ചോറ്റാനിക്കരയെ ഭീതിയിലാക്കി ‘ബ്ലാക്ക് വെനം’; സൈബര്‍ ലോകത്തെ ചതിക്കുഴി; ‘കൊറിയന്‍ സുഹൃത്ത്’ ഈ ഡിലീറ്റ് ചെയ്ത ചാറ്റുകളിലെ അദൃശ്യ വ്യക്തി; തൂവെള്ള സ്വപ്നങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കറുത്ത വിഷം: കൊറിയന്‍ ‘കള്‍ട്ട്’ സ്വാധീനത്തില്‍ കേരളത്തിലെ കൗമാരം

ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിഗൂഢതയേറുന്നു. കൊറിയന്‍ സുഹൃത്തുമായുള്ള ബന്ധമല്ല, മറിച്ച് ആ പേരില്‍ മകളെ ആരോ കബളിപ്പിച്ചതാണെന്ന സംശയവുമായി പിതാവ് മഹേഷ് രംഗത്തെത്തി. ആദിത്യ പിന്തുടര്‍ന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇന്‍സ്റ്റഗ്രാം പേജിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സൈബര്‍ ലോകത്തെ ചതിക്കുഴികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന അക്കൗണ്ടില്‍ നിന്ന് ആദിത്യയുടെ മരണത്തിന് പിന്നാലെ എല്ലാവരും കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തു പോയത് പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നു. കൊറിയന്‍ സുഹൃത്ത് മരിച്ചതിലുള്ള വിഷമത്താലാണ് താന്‍ പോകുന്നത് എന്നായിരുന്നു ആദിത്യയുടെ കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ ഈ സുഹൃത്ത് യഥാര്‍ത്ഥ വ്യക്തിയാണോ അതോ കൊറിയന്‍ ഭ്രമം മുതലെടുത്ത് ആരെങ്കിലും ചമച്ച വ്യാജ പ്രൊഫൈലാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഈ ഫോണില്‍ നിന്ന് എട്ട് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചിരുന്നതായി കണ്ടെത്തി. സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ രഹസ്യമായി ഫോണ്‍ ഉപയോഗവും വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള നിഗൂഢ ആശയവിനിമയവും നടക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ‘കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി ചെയ്യാനും മകള്‍ക്ക് വലിയ ആഗ്രഹമായിരുന്നു. ആ താല്പര്യം അറിഞ്ഞ് ആരോ മകളെ പറ്റിച്ചതാണ്. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരിക്കല്‍ വീട്ടില്‍ ഒരു സമ്മാനം വന്നിരുന്നു. ഇത് വെറും കബളിപ്പിക്കലാണെന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നു,’- പിതാവ് മഹേഷ് പറയുന്നു. താന്‍ ചതിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിലെ മനോവിഷമമാകാം മരണത്തിന് കാരണമെന്നും ഇതിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് നിലവില്‍ കേസ് മുന്നോട്ട് പോകുന്നത്. വിദേശത്തുനിന്നുള്ളവരാണോ അതോ നാട്ടിലെ സൈബര്‍ ചതിയന്മാരാണോ ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ സൈബര്‍ സെല്‍ ലോഗ് ഇന്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ്. ഇതു കിട്ടിയാലെ കേസില്‍ വ്യക്തത വരൂ… ഇത് ഒരു ‘സെല്‍ഫ് ഡിസ്ട്രക്റ്റിംഗ്’ ഗ്രൂപ്പിന്റെ സ്വഭാവമാണെന്ന് സംശയിക്കുന്നു. വിവരങ്ങള്‍ കൈമാറിയ ശേഷം ഗ്രൂപ്പ് ഒന്നാകെ ഡിലീറ്റ് ചെയ്യുന്ന രീതിയാണിത്. പ്രാഥമിക പരിശോധനയില്‍ ഈ അക്കൗണ്ട് വിദേശത്തുനിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നിക്കുമെങ്കിലും, വിപിഎന്‍ ഉപയോഗിച്ച് ലൊക്കേഷന്‍ മാറ്റിയതാണോ എന്നും സംശയമുണ്ട്. കൊറിയന്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്ത് കുട്ടികളെ ആകര്‍ഷിക്കാനാണ് ഈ പ്രൊഫൈല്‍ ഉപയോഗിച്ചിരുന്നത്.

പിടിച്ചെടുത്ത വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്ന് എട്ട് വ്യത്യസ്ത അക്കൗണ്ടുകള്‍ കണ്ടെത്തിയത് കേസിലെ നിര്‍ണ്ണായക വഴിത്തിരിവാണ്. ഈ അക്കൗണ്ടുകള്‍ വഴി ആദിത്യയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്നും, കുട്ടികളെ ഇത്തരം നിഗൂഢ ഗ്രൂപ്പുകളിലേക്ക് എത്തിക്കാന്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. ആദിത്യയുടെ ഫോണില്‍ നിന്ന് ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ പലതും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഇവ വീണ്ടെടുക്കാനായി പോലീസ് മെറ്റ (ങലമേ) കമ്പനിയുടെ സഹായം തേടിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ പറയുന്ന ‘കൊറിയന്‍ സുഹൃത്ത്’ ഈ ഡിലീറ്റ് ചെയ്ത ചാറ്റുകളിലെ അദൃശ്യ വ്യക്തിയാണെന്നാണ് നിഗമനം.

കൊറിയന്‍ ‘കള്‍ട്ട്’ സ്വാധീനത്തില്‍ കേരളത്തിലെ കൗമാരം

ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യയുടെ മരണത്തിലെ അന്വേഷണത്തില്‍ പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തിലെ സൈബര്‍ ലോകത്തിന് നല്‍കുന്നത് കനത്ത മുന്നറിയിപ്പാണ്. കൊറിയന്‍ സംഗീതത്തോടും സിനിമകളോടുമുള്ള ആരാധന കൗമാരപ്രായക്കാരെ എങ്ങനെയാണ് നിഗൂഢമായ ‘കള്‍ട്ട്’ (ഈഹ)േ സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് എത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ‘ബ്ലാക്ക് വെനം’ പോലുള്ള ഇന്‍സ്റ്റഗ്രാം പേജുകള്‍ ഇതിന്റെ തെളിവാണ്.

കൊറിയന്‍ പോപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളെ അന്ധമായി ആരാധിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ സജീവമാണ്. തങ്ങള്‍ കൊറിയക്കാരാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യ ഘട്ടം. കൊറിയന്‍ ഭാഷയില്‍ സംസാരിച്ചും സാംസ്‌കാരികമായ കാര്യങ്ങള്‍ പങ്കുവെച്ചും ഇവര്‍ കുട്ടികളുടെ പൂര്‍ണ്ണ വിശ്വാസം പിടിച്ചുപറ്റുന്നു. കൊറിയന്‍ സുഹൃത്തുക്കളാണെന്ന വ്യാജേന കുട്ടികളെ വലയിലാക്കുന്നത് പലപ്പോഴും നാട്ടിലുള്ള സൈബര്‍ ചതിയന്മാരായിരിക്കും. ഇവരുടെ ആജ്ഞകള്‍ കുട്ടികള്‍ അനുസരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.

ഇന്‍സ്റ്റഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ‘ഇന്‍വിസിബിള്‍’ മോഡിലുള്ള ഗ്രൂപ്പുകളില്‍ അംഗങ്ങളാകുന്ന കുട്ടികള്‍ വീട്ടുകാരുമായി അകലുന്നു. ചോറ്റാനിക്കര കേസില്‍ കണ്ടതുപോലെ ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇത്തരം ആശയവിനിമയങ്ങള്‍ നടക്കുന്നത്. മാനസിക സമ്മര്‍ദ്ദം: ഈ സാങ്കല്‍പ്പിക ലോകത്തെ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് സ്വന്തം ജീവിതത്തിലുണ്ടായ തകര്‍ച്ചയായി കുട്ടികള്‍ കാണുന്നു. ആദിത്യയുടെ ആത്മഹത്യാക്കുറിപ്പിലെ ‘കൊറിയന്‍ സുഹൃത്തിന്റെ മരണം’ ഇതിന് ഉദാഹരണമാണ്.

കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്ന സമയം, അവര്‍ പിന്തുടരുന്ന അക്കൗണ്ടുകള്‍, അമിതമായ കൊറിയന്‍ ഭ്രമം എന്നിവ ശ്രദ്ധിക്കണമെന്ന് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ മുറി അടച്ചിരുന്ന് നിഗൂഢമായ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കാണണം. സൈബര്‍ ലോകത്തെ ഈ ‘കൊറിയന്‍ മായക്കാഴ്ചകള്‍’ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ കൂടി അപഹരിക്കുമ്പോള്‍, ഡിജിറ്റല്‍ യുഗത്തിലെ പാരന്റിംഗ് കൂടുതല്‍ വെല്ലുവിളിയായി മാറുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top