സതീശന് മുന്നേ പ്രസംഗിക്കാനായില്ല; ഡിസിസി സെക്രട്ടറിയുടെ കഴുത്തിന് പിടിച്ച് ഷാഫി പറമ്പില്‍, കുറ്റ്യാടിയില്‍ യുഡിഎഫ് വേദിയില്‍ നാടകീയ രംഗങ്ങള്‍

കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫ് ജാഥയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും. പ്രസംഗ ക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വടകര എംപി ഷാഫി പറമ്പില്‍ ഡിസിസി സെക്രട്ടറിയുടെ കഴുത്തിന് പിടിച്ചു. കുറ്റ്യാടിയില്‍ ജാഥ എത്തിയപ്പോഴായിരുന്നു രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വി.ഡി. സതീശന്‍ വേദിയിലെത്തിയ ഉടനെ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ അദ്ദേഹത്തെ പ്രസംഗിക്കാനായി ക്ഷണിച്ചു. എന്നാല്‍ ഇതിനു മുന്‍പ് തനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ഷാഫിയുടെ നിലപാട്. സതീശന്‍ സംസാരിച്ചു കഴിഞ്ഞാല്‍ ജനങ്ങള്‍ പിരിഞ്ഞുപോകുമെന്നും കുറഞ്ഞ ആളുകള്‍ക്ക് മുന്നില്‍ തനിക്ക് പ്രസംഗിക്കേണ്ടെന്നും ഷാഫി തുറന്നടിച്ചു. പ്രസംഗിക്കാനായി മൈക്കിനടുത്തേക്ക് എത്തിയ ഷാഫി, പ്രമോദ് കക്കട്ടിലിനെ തള്ളിമാറ്റുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു.

സംഭവം വഷളായതോടെ വേദിയിലുണ്ടായിരുന്ന പാറയ്ക്കല്‍ അബ്ദുള്ളയും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും ചേര്‍ന്ന് ഷാഫിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. രോഷാകുലനായി വേദി വിട്ടിറങ്ങാന്‍ ശ്രമിച്ച ഷാഫിയെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് തടഞ്ഞത്. ഇതിനിടെ ഷാഫിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ വേദിയില്‍ തെന്നിവീണതും പരിഭ്രാന്തി പരത്തി.

ഒടുവില്‍ സതീശന്റെ പ്രസംഗം കഴിഞ്ഞ ശേഷം ഷാഫിയെ വീണ്ടും മൈക്കിനടുത്തേക്ക് ക്ഷണിച്ചെങ്കിലും, താന്‍ സംസാരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ഒറ്റവരിയില്‍ പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. സമയക്കുറവ് കാരണമാണ് കുറ്റ്യാടിയില്‍ ഷാഫിക്ക് മുന്‍ഗണന നല്‍കാതിരുന്നതെന്ന് സംഘാടകര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൊട്ടുപിന്നാലെ നാദാപുരത്ത് നടന്ന ചടങ്ങില്‍ ഷാഫി പ്രസംഗിക്കുകയും ചെയ്തു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പാര്‍ട്ടി വേദിയിലെ ഈ പരസ്യമായ കലഹം.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top