മമ്മൂക്കാ… സൂപ്പര്‍! ശ്രവണ വൈകല്യമുളളവര്‍ക്ക് കേള്‍വിയുടെ ലോകം; സംഗീതസാന്ദ്രമാം ‘കാതോട് കാതോരം’

വയലിന്‍ തന്ത്രികളില്‍ ഔസേപ്പച്ചന്‍ മീട്ടിയ ആ പഴയ മധുരനൊമ്പരത്തിന്റെ ഈണം സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി ആ പ്രഖ്യാപനം നടത്തി: ‘കാതോട് കാതോരം’. കേള്‍വി പരിമിതിയുള്ള നിര്‍ദ്ധനരായവര്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി.

മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 16-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ‘കേള്‍വി എന്നത് ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക , നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിര്‍ക്കുക. ഇതാണ് ഭൂമിയില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം.’ – മമ്മൂട്ടി പറഞ്ഞു. പദ്ധതിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയും തുടര്‍ ചികിത്സയും പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. ആന്തരിക കര്‍ണത്തിലെ കോക്ലീയയിലെ കോശങ്ങളുടെ ശക്തി തീരെ കുറയുന്ന അവസ്ഥ കൊണ്ടുണ്ടാകുന്ന കേള്‍വി കുറവ് അനുഭവിക്കുന്ന വ്യക്തികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

കൊച്ചിയില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ ദൂതനായി ദൈവം ഭൂമിയിലേക്ക് അയച്ചയാളാണ് മമ്മൂട്ടി എന്ന് കാതോലിക്ക ബാവ പറഞ്ഞു. മമ്മൂട്ടി നന്മയുടെ പര്യായമാണ്. അദ്ദേഹം സിനിമയില്‍ മാത്രമേ അഭിനയിക്കാറുള്ളൂ ജീവിതത്തില്‍ അദ്ദേഹം നല്ല നടന്‍ അല്ല. പകരം നന്മയുള്ള പ്രവൃത്തികളിലൂടെ ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിക്കാന്‍ ആണ് മമ്മൂട്ടി ശ്രമിക്കുന്നത് – കാതോലിക്ക ബാവ പറഞ്ഞു. പൂര്‍വ്വികം, ഹൃദ്യം, ആശ്വാസം, വാത്സല്യം പദ്ധതികള്‍ക്ക് ശേഷം മമ്മൂട്ടിയുമായി ചേര്‍ന്ന് വീണ്ടും ഒരു മഹത്തായ സംരംഭത്തില്‍ പങ്കാളികളാകുന്നതില്‍ വലിയ ആത്മസംതൃപ്തിയുണ്ടെന്ന് രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു.

കേള്‍വി ഇല്ലാത്തവര്‍ക്ക് സംസാരശേഷിയും നഷ്ടപ്പെടുകയാണ്. സാമൂഹികപരമായി ഒറ്റപ്പെടുന്നു ഇവര്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റുകള്‍ വഴി ജീവിത നിലവാരവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് രാജഗിരി ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജ് പറഞ്ഞു. അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ അറിയിച്ചു. കേള്‍വി പരിമിതി വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 75590 22111

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top