തൃശൂരിന്റെ ‘കോണ്‍ഫിഡന്റ്’ മുഖം; അമ്മയുടെ മകന്‍! ലാലിന്റെ കൂട്ടുകാരന്‍

ജനിച്ചതും വളര്‍ന്നതും ബംഗളൂരുവിലായിരുന്നെങ്കിലും ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍ തന്റെ വേരുകളായ തൃശൂരിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ വ്യക്തിയായിരുന്നു ഡോ. സി.ജെ. റോയ്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ പത്തോളം പടുകൂറ്റന്‍ അപ്പാര്‍ട്ട്മെന്റുകളാണ് അദ്ദേഹം തൃശൂരിന്റെ ആകാശത്ത് കെട്ടിപ്പൊക്കിയത്. മോഹന്‍ലാല്‍ അടക്കമുള്ള സുഹൃത്തുക്കള്‍.

അപ്പോഴും അമ്മയായിരുന്നു എല്ലാം. ചാവക്കാട് താലൂക്കിലെ പാലുവായില്‍ ചിരിയങ്കണ്ടത്ത് ജോസഫിന്റെയും ത്രേസ്യയുടെയും മകനായ റോയിയുടെ ബിസിനസ് യാത്ര തുടങ്ങുന്നത് അമ്മയില്‍ നിന്നാണ്. ചെറിയ പ്ലോട്ടുകള്‍ വാങ്ങി വീടുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന അമ്മയുടെ രീതിയില്‍ നിന്നാണ് റോയ് നിര്‍മ്മാണ മേഖലയുടെ ലാഭസാധ്യതകള്‍ തിരിച്ചറിഞ്ഞത്. പിന്നീട് അതിവേഗത്തിലായിരുന്നു ആഗോള കോടീശ്വരന്മാരുടെ പട്ടികയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച.

2005-ല്‍ വെറും ഏഴുപേരുമായി 100 കോടി രൂപയുടെ നിക്ഷേപത്തില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, വിദ്യാഭ്യാസം, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് തുടങ്ങിയ മേഖലകളില്‍ സജീവമാണ്. ‘സീറോ ഡെബിറ്റ്’ (കടമില്ലാത്ത അവസ്ഥ) എന്നതായിരുന്നു റോയിയുടെ ബിസിനസ് പോളിസി. 20 വര്‍ഷത്തിനിടെ 210-ലേറെ പ്രോജക്റ്റുകളിലായി 23,000-ത്തിലധികം കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

തൃശൂരിനെ ‘ദൈവത്തിനു സമര്‍പ്പിച്ചിരിക്കുന്ന പറുദീസ’ എന്ന് വിശേഷിപ്പിച്ച റോയ്, നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങളെ എപ്പോഴും പുകഴ്ത്തിയിരുന്നു. ആഗോളതലത്തില്‍ ബിസിനസ് വളര്‍ത്തുമ്പോഴും സ്വന്തം നാടിന്റെ വികസനത്തിന് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരുന്നു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top