന്നുവോ?

മാധ്യമലോകത്തെ ഗ്ലാമര്‍ പരിവേഷം വിട്ട് സി.പി.എമ്മിന്റെ ചാണക്യതന്ത്രങ്ങള്‍ മെനയുന്ന സൈബര്‍ കമാന്‍ഡറായി നികേഷ് കുമാര്‍ മാറുമ്പോള്‍ കേരള രാഷ്ട്രീയം ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: ഇത് രാഷ്ട്രീയ കൂറോ അതോ മധുരപ്രതികാരമോ? എം.വി. രാഘവന്‍ എന്ന വിപ്ലവകാരിയെ സി.പി.എം വേട്ടയാടിയ ചരിത്രം കണ്ണൂരിലെ മണ്ണില്‍ ഇന്നും പുകയുന്ന ഓര്‍മ്മയാണ്.

ആ രാഘവന്റെ മകന്‍ നികേഷ് കുമാര്‍ ഇന്ന് അതേ സി.പി.എമ്മിന്റെ സൈബര്‍ സേനയെ നയിക്കുമ്പോള്‍, പുറത്തുവരുന്ന ഓരോ തന്ത്രവും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണോ എന്ന സംശയം ശക്തമാകുന്നു. സി.പി.എമ്മിന്റെ പരമ്പരാഗതമായ സൈബര്‍ പ്രചാരണ രീതികളെ പൊളിച്ചെഴുതി ഒരു ‘കോര്‍പ്പറേറ്റ്’ ശൈലി കൊണ്ടുവരാനാണ് നികേഷ് ശ്രമിച്ചത്. എന്നാല്‍ ഈ പരീക്ഷണം താഴെത്തട്ടിലുള്ള സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ദഹിക്കുന്നില്ല എന്നതാണ് വസ്തുത.

സോഷ്യല്‍ മീഡിയയില്‍ നികേഷ് നടപ്പിലാക്കുന്ന പല തന്ത്രങ്ങളും പാര്‍ട്ടിയുടെ രാഷ്ട്രീയ ബോധ്യങ്ങളുമായി ചേര്‍ന്നുപോകുന്നില്ലെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘ഇരുണ്ടകാലം’ ക്യാമ്പയിന്‍. യു.ഡി.എഫിനെ പ്രതിരോധിക്കാന്‍ ആവിഷ്‌കരിച്ച ഈ ക്യാമ്പയിന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചതോടെ വലിയ വിവാദമായി. മരിച്ചവരെപ്പോലും വേട്ടയാടുന്ന ഈ ശൈലി പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനേ ഉപകരിച്ചുള്ളൂ.

അച്ഛന്‍ എം.വി. രാഘവനെ സി.പി.എം ശാരീരികമായും രാഷ്ട്രീയമായും ഇല്ലാതാക്കാന്‍ ശ്രമിച്ച കാലത്തെക്കുറിച്ച് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ‘അച്ഛനോട് കാട്ടിയ പക മക്കള്‍ മറന്നാലും ചരിത്രം മറക്കില്ല’ എന്ന വൈകാരികമായ ആക്രമണത്തിന് മറുപടി നല്‍കാന്‍ നികേഷിന്റെ സൈബര്‍ വിങ്ങിന് കഴിയുന്നില്ല. പകരം, നികേഷ് കൊണ്ടുവരുന്ന പുതിയ തന്ത്രങ്ങള്‍ പലപ്പോഴും പാര്‍ട്ടിയെക്കൊണ്ട് പോസ്റ്ററുകള്‍ തിരുത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

ഇത് മനഃപൂര്‍വ്വമാണോ എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനോടകം ഉയര്‍ത്തിക്കഴിഞ്ഞു. തന്റെ അച്ഛനെ വേട്ടയാടിയ പാര്‍ട്ടിയെ ഉള്ളില്‍ നിന്ന് തകര്‍ക്കാനുള്ള തന്ത്രമാണോ നികേഷ് പയറ്റുന്നത് എന്ന സംശയവും സജീവം. എന്നാല്‍ അങ്ങനെ അല്ലെന്ന് സിപിഎം ഉറപ്പിച്ചു പറയുന്നു. അതിനിടെ സി.പി.എമ്മിലെ ഒരു വിഭാഗം നികേഷിനെ ഉപയോഗിച്ച് പാര്‍ട്ടിയുടെ പ്രതിച്ഛായ ബോധപൂര്‍വ്വം മോശമാക്കുകയാണോ? എന്ന ചോദ്യവും സജീവം.

അന്തരിച്ച നേതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് നിഷ്പക്ഷ വോട്ടര്‍മാരെ പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് ഒരു വിഭാഗം നേതാക്കള്‍ ഭയപ്പെടുന്നു. യു.ഡി.എഫിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയും സ്വന്തം പാര്‍ട്ടിയെ വിവാദങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്ന നികേഷിന്റെ ‘കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍’ സി.പി.എമ്മിന് വലിയ ബാധ്യതയായി മാറുകയാണെന്ന വിമര്‍ശനം സൈബര്‍ ലോകത്ത് ഉയര്‍ന്നു കഴിഞ്ഞു.

എം.വി.ആറിന്റെ മകന്‍ മെനയുന്ന തന്ത്രങ്ങള്‍ സി.പി.എമ്മിന് അശ്വത്ഥാമാവാകുമോ അതോ രക്ഷാകവചമാകുമോ എന്ന് വരും ദിവസങ്ങള്‍ തെളിയിക്കും. ചുരുക്കത്തില്‍, എം.വി. രാഘവന്റെ വിപ്ലവവീര്യം സി.പി.എമ്മിനെതിരെയായിരുന്നെങ്കില്‍, ആ മകന്‍ ഇന്ന് പാര്‍ട്ടിക്കുള്ളിലിരുന്ന് നടത്തുന്ന നീക്കങ്ങള്‍ ഒരു രാഷ്ട്രീയ വൈരുദ്ധ്യമായി തുടരുന്നു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top