പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ കുടുംബം നീതിതേടി കേരളത്തിലെത്തില്‍. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
നഷ്ടപരിഹാരം ഉറപ്പാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അതുവരെ കേരളത്തില്‍ തുടരുമെന്നും അറിയിച്ചു. മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് രാം നാരായണന് നേരെ ഉണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മര്‍ദനമേല്‍ക്കാത്ത ഒരവയവം പോലും ശരീരത്തിലില്ലെന്നും വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മോഷണക്കുറ്റം ആരോപിച്ച് ഡിസംബര്‍ 18-ന് നടന്ന ആക്രമണത്തിന് ശേഷം നാല് മണിക്കൂറോളം വഴിയില്‍ കിടന്ന രാം നാരായണനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസിന്റെ അന്വേഷണം നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. അഞ്ച് പ്രതികള്‍ അകത്താകുകയും ചെയ്തു.



