അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യ ട്വന്റി-20 ലോകകിരീടം നിലനിര്‍ത്തി. ക്രിക്കറ്റ് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോര്‍ഡുകള്‍ ഓരോന്നായി വെട്ടിത്തിരുത്തിയ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് നീലപ്പട കിരീടത്തില്‍ മുത്തമിട്ടത്. മലയാളി താരം സഞ്ജു വി. സാംസണ് എന്ന വിശ്വരൂപത്തിന് മുന്നില്‍ കിവീസ് ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായരായി. ബാറ്റിംഗില്‍ സഞ്ജുവും (89) അഭിഷേകും ഇഷാനും ചേര്‍ന്ന് താണ്ഡവമാടിയപ്പോള്‍, ബൗളിംഗില്‍ ബുംറയും അക്ഷറും ചേര്‍ന്ന് കിവീസിന്റെ കഥ കഴിച്ചു.
നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന ഹിമാലയന്‍ സ്കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ആദ്യ നാല് പന്തുകളില്‍ റണ്ണൊന്നുമെടുക്കാതെ സമ്മര്‍ദ്ദത്തിലായ സഞ്ജു, അഞ്ചാം പന്ത് ഗാലറിയില്‍ എത്തിച്ചാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നീട് കണ്ടത് സിക്സറുകളുടെ പെരുമഴയായിരുന്നു. 21 പന്തില്‍ 52 റണ്‍സെടുത്ത അഭിഷേക് ശര്‍മയും 25 പന്തില്‍ 54 റണ്‍സ് നേടിയ ഇഷാന് കിഷനും സഞ്ജുവിന് മികച്ച പിന്തുണ നല്കി. ലോക്കി ഫെര്ഗൂസണ് എറിഞ്ഞ 12-ാം ഓവറില്‍ മാത്രം സഞ്ജു അടിച്ചുകൂട്ടിയത് 24 റണ്‍സാണ്. 46 പന്തില്‍ 8 സിക്സറുകളടക്കം 89 റണ്‍സുമായി സഞ്ജു മടങ്ങുമ്പോള്‍ അഹമ്മദാബാദ് ആവേശക്കടലായി മാറിയിരുന്നു. സെമി ഫൈനലിലും സഞ്ജു ഇതേ സ്കോര്‍ തന്നെയായിരുന്നു നേടിയത് എന്നത് ഈ മലയാളി താരത്തിന്റെ സ്ഥിരത വ്യക്തമാക്കുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 256 റണ്‍സെന്ന അസാധ്യ ലക്ഷ്യത്തിന് മുന്നില്‍ കിവീസ് ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്ന കാഴ്ചയാണ് കണ്ടത്. ഫിന് അലനെ (9) അക്ഷര്‍ പട്ടേലും രചിന് രവീന്ദ്രയെ (1) ജസ്പ്രീത് ബുംറയും പുറത്താക്കി തുടക്കത്തിലേ ഇന്ത്യയ്ക്ക് മേധാവിത്വം നല്കി. പിന്നാലെ ഗ്ലെന്‍ ഫിലിപ്സിനെയും അക്ഷര്‍ മടക്കിയതോടെ കിവീസ് വന്‍ പ്രതിരോധത്തിലായി. പിന്നീട് അവര്‍ക്ക് കരകയറാനായില്ല. നാലു വിക്കറ്റുമായി ബുംറ ബൗളിംഗിലെ ഹീറോയായി.
സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തില്‍ ഇന്ത്യ റെക്കോര്‍ഡ് വിജയത്തോടെ കിരീടം നിലനിര്‍ത്തുമ്പോള്‍ വിഴിഞ്ഞത്തു നിന്നെത്തിയ സഞ്ജു സാംസണ് എന്ന നക്ഷത്രം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ തിളങ്ങി നില്‍ക്കുകയാണ്.



