ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസ് വെറും പുകയാകുകയാണോ? കോടികളുടെ അഴിമതി നടന്നു എന്ന് ആരോപിക്കപ്പെട്ട കേസില്‍ പ്രതികള്‍ ഓരോരുത്തരായി പുറത്തിറങ്ങുന്നു. പോലീസ് കുറ്റപത്രം വൈകിപ്പിക്കുന്നത് ആര്‍ക്കുവേണ്ടി? കൃത്യമായ പ്ലാനിങ്ങോടെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കുകയാണോ അന്വേഷണ സംഘം? പരിശോധിക്കാം.
അസുഖത്തിന്റെ പേരില്‍ ഇത്രനാള്‍ മാറിനിന്ന കെ.പി ശങ്കരദാസിനെ ഒടുവില്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്നാണ് അദ്ദേഹത്തെ ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയത്. ശബരിമലയില്‍ എന്തുവന്നാലും യുവതികളെ കയറ്റുമെന്ന് വാദിച്ച ശങ്കരദാസ്, സ്വര്‍ണ്ണക്കൊള്ളക്കേസിലെ പതിനൊന്നാം പ്രതിയാണ്. ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനം വന്നതോടെയാണ് പ്രത്യേക അന്വേഷണ സംഘം ശങ്കരദാസിനെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്.
പക്ഷേ, ഈ അറസ്റ്റുകള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? കേസിലെ പ്രതിയായ മുരാരി ബാബുവിന് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. കാരണം മറ്റൊന്നുമല്ല, അദ്ദേഹം അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല! നിയമത്തിലെ ഈ പഴുത് ഉപയോഗിച്ച് പ്രതികള്‍ ഓരോരുത്തരായി പുറത്തിറങ്ങാന്‍ പോവുകയാണ്. പത്മകുമാറിനും വൈകാതെ ഇതേ രീതിയില്‍ ജാമ്യം കിട്ടും.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു കേസില്‍ ജാമ്യം കിട്ടിക്കഴിഞ്ഞു. തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് കാലാവധി നീട്ടിയെങ്കിലും ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും കോടതിയിലെത്തും. എന്നാല്‍ പോലീസിന്റെ ഈ മെല്ലെപ്പോക്കിനിടയില്‍ പ്രതികള്‍ക്ക് പേടിസ്വപ്നമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വരുന്നുണ്ട്. സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ ഇടപാടുകള്‍ ഇ.ഡി അന്വേഷിച്ചാല്‍, ഇപ്പോള്‍ കിട്ടുന്ന ഈ ജാമ്യം വെറും വെള്ളത്തില്‍ വരച്ച വരയാകും. അല്ലാത്ത പക്ഷം പുറത്തിറങ്ങുന്നവര്‍ ന്യായങ്ങളുമായി എത്തും. അങ്ങനെ അവര്‍ മാന്യന്മാരുമാകും.
ശബരിമലയുടെ സ്വത്ത് കവര്‍ന്നവര്‍ ശിക്ഷിക്കപ്പെടുമോ അതോ പോലീസിന്റെ ഒത്താശയോടെ എല്ലാവരും ഊരിപ്പോകുമോ? സുപ്രീംകോടതി പോലും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഈ കേസില്‍ നീതി നടപ്പിലാകുമോ എന്ന് സംശയം സജീവമാണ്



