ന്യൂഡല്‍ഹി: അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ തകര്‍ന്ന ഇറാന്റെ യുദ്ധക്കപ്പല്‍ ‘ഐറിസ് ദേന’യ്ക്ക് രക്ഷകനായി അതിവേഗം പാഞ്ഞെത്തി ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ കിഴക്കന്‍ തീരമായ വിശാഖപട്ടണത്ത് നിന്നും യാത്രതിരിച്ച ഉടനെയാണ് ശ്രീലങ്കന്‍ തീരത്തുവെച്ച് ഇറാന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടത്. തങ്ങളുടെ തീരംവിട്ടുപോയ ഒരു കപ്പലിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍, വന്‍ശക്തിയായ അമേരിക്കയുടെ ഇടപെടലാണെങ്കില്‍ കൂടി നോക്കിനില്‍ക്കാന്‍ ഇന്ത്യ തയ്യാറായില്ല. അങ്ങേയറ്റത്തെ ഗൗരവത്തോടെയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്.
വിശാഖപട്ടണത്ത് നിന്നും പോയ കപ്പല്‍ അപകടത്തില്‍പ്പെട്ടപ്പോള്‍, അമേരിക്കന്‍ സമ്മര്‍ദ്ദം ഭയന്ന് ഇന്ത്യ മാറിനില്‍ക്കുമെന്ന് കരുതിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ അടിയന്തര ഇടപെടല്‍. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഒരിക്കലും ചതിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നാവികസേനയുടെ ഈ സമഗ്രമായ രക്ഷാദൗത്യം നല്‍കുന്നത്.
മാര്‍ച്ച് നാലിന് പുലര്‍ച്ചെയാണ് അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തില്‍ ഐറിസ് ദേന തകരുന്നത്. കൊളംബോയിലെ മാരിടൈം റെസ്‌ക്യു കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്ന് അപായസൂചന ലഭിച്ചയുടനെ ഇന്ത്യന്‍ നാവികസേന ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ശ്രീലങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരച്ചിലിന് കരുത്തേകാന്‍ മാര്‍ച്ച് നാലിന് തന്നെ ഇന്ത്യയുടെ ഒരു ദീര്‍ഘദൂര മാരിടൈം പട്രോളിങ് വിമാനം പ്രദേശത്തെത്തി. ആവശ്യമെങ്കില്‍ വേഗത്തില്‍ വിന്യസിക്കുന്നതിനായി എയര്‍ ഡ്രോപ്പബിള്‍ ലൈഫ് റാഫ്റ്റുകള്‍ (വിമാനത്തില്‍ നിന്ന് താഴേക്കിടാവുന്ന ജീവന്‍ രക്ഷാ ബോട്ടുകള്‍) ഘടിപ്പിച്ച രണ്ടാമതൊരു വിമാനവും നാവികസേന സര്‍വ്വ സജ്ജമാക്കി നിര്‍ത്തിയിരുന്നു.
കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലന കപ്പലായ ഐഎന്‍എസ് തരംഗിണിയെ അടിയന്തരമായി വിവരമറിയിക്കുകയും, കപ്പല്‍ അപകടസ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചിയില്‍നിന്ന് ഐഎന്‍എസ് ഇക്ഷക് എന്ന സര്‍വേ കപ്പലും പുറപ്പെട്ടു. ശ്രീലങ്കന്‍ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ നേവി സംയുക്തമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തകര്‍ന്ന കപ്പലിലെ കാണാതായ ജീവനക്കാര്‍ക്കുവേണ്ടിയുള്ള ഊര്‍ജ്ജിതമായ തിരച്ചില്‍ പ്രദേശത്ത് ഇപ്പോഴും തുടരുകയാണെന്ന് നാവികസേന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും, മാനുഷികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി ഇന്ത്യ നടത്തിയ ഈ ഇടപെടല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്.



