തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ വീണ്ടും സജീവമാകുന്നത് ഹൈക്കമാന്‍ഡിന്റെ വ്യക്തമായ പിന്തുണയോടെയാണ്. പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് തരൂരിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യ പ്രചാരകരിലൊരാളായി മുന്നോട്ട് കൊണ്ടുവരുന്നത്. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാല്‍ നിയമസഭാ മത്സരത്തിനും തരൂര്‍ തയ്യാറാണെന്ന സൂചനയും കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വിശ്വാസക്ഷയവും സംഘടനാപരമായ തളര്‍ച്ചയും മറികടക്കാന്‍ ‘ഗ്ലോബല്‍ ഇമേജ്’ ഉള്ള നേതാക്കളെ മുന്നില്‍ നിര്‍ത്തേണ്ടതുണ്ടെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ വിലയിരുത്തല്‍. കേരളത്തില്‍ ആ ചുമതല നിറവേറ്റാന്‍ കഴിയുന്ന നേതാവായി ശശി തരൂരിനെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്. ഇതിന്റെ ഭാഗമായാണ് വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂരിന് പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന കോണ്‍ക്ലേവില്‍ പ്രവര്‍ത്തക സമിതി അംഗമായ തരൂര്‍ പ്രധാന മുഖങ്ങളിലൊരാളാകും.
രാഷ്ട്രീയ പാര്‍ട്ടികളോട് പരമ്പരാഗത ബന്ധമില്ലാത്ത, നഗരമേഖലകളിലെ മധ്യവര്‍ഗ-യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തരൂരിന് കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഇത് യു.ഡി.എഫിന് പ്രത്യേകിച്ച് നഗര കേന്ദ്രങ്ങളില്‍ നേട്ടമാകുമെന്ന പ്രതീക്ഷയും ശക്തമാണ്. വി.ഡി. സതീശനും കെ. സുധാകരനും സംസ്ഥാന തലത്തില്‍ സജീവമായിരിക്കെ, ഭരണവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ‘നാഷണല്‍-ഗ്ലോബല്‍ ഫേസ്’ ഉള്ള തരൂര്‍ സഹായകരനാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് ശക്തമായി എത്തുന്നത് കോണ്‍ഗ്രസ് അകത്തെ ചില മുതിര്‍ന്ന നേതാക്കളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതനായ നേതാവെന്ന നിലയില്‍ തരൂരിന്റെ മുന്നേറ്റം തടയാന്‍ ചില ആഭ്യന്തര ലോബികള്‍ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. നിയമസഭാ മത്സരമുണ്ടായാല്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ മണ്ഡലങ്ങളാണ് സാധ്യതാപട്ടികയില്‍.
ബിജെപി നഗരമേഖലകളില്‍ പിടിമുറുക്കുന്ന സാഹചര്യത്തെക്കുറിച്ച് തരൂര്‍ വീണ്ടും തുറന്നടിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി വിജയത്തെ കുറിച്ച് മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പാര്‍ട്ടിയുടെ സംഘടനാപരമായ പോരായ്മകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കടുത്ത അസന്തോഷമുണ്ടായ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചപ്പോള്‍ ആ വോട്ട് ബിജെപിയിലേക്ക് പോയതാണെന്ന വിലയിരുത്തലും അദ്ദേഹം ആവര്‍ത്തിച്ചു.
‘പാതി ബിജെപിക്കാരന്‍’ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിമര്‍ശനത്തോടും തരൂര്‍ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങള്‍ പുതുമയില്ലെന്നും, താന്‍ എഴുതിയതൊന്നും പൂര്‍ണമായി വായിക്കാതെയാണ് വിമര്‍ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പേ തന്നെ തന്റെ ആശയങ്ങള്‍ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും തുറന്നുവെച്ച വ്യക്തിയാണ് താനെന്നും തരൂര്‍ വ്യക്തമാക്കി.
വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് വയനാട് കോണ്‍ക്ലേവ് ഉള്‍പ്പെടെയുള്ള വേദികളില്‍ തരൂരിന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ശശി തരൂര്‍ മാറുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.



