സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം…. 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകും.. നീറുന്ന വേദനയ്ക്കിടയിലും ആ തീരുമാനം എടുത്ത് അച്ഛനും അമ്മയും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാം ഇനി 5 പേരിലൂടെ ജീവിക്കും. 10 മാസമുള്ള മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയില്‍ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് ദാനം ചെയ്തത്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. തീവ്ര ദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു.
അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്തു. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും.
കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് വൈകീട്ട് രണ്ട് വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ് എന്നിവ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ശ്രീ ചിത്രയിലേക്കും കൊണ്ടു വരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. ആഭ്യന്തര വകുപ്പിന്റെ സഹകരണവും ഉണ്ടായിരുന്നു.



