അലുവ അതുല്‍ വധത്തിന് ക്രൗഡ് ഫണ്ടിങ്ങ്; പിന്നില്‍ നിരോധിത സംഘടനകളോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കേരളത്തെ നടുക്കിയ ഗുണ്ടാ നേതാവ് ആലുവ അതുലിന്റെ കൊലപാതകത്തിന് പിന്നില്‍ സമാനതകളില്ലാത്ത ഗൂഢാലോചനയെന്ന് പുതിയ വെളിപ്പെടുത്തലുകള്‍. കൊലപാതകത്തിനുള്ള പണം സമാഹരിച്ചത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജിം സന്തോഷ് വധക്കേസിലെ കുടുംബത്തെ സഹായിക്കാനെന്ന വ്യാജേന നടത്തിയ പിരിവ് ഒടുവില്‍ അതുലിനെ തീര്‍ക്കാനുള്ള ക്വട്ടേഷന്‍ തുകയായി മാറുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ജിം സന്തോഷ് കൊല്ലപ്പെട്ട അതേ ദിവസം വവ്വാക്കാവില്‍ വെച്ച് വെട്ടേറ്റ അനീറാണ് ഈ കേസിലെ മുഖ്യ സൂത്രധാരന്‍. തന്റെ ചോരയ്ക്ക് പകരം വീട്ടാന്‍ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് അതുലിനെ തീര്‍ക്കാന്‍ അനീര്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു. വാട്‌സ്ആപ്പ് വഴി പണം സമാഹരിച്ചതും ക്വാറി കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയതും എല്ലാം സിനിമാ തിരക്കഥയെ വെല്ലുന്ന പ്ലാനിംഗോടെയായിരുന്നു. കുറ്റവാളികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

കൊലപാതകത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ സാമ്പത്തിക സഹായമുണ്ടോ എന്ന കാര്യവും പോലീസ് അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്. പ്രതികള്‍ക്ക് നിയമസഹായം നല്‍കാനും അവരുടെ കുടുംബങ്ങളെ സുരക്ഷിതമാക്കാനും ഈ പണം ഉപയോഗിച്ചതായാണ് വിവരം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശനിയാഴ്ചകളില്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തുന്ന അതുലിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ചായിരുന്നു ആക്രമണം. ദേശീയപാതയിലെ നിര്‍മ്മാണക്കുഴിയിലേക്ക് അതുലിന്റെ വാഹനത്തെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇന്നോവയിലെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

കൊലപാതകം നടത്തി 12 മണിക്കൂറിനുള്ളില്‍ ബ്ലാക്ക് വിഷ്ണു, അനീര്‍, ഹുസൈന്‍, ഷിനു പീറ്റര്‍ തുടങ്ങി പത്തോളം പ്രതികളെ പോലീസ് വലയിലാക്കിയിരുന്നു. ഇവരെല്ലാവരും കൊല്ലം വാളകത്തുള്ള ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ ജീവനക്കാരായി വേഷം മാറിയായിരുന്നു ഇവരുടെ താമസം. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ ഈ ക്വാറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തതോടെ നിര്‍മ്മാതാവിലേക്കും അന്വേഷണം നീങ്ങുകയാണ്. പ്രതികളെ ഈ ആഴ്ച തന്നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡിലുള്ള പത്ത് പ്രതികളെയും വിട്ടു കിട്ടുന്നതിനായി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സി. ജോണിന്റെ നേതൃത്വത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത വാഹനങ്ങളും ഉടന്‍ കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അനീര്‍, ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫല്‍, ഹുസൈന്‍ തുടങ്ങിയ ആറ് പ്രതികള്‍ക്ക് പുറമെ, ഇവര്‍ക്ക് സഹായം നല്‍കിയ നാലുപേരെയും പോലീസ് വലയിലാക്കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല. പ്രതികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറിയവരും ഒളിവില്‍ പോകാന്‍ വാഹന സൗകര്യം ഒരുക്കിയവരുമായ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ ഇവരുടെ അറസ്റ്റും ഉണ്ടായേക്കും. കാറിലും ബൈക്കിലുമായി പ്രതികളെ അനുഗമിച്ച സംഘത്തെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചു കഴിഞ്ഞു.

കേസിലെ ഒന്നാം പ്രതി അനീര്‍ ഉള്‍പ്പെടെ നാല് പേര്‍ ഉമ്മന്നൂരിലെ പാറമടയിലെ ജീവനക്കാരായിരുന്നു എന്ന കണ്ടെത്തല്‍ പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ദിവസങ്ങളോളം ഈ ക്വാറിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. കൊടും ക്രിമിനലുകള്‍ ക്വാറികളില്‍ താവളമടിക്കുന്നത് പതിവാകുന്നത് പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, ക്വാറി തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമായി. ഗുണ്ടാസംഘങ്ങള്‍ ക്വാറി കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയ സംഭവത്തില്‍ പോലീസ് ആസ്ഥാനത്ത് ഉന്നതതല ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top