‘കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. മരണത്തിന് തൊട്ടുമുമ്പ് റോയി സംസാരിച്ചവരില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, ആദായനികുതി വകുപ്പിന്റെ പീഡനമാണ് മരണകാരണമെന്ന ആരോപണങ്ങളില്‍ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ നോക്കാം…’
‘സി.ജെ. റോയിയുടെ വിയോഗത്തില്‍ ദുരൂഹതകള്‍ നീക്കാന്‍ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കൊച്ചി കേന്ദ്രീകരിച്ച് തെളിവെടുപ്പ് ഊര്‍ജ്ജിതമാക്കി. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ റോയി ദീര്‍ഘനേരം സംസാരിച്ച മൂന്ന് അടുത്ത സുഹൃത്തുക്കളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ബിസിനസ് ബന്ധങ്ങള്‍ക്കപ്പുറം റോയിയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നവരാണിവര്‍. ഇതില്‍ മലയാളത്തിലെ ഒരു മുന്‍നിര നടനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു മൊഴിയെടുപ്പ്.’
‘മരണത്തിന് പിന്നില്‍ ആദായനികുതി വകുപ്പിന്റെ സമ്മര്‍ദ്ദമാണെന്ന പ്രചാരണങ്ങള്‍ക്ക് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് എസ്.ഐ.ടി അറിയിച്ചു. റോയ് ജീവനൊടുക്കിയ ദിവസം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല. ഡിജിറ്റല്‍ തെളിവുകളോ മൊഴികളോ ഐ.ടി പീഡനത്തെ ശരിവെക്കുന്നില്ല. ബിസിനസ് രംഗത്തെ കടുത്ത സാമ്പത്തിക-മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോയ് നേരത്തെ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.’
‘രാജകീയമായ ജീവിതശൈലിയായിരുന്നു റോയിയുടേത്. കഴിഞ്ഞ 15 വര്‍ഷമായി ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ റോയല്‍ സ്യൂട്ടിലായിരുന്നു താമസം. ദുബായില്‍ മാത്രം 150 കോടിയോളം രൂപയുടെ കാറുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണം ശക്തമായതോടെ സാമ്പത്തിക സ്രോതസ്സുകള്‍ അടഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതും നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതും അദ്ദേഹത്തെ കടുത്ത വിഷാദത്തിലാഴ്ത്തി. തന്റെ ആഡംബര ജീവിതം തകരുമെന്ന തിരിച്ചറിവ് അദ്ദേഹത്തെ തളര്‍ത്തിയതായാണ് വിവരം.’
‘അതേസമയം, റോയിയുടെ മരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി സി.എ. ജോസഫ് വ്യക്തമാക്കി. എല്ലാ പ്രോജക്റ്റുകളും സുരക്ഷിതമാണ്. റോയിയുടെ വ്യക്തിപരമായ കാരണങ്ങളാണ് ഈ കടുംകൈയ്ക്ക് പിന്നിലെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ഇപ്പോള്‍ സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്.’ ‘സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മര്‍ദ്ദവും റോയിയെ തളര്‍ത്തിയെന്ന നിഗമനത്തിലാണ് പോലീസ്. വരും ദിവസങ്ങളില്‍ കൂടുതല്‍ മൊഴികളെടുക്കുന്നതോടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. സിജെ റോയിയുടേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും അന്വേഷണ സംഘം ഉറപ്പിച്ചു കഴിഞ്ഞു.



