പിണറായിയുടെ പിഎസും പിഎയും രാജിവച്ചു; പൊളിട്ടിക്കല്‍ സെക്രട്ടറിയും ഒഴിഞ്ഞു; കാരണമെന്ത്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ കരുത്തരായ വിശ്വസ്തര്‍ കൂട്ടത്തോടെ പടിയിറങ്ങുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. രാഷ്ട്രീയ സെക്രട്ടറിയായ പി. ശശിയും പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാറും രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ‘നിഴല്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം. സുനിഷും സ്ഥാനമൊഴിഞ്ഞതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

രാഷ്ട്രീയക്കാരായ ശശിക്കും പ്രദീപ് കുമാറിനും തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലകള്‍ ഏറ്റെടുക്കുന്നതിനായി ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞേ തീരൂ എന്ന നിയമപരമായ കാരണമുണ്ടെങ്കില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുനിഷിന്റെ പെട്ടെന്നുള്ള പിന്മാറ്റം അസ്വാഭാവികമായാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ ബേപ്പൂരിലെ വിജയമുറപ്പിക്കാന്‍ പ്രദീപ് കുമാറും, ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ പോരാട്ടം നയിക്കാന്‍ പി. ശശിയും സജീവമാകുമെന്നുറപ്പാണ്.

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നതിനാലാണ് ഇരുവരും മാര്‍ച്ച് 17-ന് തന്നെ രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കം ഏകോപിപ്പിച്ചത് ശശിയാണ്. പ്രചരണം ശക്തമായ നിലയില്‍ ശശിയാണ് നടത്തുന്നതും. കോഴിക്കോട്ടെ പ്രധാനിയാണ് പ്രദീപ് കുമാര്‍. അതുകൊണ്ട് തന്നെ ബേപ്പൂരിലെ സംഘടനയെ ചലിപ്പിക്കാനുള്ള ചുമതല പ്രദീപ് കുമാറിനായിരിക്കും.

എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കുചേരാന്‍ അനുവാദമില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരനായ പിഎ സുനീഷ് എന്തിനാണ് കാലാവധി തീരും മുന്‍പേ പടിയിറങ്ങിയതെന്ന ചോദ്യം ബാക്കിയാവുന്നു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, പുതിയ സര്‍ക്കാര്‍ വരുന്നതിന് മുന്‍പേ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനുള്ള നീക്കമാണോ ഇതെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലും നിര്‍ണ്ണായക യോഗങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്ന വിശ്വസ്തന്റെ ഈ അപ്രതീക്ഷിത ഒഴിവാകല്‍ ഇടത് കേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെല്ലാം എന്നാണ് വിലയിരുത്തല്‍.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top