വേടന്‍ സമൂഹമനസാക്ഷിക്ക് മുന്നിലേക്ക് വച്ച പ്രശ്‌നങ്ങള്‍ക്ക് ഇന്നും നാം പരിഹാരം കണ്ടിട്ടില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിനായി തുടര്‍ന്നും ശബ്ദമുയര്‍ത്താന്‍ കുറഞ്ഞപക്ഷം ഒരു വേടനെങ്കിലും വേണ്ടേ? വേടന്റെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെയും ശബ്ദം മഞ്ഞുമ്മലിലുടെ പുരസ്‌കൃതമായ ആ ഗാനത്തിന്റെ ആദ്യ വരികളില്‍ പോലുമുണ്ട്: ”വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം!”-അതേ വേടനും ഇത്തവണ സ്ഥാനാര്‍ത്ഥിയായേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.എം. വിസ്മയം ഒരുക്കിയേക്കും. രമ്പരാഗത രാഷ്ട്രീയ മുഖങ്ങള്‍ക്ക് പകരം യുവതലമുറയ്ക്കിടയിലും പൊതുസമൂഹത്തിലും വലിയ സ്വീകാര്യതയുള്ള സാംസ്‌കാരിക ബിംബങ്ങളെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കം.യുവറാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സിപിഎം സ്ഥാനാര്‍ത്ഥിയാകും എന്നാണ് റിപ്പോര്‍ട്ട്.
ജെന്‍ സി വോട്ടര്‍മാരെയും താഴെത്തട്ടിലുള്ള പിന്നോക്ക വിഭാഗങ്ങളെയും ഒപ്പം നിര്‍ത്താന്‍ വേടന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ആധിപത്യവിരുദ്ധ സംഗീത പാരമ്പര്യത്തിന്റെ ആധുനിക കണ്ണിയായി വിശേഷിപ്പിക്കപ്പെടുന്ന വേടന്‍, തന്റെ റാപ്പ് സംഗീതത്തിലൂടെ ഇതിനകം തന്നെ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് ഒരു അവാര്‍ഡ് വേദിയില്‍ പിതാവിനൊപ്പം വേടന്‍ നടത്തിയ വൈകാരികമായ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയവും അപരവല്‍ക്കരണത്തിനെതിരായ പോരാട്ടവും സംഗീതത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്ന വേടന്‍, ഒരു വിമോചന ബിംബമായി യുവതലമുറയ്ക്ക് മുന്നിലുണ്ട്. ഈ ജനപ്രീതി വോട്ടാക്കി മാറ്റാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
കലാഭവന്‍ മണിയും ജാസി ഗിഫ്റ്റും മറ്റും തുടങ്ങിവെച്ച ആധിപത്യവിരുദ്ധ സംഗീതത്തിന്റെ പുതിയ കാലത്തെ പ്രതിനിധിയായി വേടനെ അവതരിപ്പിക്കുന്നതിലൂടെ വലിയൊരു സാംസ്‌കാരിക ഉടച്ചുവാര്‍ക്കലിനാണ് സി.പി.എം. തുടക്കമിടുന്നത്. യൂട്യൂബ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടങ്ങളില്‍ വേടന്‍ സൃഷ്ടിച്ചെടുത്ത സ്വാധീനം പുതിയൊരു വോട്ട് ബാങ്ക് പാര്‍ട്ടിക്ക് തുറന്നുനല്‍കിയേക്കും. പരമ്പരാഗത ശൈലികളില്‍ മടുപ്പ് തോന്നുന്ന നിഷ്പക്ഷ വോട്ടര്‍മാരെയും യുവാക്കളെയും ഇത്തരത്തിലുള്ള ‘സെലിബ്രിറ്റി’ സ്ഥാനാര്‍ത്ഥികളിലൂടെ ആകര്‍ഷിക്കാനാകുമെന്ന് സി.പി.എം. കരുതുന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും, തിരശീലയ്ക്കു പിന്നില്‍ ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ ഈ പുതിയ പരീക്ഷണങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചിത്രം എത്രത്തോളം മാറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. വേടനെതിരെ ചില കേസുകളുണ്ട്. അതു കണക്കിലെടുക്കാതെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.
അതിജീവനത്തിന്റെ പ്രതീകമായി പൊതുസമൂഹം കാണുന്ന നടി ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. ഭാവന പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നതാണ് നേതൃത്വത്തിന്റെ താല്പര്യം വര്‍ധിപ്പിക്കുന്നത്. ഭാവനയേയും സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കും. ഇവര്‍ക്ക് പുറമെ മറ്റു ചില പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരെയും പാര്‍ട്ടി സജീവമായി പരിഗണിക്കുന്നുണ്ട്.



