പാലക്കാട്ടെ ആ പഴയ കെപിഎം ഹോട്ടല്‍…. ഒരിക്കല്‍ നീലപ്പെട്ടി തിരഞ്ഞുവന്ന പോലീസ് ഇത്തവണ അവിടെയെത്തിയത് ഒരു ‘സൈക്കോ മോഡല്‍’ പീഡനക്കേസിലെ പ്രതിയെ പിടികൂടാനാണ്. പ്രതി മറ്റാരുമല്ല, പാലക്കാടിന്റെ യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ അറസ്റ്റോടെ കാനഡയില്‍ നിന്ന് ഒരു യുവതി അയച്ച ഇമെയില്‍ പരാതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരള രാഷ്ട്രീയം.
വെറുമൊരു പീഡനാരോപണമല്ല ഇത്. കേട്ടാല്‍ അറയ്ക്കുന്ന ക്രൂരതകളുടെ വെളിപ്പെടുത്തലാണ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ എത്തിച്ച് അതിക്രൂരമായി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ മുഖത്തടിച്ചു, ദേഹത്ത് തുപ്പി, ശരീരമാസകലം മുറിവുകളുണ്ടാക്കി. ഇതൊരു ക്രൂരമായ ലൈംഗിക ആക്രമണമായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കുന്നു.
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം അറിയിച്ചപ്പോള്‍ രാഹുല്‍ എംഎല്‍എയുടെ ഭാവം മാറി. അസഭ്യവര്‍ഷമായിരുന്നു ഫലം. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. സത്യം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് യുവതി തയ്യാറായെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു. എന്നാല്‍ എംഎല്‍എയുടെ ഈ ‘ബുദ്ധി’ അതിജീവിതയ്ക്ക് മുന്‍പില്‍ തോറ്റുപോയി.
ഗര്‍ഭം അലസിപ്പോകാന്‍ രാഹുല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ പീഡനങ്ങള്‍ക്കിടയില്‍ ഗര്‍ഭം അലസി. പക്ഷേ, രാഹുലിന്റെ വഞ്ചനയ്ക്ക് ശാസ്ത്രീയമായ മറുപടി നല്‍കാന്‍ ആ യുവതി ഒരു കരുതലോടെ നീങ്ങി. അലസിപ്പോയ ആ ഭ്രൂണം നശിപ്പിക്കാതെ അവര്‍ ശാസ്ത്രീയ തെളിവായി സൂക്ഷിച്ചുവെച്ചു! ഡിഎന്‍എ പരിശോധനയിലൂടെ രാഹുലിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആ ഭ്രൂണം തന്നെ ധാരാളമെന്ന് പോലീസ് ഉറച്ചു വിശ്വസിക്കുന്നു.
ക്രൂരത അവിടെയും തീര്‍ന്നില്ല. എംഎല്‍എയ്ക്ക് പാലക്കാട് ഫ്ലാറ്റ് വാങ്ങാന്‍ യുവതി പണം നല്‍കണം. ലക്ഷക്കണക്കിന് രൂപയും വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും യുവതിയില്‍ നിന്ന് രാഹുല്‍ കൈപ്പറ്റി. ഇതിന്റെയെല്ലാം ബാങ്ക് രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇപ്പോള്‍ പോലീസിന്റെ കൈവശമുണ്ട്.



