”മൃദു ഭാവേ ദൃഢ കൃത്യേ”! കെ. കാര്‍ത്തിക് ഐപിഎസ്; തിരുവനന്തപുരത്തെ കമ്മീഷണറുടെ കഥ

തിരുവനന്തപുരം: കേരളാ പോലീസിന്റെ ചരിത്രത്തില്‍ കര്‍ശനതയും കരുണയും ഒരുപോലെ അടയാളപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ പേര് – കെ. കാര്‍ത്തിക് ഐപിഎസ്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം… എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞ നഗരം. വിഐപി സുരക്ഷ മുതല്‍ ഗുണ്ടാസംഘങ്ങളെയും ലഹരി മാഫിയയെയും അടിച്ചമര്‍ത്തുന്നത് വരെ, ഒരു നിമിഷം പോലും ജാഗ്രത വിട്ടുകൂടാനാകാത്ത ചുമതല. അത്തരം ദൗത്യത്തിന്റെ മുന്‍നിരയിലാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ – കെ. കാര്‍ത്തിക്. സെക്രട്ടേറിയറ്റിന് മുന്നിലും രാജ്ഭവനിലേക്കുള്ള വഴികളിലും ദിവസേന ഉയരുന്ന പ്രതിഷേധങ്ങള്‍… നഗരത്തിന്റെ ക്രമസമാധാനം നിലനിര്‍ത്തുക കമ്മീഷണറുടെ ഏറ്റവും വലിയ ഉത്തരവാദിത്തം.

ലഹരിമാഫിയയും ക്വട്ടേഷന്‍ സംഘങ്ങളും നഗരത്തില്‍ വേരൂന്നാതിരിക്കാനായി കാര്‍ത്തിക് സ്വീകരിച്ച നടപടികള്‍ കേരളം മുഴുവന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. തമിഴ്നാട്ടുകാരനായ കാര്‍ത്തിക് എന്നാല്‍, എല്ലാ അര്‍ത്ഥത്തിലും മലയാളിയുടെ മനസ്സ് കീഴടക്കിയ ഉദ്യോഗസ്ഥന്‍. സൗഹൃദപരമായ സമീപനം – അതേസമയം, നിയമലംഘനങ്ങളോട് ഒരു തര ത്തിലുള്ള ഇളവുമില്ലാത്ത നിലപാട്. കേരള പോലീസിന്റെ ”മൃദു ഭാവേ ദൃഢ കൃത്യേ” എന്ന ദര്‍ശനം ജീവിതത്തിലൂടെ സാക്ഷാത്കരിക്കുന്ന വ്യക്തിത്വം. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ലാറ്റ് കേസുകള്‍, കൊച്ചിയിലെ അനധികൃത നിര്‍മാണങ്ങള്‍, ആലത്തൂരിലെ പട്ടികജാതി-പട്ടികവര്‍ഗ കേസുകള്‍, നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം… പൊതുസമൂഹം ഉറ്റുനോക്കിയ നിരവധി നിര്‍ണായക കേസുകളില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു.

ചെന്നൈയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള തുരുഞ്ചാപുരം എന്ന ചെറിയ ഗ്രാമം… ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച കാര്‍ത്തിക് ആ ഗ്രാമത്തില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടുന്ന ആദ്യ വ്യക്തിയായി. ട്യൂഷന്‍ ക്ലാസുകളില്ല, പ്രത്യേക പരിശീലനങ്ങളില്ല – സ്വയം പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്. വനംവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന പിതാവിന് സര്‍വീസ് സ്ഥിരമായത് വിരമിക്കുന്നതിന് രണ്ട് വര്‍ഷം മാത്രം മുന്‍പ്. കുടുംബത്തിന്റെ അഭിമാനമായി, അനുജന്‍ കെ. പഴനി ഗ്രാമത്തിലെ ആദ്യ ഡോക്ടറുമായി.

എറണാകുളം റൂറല്‍ എസ്പിയായിരിക്കെ, മൂന്നാം നിലയിലെ ഓഫീസിലേക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരെ കണ്ടപ്പോള്‍ കാര്‍ത്തിക് ചെയ്തത് ഓഫീസില്‍ നിന്ന് താഴെയിറങ്ങി നേരിട്ട് പരാതികള്‍ കേള്‍ക്കുകയായിരുന്നു. കോവിഡ് കാലത്ത്, ഹോട്ടലുകള്‍ അടഞ്ഞുകിടന്ന ഒരു രാത്രിയില്‍… തെരുവില്‍ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവരെ കണ്ടപ്പോള്‍ സ്വന്തം ഭക്ഷണം പങ്കുവെച്ചതോടൊപ്പം പിന്നീട് എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഒരുക്കി. 2011 ബാച്ചിലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍. പാലക്കാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി
സര്‍വീസ് ആരംഭിച്ച കാര്‍ത്തിക്, ഇന്ന് കേരളത്തിലെ ഏറ്റവും വിശ്വസിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍. കര്‍ശനതയും മാനുഷികതയും ഒരേ സമയം കൈവശമുള്ള ഈ ഉദ്യോഗസ്ഥനാണ് ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട കെ. കാര്‍ത്തിക് ഐപിഎസ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top