മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന് റോയിക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടിക്ക് നീക്കം. മിഥുന്റെ മുന്‍കാല ഇടപെടലുകളുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന മൂന്ന് വ്യത്യസ്ത അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. സംഭവത്തില്‍ മിഥുനും ഒപ്പമുണ്ടായിരുന്ന യുവതിക്കുമെതിരെ ചുമത്തിയിരുന്ന വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ പോലീസ് ഒഴിവാക്കിയെങ്കിലും, ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ പഴയ വീഴ്ചകള്‍ ഗൗരവത്തോടെയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് കാണുന്നത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും മിഥുനും തമ്മിലുള്ള പോര് വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. പേട്ട സ്റ്റേഷന് സംഭവം: ഒന്നര വര്‍ഷം മുന്‍പ് ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച ഡി.വൈ.എഫ്.ഐ. നേതാവിനെതിരെ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് പേട്ട സ്റ്റേഷനില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ സംഘത്തില്‍ മിഥുന് ഉണ്ടായിരുന്നുവെന്ന ആരോപണം ശക്തമാണ്. സിഞ്ഞ പുതുവത്സര തലേന്ന് ശംഖുമുഖത്ത് വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലും മിഥുനെതിരെ പരാതിയുണ്ടായിരുന്നു. ഈ സംഭവങ്ങളിലെ വൈരാഗ്യമാണ് മാളിലെ അപ്രതീക്ഷിത ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മിഥുന് റോയിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥന് അനുകൂലമല്ല. 2024 ഏപ്രിലില്‍ വട്ടിയൂര്‍ക്കാവില്‍ വെച്ച് മിഥുനും കുടുംബവും വീടുകയറി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, മിഥുന് മദ്യപിച്ച് വാഹനമോടിച്ച് നാട്ടുകാരനെ ഇടിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് നെട്ടയത്തെ പൗരസമിതി മിഥുനെതിരെ പരസ്യമായി രംഗത്തെത്തുകയും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ കേസുകളിലെല്ലാം വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.
മാളിലെ അക്രമവുമായി ബന്ധപ്പെട്ട് ആദ്യം തയ്യാറാക്കിയ എഫ്.ഐ.ആര്. വലിയ വിവാദമായിരുന്നു. സ്വയം പ്രതിരോധത്തിനായി മിഥുന് ഇടിവള ഉപയോഗിച്ചതിനെ വധശ്രമമായി ചിത്രീകരിച്ചതും, ഒപ്പമുണ്ടായിരുന്ന യുവതി അക്രമത്തിന് പ്രേരിപ്പിച്ചു എന്ന മൊഴിയും പോലീസിനെ പ്രതിരോധത്തിലാക്കി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തില്‍ നടന്ന ഈ അന്വേഷണം വസ്തുതകള്‍ മറച്ചുവെക്കാനാണെന്ന ആക്ഷേപം സേനയ്ക്കുള്ളില്‍ തന്നെയുണ്ട്. അതേസമയം, മിഥുനെ മര്‍ദിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിനയ് പ്രകാശ്, സുര്‍ജിത് എന്നിവര്‍ക്ക് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതും പോലീസിന്റെ ഇരട്ടത്താപ്പായി വിമര്‍ശിക്കപ്പെടുന്നു.
തുടര്‍ച്ചയായ വിവാദങ്ങളും ഡ്യൂട്ടിയിലെ ക്രമക്കേടുകളും പരിഗണിച്ച് മിഥുന് റോയിയെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട പ്രത്യേക റിപ്പോര്‍ട്ടും രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളും മിഥുന് തിരിച്ചടിയാകും. മനോവിഷമം കാരണം താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മിഥുന് വ്യക്തമാക്കുമ്പോഴും, ഉദ്യോഗസ്ഥന്റെ പെരുമാറ്റദൂഷ്യം ഉയര്‍ത്തിക്കാട്ടി നടപടിയുമായി മുന്നോട്ടുപോകാാനാണ് അധികൃതരുടെ തീരുമാനം.



