ജനറേഷന് സെഡ് അഥവാ ഇന്നത്തെ പുത്തന്‍ തലമുറ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു മലയാള ചലച്ചിത്രമുണ്ട്-‘സുഖമോ ദേവി’. എണ്‍പതുകളിലെ ആ ലാല്‍ ചിത്രത്തിന് ഇന്നത്തെ കാലത്ത് എന്ത് പ്രസക്തി എന്ന് ചിന്തിക്കുന്നവര്‍ക്ക്, ആ സിനിമയുടെ പിന്നിലെ യഥാര്‍ത്ഥ ജീവിതകഥ ഒരു വലിയ ഉത്തരമാണ്. സൗഹൃദത്തിനും പ്രണയത്തിനും ആഘോഷങ്ങള്‍ക്കും അപ്പുറം, തീക്ഷ്ണമായ ഒരു ജീവിതത്തെ എങ്ങനെ പുണരാം എന്ന് ഈ ചിത്രം പറഞ്ഞുതരുന്നു.ജെന്‍സികള്‍ അതുകൊണ്ട് തന്നെ തീര്‍ച്ചയായും കാണണം.
മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ‘സണ്ണി’ എന്ന കഥാപാത്രം വെറുമൊരു സിനിമാ സൃഷ്ടിയല്ല. അത് സംവിധായകന്‍ വേണു നാഗവള്ളിയുടെ ഉറ്റസുഹൃത്തായിരുന്ന സൈമണ്‍ മാത്യു എന്ന യുവാവിന്റെ നേര്‍പ്പതിപ്പാണ്. തിരുവനന്തപുരം കവടിയാര്‍ സ്‌ക്വയറിന് സമീപം 1971-ല്‍ നടന്ന ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ പൊലിഞ്ഞുപോയ സൈമണ്‍, അക്കാലത്തെ തിരുവനന്തപുരത്തിന്റെ ഹരമായിരുന്നു. ഒരു മികച്ച ഫുട്ബോള്‍ താരം, ഗായകന്‍, പാട്ടെഴുത്തുകാരന്‍, അതിലുപരി ജീവിതത്തെ അങ്ങേയറ്റം സ്നേഹിച്ച ഒരു മനുഷ്യന്‍-ഇതായിരുന്നു സൈമണ്‍. ഇന്നത്തെ ഇന്‍സ്റ്റാഗ്രാം സൗഹൃദങ്ങള്‍ക്കും ഡിജിറ്റല്‍ കണക്ഷനുകള്‍ക്കും അപ്പുറം, ഒരാളുടെ മരണശേഷവും അയാളെ ഒരു സിനിമയിലൂടെ പുനര്‍ജനിക്കാന്‍ പ്രേരിപ്പിക്കുന്ന തരം ആത്മബന്ധം എന്താണെന്ന് ഈ ചിത്രം കാണിച്ചുതരുന്നു. വേണു നാഗവള്ളി തന്റെ സുഹൃത്തിന് നല്‍കിയ ഏറ്റവും വലിയ സ്മാരകമാണ് ഈ സിനിമ.
‘ജീവിതം ആഘോഷമല്ലെങ്കില്‍ മറ്റെന്താണ്’ എന്ന സൈമണിന്റെ കാഴ്ചപ്പാട് ഇന്നത്തെ തലമുറയും മനസ്സിലാക്കേണ്ടതാണ്. പരാജയങ്ങളിലും വീഴ്ചകളിലും തളരാതെ, ഓരോ നിമിഷവും ക്രിയേറ്റീവ് ആയി ജീവിക്കാന്‍ സൈമണ്‍ ശ്രമിച്ചിരുന്നു ടൈറ്റാനിയം ഫുട്ബോള്‍ ടീമിന്റെ നട്ടെല്ലായിരുന്ന സൈമണിനെ കളിമിടുക്ക് കൊണ്ട് ‘ഡെയര്‍ ഡെവിള്‍’ എന്നാണ് വിളിച്ചിരുന്നത്. പരിക്കേറ്റാലും തളരാതെ പൊരുതുന്ന ആ പോരാട്ടവീര്യം ഏതൊരു യുവാവിനും പ്രചോദനമാണ്. വെറുമൊരു സ്‌പോര്‍ട്‌സ് താരം മാത്രമായിരുന്നില്ല അദ്ദേഹം. യേശുദാസ് പാടിയ ‘Loves Emancipation’ എന്ന ആല്‍ബത്തിലെ പാട്ടുകള്‍ രചിച്ചതും സംഗീതം നല്‍കിയതും സൈമണ്‍ ആയിരുന്നു. പ്രതിഭയുടെ വൈവിധ്യം എങ്ങനെ ഒരാളെ അടയാളപ്പെടുത്തുന്നു എന്നതിന് സൈമണ്‍ വലിയൊരു ഉദാഹരണമാണ്.
പതിനെട്ടാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ടൈറ്റാനിയത്തിന് വേണ്ടി മൈതാനം നിറഞ്ഞോടിയ, ചാര്‍മിനാര്‍ സിഗരറ്റിന്റെ മണമുള്ള, ഗസലുകള്‍ പാടി നടന്ന ആ പഴയ തിരുവനന്തപുരത്തുകാരന്‍ സണ്ണിയിലൂടെ ഇന്നും ജീവിക്കുന്നു. അപ്രതീക്ഷിതമായി സൈമണ്‍ മാത്യുവിന്റെ ചരമവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുമ്പോള്‍, അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒന്നേയുള്ളൂ-മരണത്തിന് ശേഷവും ഒരാള്‍ ഓര്‍മ്മിക്കപ്പെടുന്നത് അയാള്‍ മറ്റുള്ളവരുടെ ഹൃദയത്തില്‍ എത്രത്തോളം സ്നേഹം നിറച്ചു എന്നതിനാലാണ്. വാശിയോടെ ജീവിക്കാനും ആത്മാര്‍ത്ഥമായി സ്നേഹിക്കാനും ആഗ്രഹിക്കുന്ന ഏതൊരു ജെന്‍സിയും കണ്ടിരിക്കേണ്ട ഒരു ‘ക്ലാസിക്’ തന്നെയാണ് സുഖമോ ദേവി.
സൈമണ്‍ മാത്യു സ്‌കൂട്ടര്‍ അപകടത്തില്‍ മൃതിയടഞ്ഞു. തിരുവനന്തപുരം നവം 29-ടൈറ്റാനിയം പ്രോഡ്ക്ട്‌സിലെ ഒരു ജീവനക്കാരനും എന്‍ജിനിയറിംഗ് ബിരുധദാരിയുമായി ശ്രീ സൈമണ്‍ മാത്യു(23 വയസ്സ്) ഇന്നലെ രാത്രി കവടിയാര്‍ സ്‌ക്വയറിന് സമീപമുണ്ടായ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ മൃതിയടഞ്ഞിരിക്കുന്നു. രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കാളവണ്ടിയില്‍ ചെന്നിടിച്ചാണ് അത്യാഹിതം സംഭവിച്ചത്. കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ലീഗല്‍ അഡൈ്വസര്‍ ശ്രീ എംജി മാത്യുവിന്റെ പുത്രനാണ് ഈ യുവാവ്. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സൈമണ്‍ ടൈറ്റാനിയം ഫുട്ബോള്‍ ടീമിന്റെ നട്ടെല്ലായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി ടീമിലും കേരളാ ജൂനിയര്‍ സ്റ്റേറ്റ് ടീമിലും സൈമണ്‍ പങ്കെടുത്തിരുന്നു-ഇങ്ങനെ പോകുന്ന ഒരു ചരമ വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ ആരോ പോസ്റ്റ് ചെയ്ത ഈ ചരമ വാര്‍ത്ത ഇപ്പോഴും വൈറലാണ്.
കേരളം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളും ടൈറ്റാനിയത്തിന്റെ താരവുമായിരുന്ന സൈമണ്‍ മാത്യു വിടവാങ്ങിയിട്ട് 54 കൊല്ലമായി. 1971-ല്‍ രാജ്ഭവന് സമീപമുണ്ടായ ഒരപകടത്തില്‍ ഫുട്‌ബോള്‍ ലോകത്തിന് നഷ്ടമായ ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് ഇന്നും തിളക്കം കുറഞ്ഞിട്ടില്ല. സൈമണിന്റെ വേര്‍പാട് താങ്ങാനാവാത്ത ആത്മസുഹൃത്തായിരുന്നു ചലച്ചിത്രകാരന്‍ വേണു നാഗവള്ളി. ആ ആഴത്തിലുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകളാണ് പിന്നീട് വേണു നാഗവള്ളി ‘സുഖമോ ദേവി’ എന്ന ക്ലാസിക് സിനിമയാക്കിയത്. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിലെ അറിയപ്പെടുന്ന നല്ലൊരു ടെന്നീസ് താരം കൂടിയായിരുന്നു അദ്ദേഹം. വേണു നാഗവള്ളി സിഇടിയില്‍ സൈമണിന്റെ സഹപാഠിയായിരുന്നു. അങ്ങനെ വേണുവിന്റെ വീട് സൈമണിന്റെയും വീടായി. പതിഞ്ഞ ശബ്ദത്തില്‍ എപ്പോഴും ഗസലുകള്‍ പാടുന്ന, ചാര്‍മിനാര്‍ മണമുള്ള, അരണ്ട നീല വെളിച്ചം നിറഞ്ഞ സൈമണിന്റെ മുറിയില്‍ എഴുത്തും ചിന്തകളുമായി വേണുവും കാണുമായിരുന്നു.



