പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ യുഎഇയിലെ കര്‍ശനമായ പുതിയ സാമ്പത്തിക നിയമങ്ങളാണെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഉഭയകക്ഷി കരാറുകള്‍ കടുപ്പിച്ചത് റോയിയെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. മാസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡുകള്‍ യുഎഇ അധികൃതരുടെ കൂടി ആവശ്യപ്രകാരമാണെന്നാണ് സൂചന. വിദേശത്തുള്ള തന്റെ ആസ്തികള്‍ കണ്ടുകെട്ടപ്പെടുമെന്ന ഭീതിയാകാം മരിക്കാന്‍ ഉറച്ച് ബെംഗളൂരുവിലേക്ക് വരാന്‍ റോയിയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
യുഎഇയില്‍ റോയി നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളുടെ ഉറവിടം തേടി അവിടുത്തെ അധികൃതര്‍ ഇന്ത്യയുടെ സഹായം തേടിയിരുന്നു. 2018-ല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട സാമ്പത്തിക സഹകരണ കരാറിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ഇന്ത്യയിലെ ബിസിനസ് ലാഭമാണ് വിദേശത്ത് നിക്ഷേപിക്കുന്നതെന്ന റോയിയുടെ വാദം തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ നിക്ഷേപങ്ങളില്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ ബിനാമി പണമുണ്ടോ എന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ടായിരുന്നു. 2025-ല്‍ യുഎഇ പാസാക്കിയ പത്താം നമ്പര്‍ ഫെഡറല്‍ ഡിക്രി Anti-Money Laundering Law വഴി നിക്ഷേപങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അധികാരം അവിടുത്തെ ഭരണകൂടം വര്‍ദ്ധിപ്പിച്ചതോടെ റോയി പൂര്‍ണ്ണമായും പ്രതിരോധത്തിലായി എന്നണ് വിലയിരുത്തല്‍.
ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് യുഎഇ അധികൃതര്‍ക്ക് കൈമാറുന്നതോടെ വിദേശത്തുള്ള സമ്പാദ്യമെല്ലാം ‘സീല്‍’ ചെയ്യപ്പെടുമെന്ന് അദ്ദേഹം ഭയന്നിരിക്കാം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ആസ്തികള്‍ ആ രാജ്യത്ത് വെച്ചുതന്നെ റിക്കവറി ചെയ്യാന്‍ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് സാധിക്കും. ഇത്തരം കടുത്ത നിയമനടപടികള്‍ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതാകാം ഒരു കരുത്തനായ സംരംഭകനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. വെറുമൊരു ആദായനികുതി പരിശോധനയ്ക്കപ്പുറം അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക കുരുക്കുകളാണ് റോയിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.



