യുവാക്കളുടെ രാത്രികാല ചായകുടി നിരീക്ഷിക്കും; ഈ നീക്കത്തിന് പോലീസിന് കൈയ്യടിയ്ക്കാം

കുമ്പളയിലെ ഈ പോലീസ് നീക്കം കേരളത്തില്‍ ഉടനീളം നടത്തേണ്ടതാണ്. കേരളത്തില്‍ ഉടനീളം ഇതൊരു സാമൂഹിക പ്രശ്നമാണ്. യുവാക്കളുടെ രാത്രികാല ചായകുടി നിരീക്ഷിച്ച് കുമ്പള പോലീസ് മാതൃകാ നടപടികള്‍ എടുക്കുന്നു. രാത്രി 12-നുശേഷമാണ് യുവാക്കള്‍ മിക്കയിടങ്ങളിലും ചായകുടിക്കാനായി എത്തുന്നത്. ചായകുടിയുടെ പേരില്‍ തട്ടുകടകളിലെത്തുന്ന പലരും പിന്നീട് ലഹരിക്ക് അടിപ്പെടുന്നുവെന്നാണ് പോലീസ് പറയുന്നത്.

കുമ്പള, ചേവാര്‍, ബന്തിയോട്, ഉപ്പള എന്നിവിടങ്ങളില്‍ രാത്രികാലത്ത് ഇത്തരം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സൂചന. ഇതേ സാഹചര്യം കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുണ്ട്. കര്‍ണാടകയില്‍ രാത്രികാലത്ത് നടത്തുന്ന തട്ടുകടകള്‍ക്ക് സമയപരിധിയും നിയന്ത്രണവും വന്നതോടെ യുവാക്കള്‍ കൂട്ടത്തോടെ തലപ്പാടിയിലും പരിസരപ്രദേശങ്ങളിലെ തട്ടുകടകളിലുമെത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൈവളിഗെ ഗ്രാമപ്പഞ്ചായത്തു പരിധിയിലെ ചേവാറില്‍ രാത്രിയില്‍ ചായകുടിക്കാനെത്തിയ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചായകുടിക്കാനെത്തിയ യുവാക്കളെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നു. പോലീസ് നിലപാടിനെ പിന്തുണച്ച് സി.പി.എം. പ്രവര്‍ത്തകര്‍ അവിടെ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പോലീസ് സ്വീകരിക്കുന്ന കര്‍ശന നിലപാടുകളെ പൊതുസമൂഹം സ്വാഗതം ചെയ്യുകയാണുണ്ടായത്. കുമ്പള പ്രദേശത്ത് രാത്രികാലത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കും യുവാക്കളുടെ രാത്രികാലത്തും പുലര്‍ച്ചെയുമുള്ള ചായകുടിക്കും നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇതേ വിഷയം കേരളത്തിലെ പല ജില്ലകളിലും ഉണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം ചായകുടി കേന്ദ്രങ്ങള്‍ സജീവമാണ് രാത്രിയിലും. ഇതിന്റെ മറവിലും മയക്കു മരുന്ന് കച്ചവടം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് വലിയൊരു സാമൂഹിക വിപത്തിനെതിരായ പോരാട്ടം കൂടിയായി മാറും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top