കുതികാല്‍വെട്ടലിന്റെയും ചാണക്യ തന്ത്രങ്ങളുടെയും ഈറ്റില്ലമായ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായിരുന്നു വിടവാങ്ങിയ അജിത് പവാര്‍. അതിനിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തിന് പുതിയ മാനം നല്‍കുകയാണ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും മമതാ ആവശ്യപ്പെട്ടു.
‘അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹയാത്രികരും ബാരാമതിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വിമാനദുരന്തത്തില്‍ മരിച്ചു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരന് ശരദ് പവാറിനെയും അജിത്തിന്റെ മുഴുവന്‍ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം’.- മമത എക്സിലെ കുറിപ്പില്‍ പറഞ്ഞു. ഇത് അട്ടിമറി സൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇന്ന് രാവിലെ വിമാനദുരന്തത്തിലാണ് അജിത് പവാര്‍ ഉള്‍പ്പടെയുള്ളവര്‍ മരിച്ചത്. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബരാമതിയില്‍ 1959 ജൂലൈ 22നാണ് അജിത് പവാറിന്റെ ജനനം. എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും അജിത് പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ പൂനയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡ് അംഗമായി പൊതുജീവിതം ആരംഭിച്ച അജിത് പവാര്‍, 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി. 2010ലെ അശോക് ചവാന് മന്ത്രിസഭയിലാണ് ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പ്രിഥിരാജ് ചവാന്, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിന്‍ഡേ മന്ത്രിസഭകളില്‍ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
2019ല്‍ മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ല്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022ല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബിജെപിയോട് അടുത്തു. എന്‍സിപിയെ പിളര്‍ത്തി. അങ്ങനെ എന്‍ഡിഎയുടെ ഭാഗമായി മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ കരുത്തനായി തുടര്‍ന്നു. ഇതിനിടെയാണ് അപകടം.


