രംഗണ്ണന്റെ ഭൂമിയും റോയിയുടെ സാമ്രാജ്യവും; ‘ആവേശം’ സിനിമയെ വെല്ലുന്ന വളര്‍ച്ചാ കഥ

‘ആവേശം’ സിനിമയിലെ അമ്പാന്‍ പറയുന്ന ഒരു ഹിറ്റ് ഡയലോഗുണ്ട്- ‘രംഗണ്ണന്‍ പണ്ട് കുറച്ച് ഭൂമി വാങ്ങിയിട്ടിരുന്നു, അതിലാണ് ഇന്ന് ബെംഗളൂരു എയര്‍പോര്‍ട്ട് നില്‍ക്കുന്നത്!’ എന്ന്. സിനിമയില്‍ കേട്ട് ആരാധകര്‍ ആവേശം കൊണ്ട ആ വാചകം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയ വ്യക്തിയായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയ്. ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ച പ്രവചിക്കുന്നതില്‍ അസാമാന്യമായ ദീര്‍ഘവീക്ഷണം പുലര്‍ത്തിയ ആ ബിസിനസ് ഇതിഹാസം ഒരു വെടിയൊച്ചയില്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍, വിറങ്ങലിച്ചു നില്‍ക്കുന്നത് ബിസിനസ് ലോകം മാത്രമല്ല; ശതകോടികള്‍ നിക്ഷേപിച്ച കേരളത്തിലെ രാഷ്ട്രീയ-സിനിമാ പ്രമുഖര്‍ കൂടിയാണ്.

ഇലക്ട്രോണിക് സിറ്റിക്കും വൈറ്റ് ഫീല്‍ഡിനും ഇടയിലുള്ള സര്‍ജാപുര്‍ അന്ന് വെറുമൊരു കുഗ്രാമമായിരുന്നു. ആടുകള്‍ മേയുന്ന ആ തരിശുഭൂമിയില്‍ 350 ഏക്കറോളം സ്ഥലമാണ് റോയ് അന്ന് വാങ്ങിക്കൂട്ടിയത്. വെറും 6,000 രൂപയായിരുന്നു അന്ന് ഒരു സെന്റ് ഭൂമിയുടെ വില. റോയിയുടെ ആ നിക്ഷേപം ഇന്നിപ്പോള്‍ ഒരു ബിസിനസ് അത്ഭുതമാണ്; ഇന്ന് അവിടെ ഒരു സെന്റിന് 18 ലക്ഷം രൂപയിലധികമാണ് വിപണി വില. നഗരം എങ്ങോട്ട് വളരുമെന്ന് തിരിച്ചറിഞ്ഞ ആ ദീര്‍ഘവീക്ഷണമാണ് അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒരാളാക്കിയത്. എച്ച്പിയിലെ പ്ലാനിങ് മാനേജര്‍ ജോലി ഉപേക്ഷിച്ച്, 2005-ല്‍ 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവുമായി തുടങ്ങിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ റിയല്‍ എസ്റ്റേറ്റ് വിപ്ലവമായി മാറി.

ബാങ്ക് വായ്പകള്‍ പരമാവധി ഒഴിവാക്കി ബിസിനസ് ചെയ്യുക എന്നതായിരുന്നു റോയിയുടെ രീതി. ഇതിനായി സുഹൃത്തുക്കളായ പല പ്രമുഖരുടെയും നിക്ഷേപങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ഇത്തരത്തില്‍ ശതകോടികള്‍ റോയിയുടെ പക്കല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഈ ഇടപാടുകളെക്കുറിച്ച് റോയിയുടെ കുടുംബാംഗങ്ങള്‍ക്ക് പോലും വ്യക്തമായ അറിവില്ലാത്തത് നിക്ഷേപകരെ കടുത്ത അങ്കലാപ്പിലാക്കുന്നു. രേഖകളില്ലാത്ത വലിയ തുകകള്‍ റോയിയുടെ കൈകളില്‍ എത്തിയതിനാല്‍, പണം നഷ്ടപ്പെട്ടാലും പരാതിയുമായി പുറത്തുവരാന്‍ കഴിയാത്ത ഗതികേടിലാണ് പല പ്രമുഖരും. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളില്‍ പല നിര്‍ണ്ണായക വിവരങ്ങളും ഉണ്ടെന്നാണ് സൂചന.

സി.ജെ. റോയിയുടെ മരണത്തോടെ അനാഥമാകുന്നത് ശതകോടികളുടെ നിക്ഷേപങ്ങളാണ്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളില്‍ ഉള്ളതിനേക്കാള്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ റോയിയിലൂടെ നടന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. ഈ പണം തിരികെ ലഭിക്കില്ലെന്ന ഭയം കേരളത്തിലെ പല ഉന്നതരെയും ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top