തിരുവനന്തപുരം: കെ കരുണാകരന്റെ ദത്തുപുത്രനായിരുന്നു ഒരു കാലത്ത് എംഎ വാഹിദ്. കരുണാകരന് എന്ന ലീഡറുടെ അരുമ ശിഷ്യന്. കെഎസ് യുവിലെ തീപ്പൊരി പിന്നീട് കരുണാകരന്റെ ശത്രുപക്ഷത്തായി. ലീഡറെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തിയ പോരാളി. ഇന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ നിയമസഭാംഗവുമാണ് അഡ്വ. എം. എ. വാഹിദ്.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജകമണ്ഡലത്തെയാണ് അദ്ദേഹം ഏറെക്കാലം പ്രതിനിധീകരിച്ചത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിലും വാഹിദ് മത്സരിക്കാന്‍ തയ്യാര്‍. നെടുമങ്ങാടിനോടാണ് കൂടുതല്‍ താല്‍പ്പര്യം. പഴയ കഴക്കൂട്ടം മണ്ഡലത്തിലെ ചില പ്രദേശങ്ങള്‍ അടക്കം നെടുമങ്ങാട് മണ്ഡലത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ വാഹിദിന് ഈ മേഖല സുപരിചിതം. 2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി 15 വര്‍ഷം അതായത് മൂന്ന് തവണം കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001-ല്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചാണ് അദ്ദേഹം ആദ്യമായി വിജയിച്ചത്.
പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും 2006, 2011 തിരഞ്ഞെടുപ്പുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയും ചെയ്തു. കെ.എസ്.യു (ഗടഡ) വഴിയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയത്. കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്റെ പിന്തുണയിലായിരുന്നു ഇതെല്ലാം. അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റായത് 1988ലാണ്. അതിന് ശേഷം തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലറും പ്രതിപക്ഷ നേതാവും നിലകളിലും പ്രവര്‍ത്തിച്ചു. കണിയാപുരത്താണ് ജനനം. ബി.എസ്സി, എല്‍.എല്‍.ബി ബിരുദധാരിയാണ്.
തൊഴില്‍പരമായി ഒരു അഭിഭാഷകനാണ്. ഇപ്പോള്‍ കെ.പി.സി.സി-യുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായി രാഷ്ട്രീയത്തില്‍ സജീവമാണ്. എം. എ. വാഹിദിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയും ഔദ്യോഗിക യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പരാജയപ്പെടുത്തി അട്ടിമറി വിജയം നേടുകയും ചെയ്തു.
പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിപ്പോയി. കഴക്കൂട്ടം മണ്ഡലത്തില്‍ ടെക്നോപാര്‍ക്കിന്റെ വികസനവുമായി ബന്ധപ്പെട്ട ഘട്ടങ്ങളിലും, കിന്‍ഫ്ര പാര്‍ക്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ നയരൂപീകരണത്തിലും സംഘടന ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഈ കണിയാപുരത്തുകാരന്‍ നെടുമങ്ങാട് കോണ്‍ഗ്രസിനായി മത്സരിക്കാന്‍ എത്തിയാല്‍ പോരാട്ടം തീ പാറും.



