തിരുവനന്തപുരം: ‘ആഡംബരവും ഒരു തരം അഴിമതിയാണ്… ഇത്തരം സംഭവങ്ങള്‍ വിജിലന്‍സ് ഗൗരവത്തോടെ കാണണം. സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നവരെ മുഴുവന്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടണം. മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ കൊള്ളയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണം…’ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതുമേഖലാ സ്ഥാപനമായ എല്‍.ബി.എസ് (ലാല്‍ ബഹദൂര്‍ ശാസ്ത്രി സയന്‍സ് ആന്‍ഡ് ടെക്നോളജി) സെന്ററില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പുതിയ ആഡംബര കാര്‍ വാങ്ങാനുള്ള നീക്കത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്ന ശക്തമായ പ്രതികരണമാണിത്.
സംസ്ഥാനത്തെ ഭരണനേതൃത്വവും വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടാല്‍ മാത്രമേ കേരളം രക്ഷപ്പെടൂ എന്ന വികാരമാണ് ഇപ്പോള്‍ ശക്തമാകുന്നത്.
ചെലവുചുരുക്കലിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രിക്ക് പോലും പഴയ കാര്‍ മതിയെന്ന് തീരുമാനമുള്ളപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കായി പുത്തന്‍ ആഡംബര കാറുകള്‍ വാങ്ങാന്‍ കോപ്പുകൂട്ടുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക്കല്‍ കാറുകള്‍ വാങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയരുമ്പോള്‍, അഴിമതിരഹിത ഉദ്യോഗസ്ഥനെന്ന് പേരെടുത്ത എല്‍.ബി.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ബി. അശോക് നേരിട്ട് ഇടപെട്ട് ഈ തെറ്റ് തിരുത്തണമെന്നാണ് പൊതുവികാരം. ഈ ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് എല്‍.ബി.എസിലെ വിവാദ നീക്കങ്ങളുടെ വാര്‍ത്ത പുറത്തുവരുന്നത്.
ശമ്പളമില്ല, ഗ്രാറ്റുവിറ്റി ഗഡുക്കളായി; എല്‍.ബി.എസില്‍ 35 ലക്ഷത്തിന്റെ ആഡംബരക്കാറിനായി നീക്കം
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി പൊതുമേഖലാ സ്ഥാപനമായ എല്‍.ബി.എസ് സെന്ററില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാര്‍ വാങ്ങാന്‍ നീക്കം. സ്വന്തം ഫണ്ടില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്ന, വിരമിച്ചവരുടെ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഗഡുക്കളായി മാത്രം നല്‍കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സ്ഥാപനത്തിലെ ഈ ധൂര്‍ത്ത്.
വരുന്ന ജൂലൈ 26-ന് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന എല്‍.ബി.എസിലാണ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാവുന്ന ഈ നീക്കം നടക്കുന്നത്. കഴിഞ്ഞ ജൂണ്‍ 18-ന് ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ തത്വത്തില്‍ തീരുമാനമെടുത്തത്. ഉന്നതവിദ്യാഭ്യാസ പ്രന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് അധ്യക്ഷനായ സമിതിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
ആവശ്യത്തിന് വാഹനങ്ങള്‍, എങ്കിലും മോഹം പുത്തന്‍ ആഡംബര വണ്ടിക്ക്
നിലവില്‍ എല്‍.ബി.എസിന് ആവശ്യത്തിന് വാഹനങ്ങള്‍ സ്വന്തമായുണ്ട്. കഴിഞ്ഞവര്‍ഷം വാങ്ങിയ ടൊയോട്ട ഹൈറൈഡര്‍, രണ്ട് ഇന്നോവകള്‍, ബൊലേറോ, വാഗണ്‍-ആര്‍ എന്നിങ്ങനെ മികച്ച രീതിയില്‍ ഓടുന്ന വാഹനങ്ങള്‍ നിലവിലുണ്ടായിരിക്കെയാണ് പുതിയ ആഡംബര ഇലക്ട്രിക് കാര്‍ വാങ്ങാനുള്ള നീക്കം. കാലാവധി കഴിഞ്ഞ രണ്ട് പഴയ വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനൊപ്പം, പുതിയൊരു ഇ-വാഹനം വാങ്ങാനും മറ്റൊരെണ്ണം വാടകയ്ക്കെടുക്കാനുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും വിലവരുന്ന വണ്ടി വാങ്ങാനാണ് അണിയറയില്‍ നീക്കങ്ങള്‍ സജീവമാകുന്നത്. ഇതിനായി ഉന്നതതലത്തിലുള്ള ചിലര്‍ പ്രത്യേക താല്പര്യമെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനം വാങ്ങാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
തീരുമാനത്തിന് പിന്നില്‍ ദുരൂഹത?
നല്ല നിലയില്‍ ഓടുന്ന വാഹനങ്ങള്‍ സ്വന്തമായി ഉള്ളപ്പോഴും, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും, ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബരക്കാറില്‍ മാത്രമേ സഞ്ചരിക്കൂ എന്ന ചില ഉദ്യോഗസ്ഥരുടെ പിടിവാശി എല്‍.ബി.എസിനെ കൂടുതല്‍ വിവാദങ്ങളിലേക്ക് തള്ളിവിടുമെന്ന് ഉറപ്പാണ്.
ആര്‍ക്കുവേണ്ടി ഈ ധൂര്‍ത്ത്?
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഗവേണിംഗ് ബോഡി ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വൈസ് ചെയര്‍മാനുമായ എല്‍.ബി.എസില്‍, സര്‍ക്കാരിനെപ്പോലും തെറ്റിദ്ധരിപ്പിച്ചാണോ ഇത്തരമൊരു തീരുമാനം എടുത്തത് എന്നതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം. ഭരണം നിയന്ത്രിക്കാന്‍ പുതുതായി സ്ഥാനമേറ്റ ഒരു ഓഫീസറുടെ നേതൃത്വത്തിലാണ് ഈ വഴിവിട്ട നീക്കങ്ങളെന്ന ശക്തമായ അടക്കംപറച്ചിലുകള്‍ സ്ഥാപനത്തിനുള്ളില്‍ തന്നെ ഉയരുന്നുണ്ട്.
കഴിഞ്ഞദിവസം ഒരു ആഡംബര വാഹനം ഡെമോയ്ക്കായി എല്‍.ബി.എസ് ആസ്ഥാനത്ത് എത്തിക്കുകയും ഉദ്യോഗസ്ഥര്‍ ടെസ്റ്റ് ഡ്രൈവ് നടത്തി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, വിവാദ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ എല്‍.ബി.എസ് ഡയറക്ടര്‍ തയ്യാറായിട്ടില്ല.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ, സ്ഥാപനത്തിലെ ഈ സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂര്‍ത്തും വലിയ ചര്‍ച്ചകള്‍ക്കും വരുംദിവസങ്ങളില്‍ കടുത്ത ഭരണതല നടപടികള്‍ക്കും വഴിവെക്കുമെന്ന് ഉറപ്പാണ്.



