ന്യൂഡല്‍ഹി: വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരമോന്നത നീതിപീഠം. ‘ഞങ്ങള്‍ ചിലപ്പോള്‍ പഴഞ്ചനായിരിക്കാം, എങ്കിലും വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും വെറും അന്യരാണ്’- ജസ്റ്റിസ് ബി.വി. നാഗരത്നയുടെ ഈ വാക്കുകള്‍ നിയമലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിരിയുന്ന പ്രണയങ്ങള്‍ ലൈംഗികതയിലേക്കും പിന്നീട് ബലാത്സംഗക്കേസുകളിലേക്കും നീങ്ങുന്ന പ്രവണതയ്ക്കെതിരെയാണ് കോടതിയുടെ ഈ കടുത്ത നിലപാട്.
വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിലപാട് പരോക്ഷമായി പറയുന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെ തുടങ്ങിയ സൗഹൃദം ഒടുവില്‍ വിദേശയാത്രകളിലും ശാരീരിക ബന്ധത്തിലും എത്തി. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കോടതി ചോദിച്ചത് ഒന്നേയുള്ളൂ: ‘വിവാഹത്തിന് മുമ്പ് എന്തിനാണ് നിങ്ങള്‍ അയാളെ കാണാന്‍ വിദേശത്ത് പോയത്?’
കോടതിയുടെ നിരീക്ഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പ് ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ജാഗ്രത കൈവിടുന്നത് പിന്നീട് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും.
അന്യര്‍ തമ്മിലെന്ത് ബന്ധം?: ബന്ധം എത്ര ദൃഢമാണെന്ന് പറഞ്ഞാലും വിവാഹത്തിന് മുമ്പ് ഇരുവരും അന്യരാണ്. ഈ സാഹചര്യത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ധാര്‍മ്മികതയുടെ വശം: ആധുനികതയുടെ പേരില്‍ പാരമ്പര്യ മൂല്യങ്ങള്‍ മറക്കുന്ന യുവതലമുറയ്ക്കുള്ള താക്കീത് കൂടിയായി കോടതിയുടെ നിരീക്ഷണങ്ങള്‍.
വിവാഹിതനായ ആള്‍ നല്‍കുന്ന വിവാഹവാഗ്ദാനം വിശ്വസിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന മുന്‍ വിധികള്‍ക്ക് പിന്നാലെയാണ് പുതിയ പരാമര്‍ശവും വരുന്നത്. ബുധനാഴ്ച പുറപ്പെടുവിക്കാനിരിക്കുന്ന വിധിയില്‍ വിവാഹപൂര്‍വ്വ ബന്ധങ്ങളെക്കുറിച്ചുള്ള നിയമപരമായ വലിയൊരു പൊളിച്ചെഴുത്ത് തന്നെയുണ്ടാകുമെന്നാണ് നിയമവിദഗ്ധരുടെ കണക്കുകൂട്ടല്‍. കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം വിധിയുടെ ഭാഗമായാല്‍ അത് വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ നിര്‍ണ്ണായക നിയമ ചുവടുവയ്പ്പായി മാറും.
‘ചിലപ്പോള്‍ ഞങ്ങള്‍ പഴഞ്ചനായിരിക്കാം. എങ്കിലും, വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അന്യരാണ്. ഇരുവരും തമ്മിലുള്ള ബന്ധം എത്ര ആഴത്തുള്ളതാണെങ്കിലും എങ്ങനെയാണ് അവര്‍ വിവാഹത്തിനുമുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’- ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. വിവാഹത്തിന് മുമ്പ് ആര്‍ക്കും ആരേയും വിശ്വസിക്കാനാകില്ലെന്നും വളരെ അധികം സൂക്ഷിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
യുവാവ് വിവാഹിതനാണെന്നും 2024ല്‍ പഞ്ചാബില്‍ നിന്ന് വീണ്ടും ഒരു വിവാഹം കഴിച്ച കാര്യം പിന്നീടാണ് യുവതി അറിയുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ എന്തിനാണ് വിവാഹത്തിന് മുമ്പ് യുവതി യുവാവിനെ കാണാനായി വിദേശത്ത് പോയതെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ഈ കേസിലെ അന്തിമ വിധി അതിനിര്‍ണ്ണായകമാകും. കഴിഞ്ഞ ദിവസം വിവാഹതിരായവര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി പറയുന്നതിലെ ധാര്‍മിക നിയമ വശങ്ങള്‍ സുപ്രീംകോടതി വിധിയില്‍ ചര്‍ച്ചയായിരുന്നു. വിവാഹിതര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നല്‍കിയാല്‍ അത് നിലനില്‍ക്കില്ലെന്ന തരത്തിലായിരുന്നു നിരീക്ഷണം. ഇതിനൊപ്പമാണ് പുതിയ പരാമര്‍ശം.



