തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ പേര് പോലെ തന്നെ ആത്മവിശ്വാസത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു സി.ജെ. റോയ്. പ്രതികൂല സാഹചര്യങ്ങളെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട് വിജയഗാഥകള്‍ രചിച്ച ആ ജീവിതത്തിന് പക്ഷേ, കാലം കരുതിവെച്ചത് തികച്ചും വൈരുദ്ധ്യമായ ഒരു അന്ത്യമായിരുന്നു.
ബെംഗളൂരുവിലെ സ്വന്തം ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ, അദ്ദേഹം സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ബിസിനസ്സ് ലോകം കേട്ടത്. തൃശ്ശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ റോയിയുടെ വളര്‍ച്ച അവിശ്വസനീയമായിരുന്നു. ബെംഗളൂരുവില്‍ ജനിച്ച് വളര്‍ന്ന്, ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം, ഹ്യൂലറ്റ് പാക്കാര്‍ഡ് പോലുള്ള ആഗോള ഭീമന് കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ചാണ് സ്വന്തം സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയത്. 1997-ല്‍ ബിസിനസ്സ് രംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം, 2006-ല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപിച്ചതോടെയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇതിഹാസമായി മാറിയത്.
യാദൃച്ഛികതകളേക്കാള് കൃത്യമായ ആസൂത്രണത്തിലായിരുന്നു റോയ് വിശ്വസിച്ചിരുന്നത്. ‘ഒരു ബിസിനസ്സും ഒറ്റരാത്രികൊണ്ട് ബില്യണ്‍ ഡോളര്‍ കമ്പനിയാകില്ല’ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ അദ്ദേഹം, റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലേക്ക് ‘ജസ്റ്റ് ഇന്‍ ടൈം’ പോലുള്ള നൂതന ആശയങ്ങളും അത്യാധുനിക സോഫ്റ്റ്വെയറുകളും കൊണ്ടുവന്നു. സാമ്പത്തിക മാന്ദ്യങ്ങളെ അതിജീവിക്കാന്‍ തക്കവണ്ണം കരുത്തുറ്റ രീതിയിലാണ് അദ്ദേഹം തന്റെ ഓരോ പ്രോജക്റ്റുകളും ഡിസൈന്‍ ചെയ്തത്. 43 ദശലക്ഷം ചതുരശ്ര അടിയില്‍ പടര്‍ന്നുകിടക്കുന്ന 165-ലധികം പ്രോജക്റ്റുകളും പതിനയ്യായിരത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളും അദ്ദേഹത്തിന്റെ വിജയത്തിന് അടിവരയിടുന്നു.
റിയല്‍ എസ്റ്റേറ്റിനപ്പുറം ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, ഗോള്‍ഫ് തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു. ബിഗ് ബോസ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ ജനപ്രിയ ഷോകള്‍ സ്പോണ്സര് ചെയ്തതിലൂടെ മലയാളി വീടുകളിലും റോയ് സുപരിചിതനായി. ബിസിനസ്സിനൊപ്പം കാരുണ്യത്തിന്റെ മുഖവും അദ്ദേഹം കാത്തുസൂക്ഷിച്ചു. പ്രളയബാധിതര്‍ക്കായി നൂറു വീടുകള്‍ നിര്മ്മിച്ചുനല്കിയും പാവപ്പെട്ടവരുടെ ഹൃദയശസ്ത്രക്രിയകള്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചും അദ്ദേഹം മാതൃകയായി. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അടക്കമുള്ള സിനിമകളില്‍ സഹ നിര്‍മ്മതാവായി.
എല്ലാം അനുകൂലമാക്കി മാറ്റുന്നതില്‍ വൈദഗ്ധ്യം കാട്ടിയിരുന്ന റോയിയെ തളര്‍ത്തിയത് ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ റെയ്ഡുകളാണെന്ന് കുടുംബം ആരോപിക്കുന്നു. മൂന്ന് ദിവസമായി നീണ്ടുനിന്ന പരിശോധനകള്‍ക്കൊടുവില്‍ ആത്മവിശ്വാസത്തിന്റെ ആ ചാണക്യന് എന്തിന് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തു എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.



