വെറുതെ രണ്ട് ചോദ്യം ചോദിച്ചു; ശേഷം ഊണും കഴിച്ച് ഞങ്ങള്‍ പിരിഞ്ഞുവെന്ന് ജയറാം; ആരാധകര്‍ക്ക് ആശ്വാസം; ഇഡിക്ക് മുന്നിലും ജയറാം സാക്ഷി മാത്രം, പാര്‍വ്വതിയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തില്‍ നടന്‍ ജയറാമിന് ആശ്വാസം. കേസില്‍ ജയറാം പ്രതിയാകില്ലെന്നും പകരം സാക്ഷിയാക്കാനുമാണ് ഇഡിയുടെ നീക്കം. കൊച്ചി ഓഫീസില്‍ നടന്ന ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവരുന്ന സൂചനകള്‍ ജയറാമിനും കുടുംബത്തിനും വലിയ ആശ്വാസമാണ് നല്‍കുന്നത്. കേസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ വലിയ ആശങ്കയിലായിരുന്ന ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയുടെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍ ഫലിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചോദ്യം ചെയ്തപ്പോഴും സമാനമായ തീരുമാനമാണ് എടുത്തിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കേവലം സൗഹൃദത്തിനപ്പുറം സാമ്പത്തിക ഇടപാടുകളിലേക്ക് നീങ്ങിയിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. കേന്ദ്ര ഏജന്‍സിയായ ഇഡിയും ഇതേ നിലപാടിലേക്ക് തന്നെ നീങ്ങുന്നതോടെ ജയറാം കേസില്‍ സാക്ഷിയായി തുടരും.

മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇഡി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ജയറാം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ‘സൗഹൃദപരമായ പെരുമാറ്റമായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. അവര്‍ക്ക് ചില സംശയങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു. അറിയാവുന്ന കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. രേഖകളൊന്നും ഹാജരാക്കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടില്ല,’ ജയറാം മാധ്യമങ്ങളോട് പറഞ്ഞു. 38 വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ നിരവധി ക്ഷേത്രചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആ നിലയ്ക്കുള്ള പരിചയം മാത്രമാണ് പ്രതികളുമായുള്ളതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചായിരുന്നു ഇഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. എന്നാല്‍ പണമിടപാടുകള്‍ നടന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ജയറാമിനെ സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജയറാമിനെപ്പോലൊരു താരം ഉള്‍പ്പെട്ടത് മലയാളികളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ആശ്വാസ വാര്‍ത്തകള്‍ ജയറാം ആരാധകര്‍ക്ക് വലിയ ആഘോഷത്തിനുള്ള വകയാണ് നല്‍കുന്നത്.

തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ഇഡി ഓഫീസില്‍നിന്ന് പുറത്തിറങ്ങിയശേഷം ജയറാം പറഞ്ഞു. കഠിനമായ ചോദ്യം ചെയ്യല്‍ ഒന്നുമില്ലായിരുന്നു. സൗഹാര്‍ദപരമായാണ് പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കാന്‍ പറഞ്ഞില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും ജയറാം വ്യക്തമാക്കി. മൊഴിയെടുക്കലൊന്നും ആയിരുന്നില്ലെന്നും അവര്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നുവെന്നും ജയറാം പറഞ്ഞു. വെറുതെ രണ്ട് ചോദ്യം ചോദിച്ചു, ശേഷം ഊണും കഴിച്ച് ഞങ്ങള്‍ പിരിഞ്ഞുവെന്നും ജയറാം വിശദീകരിച്ചു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top