കൊച്ചി: സീരിയസ് ആയ അസിസ്റ്റന്റ് പ്രൊഫസറല്ല, സ്റ്റേജില്‍ കയറിയാല്‍ അരുണിമ ജെ.ആര് സാക്ഷാല്‍ പ്രഭുദേവയാകും. സാരിയടുത്ത് ‘മുക്കാല മുക്കാബല’യ്ക്ക് ടീച്ചര്‍ ചുവടുവെച്ചപ്പോള്‍ ഇലാഹിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയും ഒന്നടങ്കം അമ്പരന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായ അരുണിമയുടെ നൃത്തം ഇപ്പോള്‍ ഇന്റര്‍നെറ്റിലെ പുതിയ തരംഗമാണ്.
മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ കലാമേളയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അരുണിമ. എ.ആര്. റഹ്മാന്റെ വിഖ്യാത ഗാനത്തിന് പ്രഭുദേവയുടെ അതിവേഗ ചുവടുകള്‍ അത്രമേല്‍ മനോഹരമായി ടീച്ചര്‍ പുനരാവിഷ്കരിച്ചപ്പോള്‍ സദസ്സില്‍ ആവേശം വാനോളമുയര്‍ന്നു. ഇളം നീല സാരി ധരിച്ച്, ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെപ്പോലും നിഷ്പ്രഭമാക്കുന്ന ഊര്‍ജ്ജസ്വലതയോടെയായിരുന്നു അരുണിമയുടെ പ്രകടനം. നേരത്തെ ‘കാലാ ചശ്മ’ എന്ന ഗാനത്തിന് ടീച്ചര്‍ നൃത്തം ചെയ്ത വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു.
സാരിയുടുത്ത് ഇത്ര അനായാസമായി എങ്ങനെ ചുവടുവയ്ക്കാന്‍ കഴിയുന്നു എന്നതായിരുന്നു പലരുടെയും സംശയം. എന്നാല്‍ ഇതിനു പിന്നിലൊരു ‘ഭരതനാട്യം’ രഹസ്യമുണ്ടെന്ന് മലപ്പുറം സ്വദേശിനിയായ അരുണിമ പറയുന്നു. ഭരതനാട്യം അഭ്യസിക്കുന്ന കാലം മുതല്‍ മണിക്കൂറുകളോളം സാരിയുടുത്ത് റിഹേഴ്സല്‍ ചെയ്യുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ നൃത്തം ചെയ്യുമ്പോള്‍ വസ്ത്രം തനിക്കൊരു തടസ്സമേയല്ലെന്ന് ഈ നര്‍ത്തകി വ്യക്തമാക്കുന്നു. പാട്ട് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ താളത്തിനൊപ്പം നീങ്ങുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രശംസയാണ് അരുണിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപനത്തിനൊപ്പം തന്നെ കലയോടുള്ള അര്‍പ്പണബോധം കൈവിടാത്ത ടീച്ചര്‍ പുതുതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് പലരും കുറിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള അകലം കുറയ്ക്കാനും കലാലയ അന്തരീക്ഷം കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കാനും ഇത്തരം വേറിട്ട ഇടപെടലുകള്‍ സഹായിക്കുമെന്നാണ് സൈബര്‍ ലോകത്തിന്റെ വിലയിരുത്തല്‍.



