തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗം വീണ്ടും പിണറായി സര്‍ക്കാരിന് വിനയാകുന്നു. ഇപ്രാവശ്യം മുഖ്യമന്ത്രിയെയാണ് വാഴ്ത്തുപാട്ടുകാര്‍ അബദ്ധത്തില്‍ ചാടിച്ചിരിക്കുന്നത്.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിനിടെ മുഖ്യമന്ത്രി വെള്ളം കുടിക്കാനുപയോഗിച്ച കപ്പിലെ വാചകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘Love you to moon and back’ എന്നായിരുന്നു കപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ ‘Love you to the moon and back’ എന്നതാണ് ഇതിന്റെ ശരിയായ പ്രയോഗം.
നിന്നെ ഞാന്‍ അത്രമേല്‍ സ്നേഹിക്കുന്നു എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. എന്നാല്‍ കപ്പിലെ വാചകം പുറത്തുവന്നതോടെ മറ്റൊരു ന്യായീകരണവുമായി സി പി എം സൈബര്‍ അണികള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ യുവതിക്കുള്ള ഐക്യദാര്‍ഢ്യമാണ് മുഖ്യമന്ത്രി ഈ കപ്പിലൂടെ പ്രകടിപ്പിച്ചത് എന്നായിരുന്നു സൈബര്‍ പ്രചാരണം.
എന്നാല്‍ വാചകത്തിലെ വ്യാകരണ പിശക് പിടിക്കപ്പെട്ടതോടെ സൈബര്‍ പോരാളികള്‍ക്ക് നേരെ ട്രോളുകളുടെ പെരുമഴയാണ്. നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും സമാനമായ രീതിയില്‍ തെറ്റായ ഇംഗ്ലീഷ് പ്രയോഗം നടത്തി പുലിവാല് പിടിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ മുഖ്യമന്ത്രിയുടെ കപ്പും വാര്‍ത്തകളില്‍ നിറയുന്നത്.



