അവന്‍ സൈക്കോയാകും; വി.വി. രാജേഷിനെ വെട്ടാന്‍ നോക്കിയവര്‍ക്ക് മോദിയുടെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; തിരുവനന്തപുരത്തെ കൗണ്‍സിലര്‍മാര്‍ക്ക് ഡല്‍ഹിയില്‍ രാജകീയ വിരുന്ന്

ബിജെപിയിലെ ഗ്രൂപ്പ് പോരുകളും അണിയറ നീക്കങ്ങളും പാളി; വി.വി. രാജേഷിനെ തളയ്ക്കാന്‍ നോക്കിയവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുരപ്രതികാരം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രവിജയം നേടിയ മേയര്‍ വി.വി. രാജേഷിനെയും 50 കൗണ്‍സിലര്‍മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് വിരുന്നൊരുക്കുന്നതിന് പിന്നില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തെ പോലും ഞെട്ടിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളാണുള്ളത്. മേയറെ അപമാനിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നീക്കം നടത്തിയ ‘സൈക്കോ’ എന്ന് വിളിപ്പേരുള്ള സംസ്ഥാന നേതാവിനുള്ള കടുത്ത മറുപടിയായാണ് ഈ ഡല്‍ഹി യാത്രയെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.

കഴിഞ്ഞ തവണ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മേയര്‍ വി.വി. രാജേഷ് സ്വീകരിക്കാന്‍ എത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ബിജെപി മേയര്‍ നരേന്ദ്ര മോദിയെ സ്വീകരിക്കുന്നത് ചരിത്രമാകുമായിരുന്നുവെങ്കിലും, രാജേഷിനോടുള്ള വ്യക്തിപരമായ പക തീര്‍ക്കാന്‍ സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവ് അത് അട്ടിമറിക്കുകയായിരുന്നു എന്നാണ് വിവരം. ഔദ്യോഗിക നടപടിക്രമങ്ങളില്‍ മേയറെ തഴഞ്ഞത് മോദിയെ നേരിട്ട് അറിയിക്കുന്നതിലും ഈ ‘സൈക്കോ’ നേതാവ് വിജയിച്ചു. എന്നാല്‍, കേരളത്തില്‍ നടന്ന ഈ അട്ടിമറി നാടകം മനസ്സിലാക്കിയ മോദി, രാജേഷിന് അര്‍ഹമായ അംഗീകാരം നല്‍കാന്‍ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.

ഫെബ്രുവരി 9-ന് കേരള എക്സ്പ്രസില്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് വഴിനീളെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയെ ദേശീയ ശ്രദ്ധയാക്കി മാറ്റുന്നതിലൂടെ രാജേഷിനെ വെട്ടിയവര്‍ക്കുള്ള താക്കീതാണ് കേന്ദ്രം നല്‍കുന്നത്. ഫെബ്രുവരി 13-ന് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന അത്താഴവിരുന്നില്‍ തിരുവനന്തപുരം വികസന രേഖയും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.

സംസ്ഥാന നേതൃത്വത്തെ പോലും അമ്പരപ്പിച്ചു കൊണ്ട് പിഎംഒ നേരിട്ട് അയച്ച ഈ ക്ഷണം കേരളത്തിലെ ബിജെപിയില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ്. തന്നെ വെട്ടാന്‍ നോക്കിയവര്‍ക്ക് മുന്നിലൂടെ ഡല്‍ഹിയിലേക്ക് രാജകീയമായി പോകുന്ന രാജേഷും സംഘവും, തദ്ദേശ വിജയത്തെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വജ്രായുധമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top