തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള റോഡ് തര്‍ക്കത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ താത്കാലിക ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദു ഇന്ന് പുതിയൊരു അതിജീവന പാതയിലാണ്. അധികാരത്തിന്റെ ഹുങ്കില്‍ അന്നം മുട്ടുമ്പോഴും തളരാതെ, കുടുംബത്തെ പോറ്റാന്‍ സ്വിഗ്ഗി ഡെലിവറി ബോയ് ആയി മാറിയ യദുവിന്റെ ജീവിതം ഒരു വലിയ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
‘അന്ന് ഞാന്‍ കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്നു, ഇന്ന് സ്വിഗ്ഗി ബോയ് ആണ്. നല്ല ഓര്‍ഡര്‍ കിട്ടുന്നുണ്ട്, അതുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു,’ എന്ന് യദു പറയുമ്പോള്‍ അതില്‍ ഒരു സാധാരണക്കാരന്റെ നിസ്സഹായാവസ്ഥയല്ല, മറിച്ച് തകര്‍ക്കാന്‍ നോക്കിയവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവന്റെ ആത്മവിശ്വാസമാണുള്ളത്. ഈ യാത്രയ്ക്കിടയില്‍ മേയറുടെ വീടിന് സമീപം വരെ ഓര്‍ഡറുമായി പോകേണ്ടി വന്ന അനുഭവം യദു പങ്കുവെക്കുന്നുണ്ട്. ‘മേയറെ കാണേണ്ട, കണ്ടാല്‍ അടുത്ത കേസ് വരും’ എന്നാണ് സുഹൃത്തുക്കള്‍ തമാശയായി പറഞ്ഞതെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
വിവാദമായ സംഭവത്തില്‍ പോലീസിന്റെ കുറ്റപത്രത്തില്‍ നിന്ന് മേയറും എംഎല്‍എയും ഒഴിവാക്കപ്പെട്ടപ്പോഴും യദു തന്റെ നിയമപോരാട്ടം ഉപേക്ഷിച്ചിട്ടില്ല. അരവിന്ദ് എന്ന ഒരാളെ മാത്രം പ്രതിയാക്കിയതിനെതിരെ അദ്ദേഹം ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അധികാരം കൈയിലുള്ളവര്‍ സുരക്ഷിതരാവുകയും സാധാരണക്കാരന്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന അവസ്ഥയ്‌ക്കെതിരെ നീതി ലഭിക്കും വരെ പൊരുതാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
‘എനിക്ക് ജീവിക്കണം, മക്കളെ നോക്കണം’ എന്നും യദു പറയുന്നു. നീതിയെന്ന ആവശ്യത്തിന് മുന്നില്‍ ഭരണകൂടം കണ്ണടയ്ക്കുമ്പോള്‍, തെരുവിലിറങ്ങി അധ്വാനിക്കുന്ന യദു പൊരുതി ജയിക്കുന്ന സാധാരണക്കാരന്റെ പ്രതീകമായി മാറുകയാണ്. തിരിച്ചടികള്‍ ഉണ്ടായാലും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഈ മനുഷ്യന്റെ പോരാട്ടവീര്യം നീതി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനമാണ്.
അധികാരത്തിന്റെ ഉന്നതിയില്‍ നിന്ന് സാധാരണക്കാരനെ വിചാരണ ചെയ്തവരും, ആ വിചാരണയില്‍ ജീവിതം വഴിമുട്ടിയവരും ഒരേ മണ്ണില്‍ മുഖാമുഖം നില്‍ക്കുന്ന കാഴ്ചയ്ക്കാണ് തിരുവനന്തപുരം നഗരം സാക്ഷ്യം വഹിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സീറ്റില്‍ നിന്ന് ആര്യ രാജേന്ദ്രന്‍ എന്ന ‘പവര്‍ഫുള്‍’ മേയറുടെ ഇടപെടല്‍ മൂലം പുറത്തായ യദു, ഇന്ന് അതേ മുന്‍ മേയറുടെ വീട്ടിന്റെ പരിസരത്ത് ഭക്ഷണപ്പൊതിയുമായി എത്തുകയാണ്. കാലം കാത്തുവെച്ച ഈ വിധി വൈപരീത്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നു.
മേയര്‍ കസേര നഷ്ടമായതോടെ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ ജീവിതം അനിശ്ചിതത്വത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനുള്ള സാധ്യതകള്‍ മങ്ങുകയും, ഭര്‍ത്താവ് സച്ചിന്‍ ദേവിന്റെ തട്ടകമായ കോഴിക്കോട്ടേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വം തള്ളുകയും ചെയ്തതോടെ ആര്യ ഇന്ന് പഴയ തിരക്കുകളില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍, മറുവശത്ത് യദുവിന്റെ ജീവിതം പട്ടിണിയുടെയും അതിജീവനത്തിന്റെയും കഠിനപാതയിലാണ്.
ആര്യയുമായുള്ള ആ ഒറ്റ രാത്രിയിലെ തര്‍ക്കം യദുവിന്റെ ജീവിതം കട്ടപ്പുറത്താക്കി. കെഎസ്ആര്‍ടിസിയിലെ ജോലി പോയതിനെത്തുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍ സ്വകാര്യ ബസില്‍ കയറിയെങ്കിലും അവിടെയും മോട്ടോര്‍ വാഹന വകുപ്പിനെ ഉപയോഗിച്ച് ‘പണി’ കൊടുത്തതായാണ് ആരോപണം. ഒടുവില്‍ ഗതികെട്ടാണ് യദു സൊമാറ്റോ ഡെലിവറി ബോയ് ആയി മാറിയത്. ഇന്ന് ഭക്ഷണപ്പൊതികളുമായി അദ്ദേഹം പായുന്നത് മുന്‍ മേയറുടെ വീട് ഉള്‍പ്പെടുന്ന മുടവന്‍മുകള്‍ ഭാഗത്താണ് എന്നത് കൗതുകകരവും ഒപ്പം സങ്കടകരവുമാണ്.
‘ആ മുഖം അബദ്ധത്തില്‍ പോലും കാണരുതേ’ എന്നാണ് ഓരോ തവണ ആ വഴി പോകുമ്പോഴും യദുവിന്റെ പ്രാര്‍ത്ഥന. കണ്ടാല്‍ ഇനിയുമൊരു കള്ളക്കേസ് വരുമോ എന്ന ഭീതി ആ സാധാരണക്കാരന്റെ മനസ്സിലുണ്ട്. കേസുകള്‍ തീരാത്തതിനാല്‍ കെഎസ്ആര്‍ടിസിയില്‍ തിരികെ കയറാനും അദ്ദേഹത്തിന് കഴിയുന്നില്ല. ഭരണകൂട ശക്തിക്ക് മുന്നില്‍ തകര്‍ന്നുപോയെങ്കിലും, അന്തസ്സായി അധ്വാനിച്ച് ജീവിക്കാന്‍ തെരുവിലിറങ്ങിയ യദുവിന്റെ പോരാട്ടം നീതി നിഷേധിക്കപ്പെടുന്ന ഏതൊരു സാധാരണക്കാരന്റെയും പ്രതിനിധാനമാണ്.



