തിരുവനന്തപുരം: ആന്റണി രാജുവിനെതിരായ കോടതി വിധി തിരുവനന്തപുരത്തെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി മാറ്റുന്നു. തൊണ്ടിമുതല്‍ കൃത്രിമം കേസില്‍ മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചതോടെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി ഗുരുതര പ്രതിസന്ധിയിലായി. വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇനി അദ്ദേഹത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിപിഎം നല്‍കില്ലെന്നതാണ് ഉറച്ച സൂചന.
1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം, രണ്ട് വര്‍ഷത്തില്‍ അധികം തടവുശിക്ഷ ലഭിച്ച ജനപ്രതിനിധിക്ക് ഉടന്‍ അയോഗ്യത ബാധകമാണ്. ഇതോടെ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകുകയും, അടുത്ത ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാത്ത അവസ്ഥയിലാകുകയും ചെയ്യും. നിയമസഭാ സെക്രട്ടേറിയറ്റ് ഉടന്‍ അയോഗ്യത പ്രഖ്യാപിച്ചേക്കും.
അപ്പീല്‍ നല്‍കാനുള്ള നിയമാവകാശം നിലനില്‍ക്കുന്നുവെങ്കിലും, ഹൈക്കോടതി ശിക്ഷ നടപ്പാക്കല്‍ സ്റ്റേ ചെയ്താലും കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ സാധ്യത കുറവാണ്. അങ്ങനെ വന്നാല്‍ രാഷ്ട്രീയ തിരിച്ചുവരവിന് വഴിയടയുമെന്നതാണ് യാഥാര്‍ത്ഥ്യം.
1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കോടതി കണ്ടെത്തല്‍. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, കേസിലെ പ്രധാന തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയതായും, കോടതി ജീവനക്കാരനുമായി ചേര്‍ന്ന് തെളിവ് മാറ്റിയതായും കോടതി വ്യക്തമാക്കി. ഐപിസി 120 ബി, 201, 193, 409, 34 എന്നീ ഗുരുതര വകുപ്പുകളാണ് തെളിഞ്ഞത്.
ആന്റണി രാജു നിയമക്കുരുക്കിലായതോടെ, ജനാധിപത്യ കേരള കോണ്‍ഗ്രസിന് കൈവശമുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിക്കാനും ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍, സീറ്റ് കൈവിടാതിരിക്കാന്‍ സിപിഎം നേരിട്ട് സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.



