കട്ടക്കലിപ്പില്‍ ജോസ് കെ മാണി വിസ്മയ സാധ്യത! ഇടതിന് തിരിച്ചടിയാകുമോ?

കേരള കോണ്‍ഗ്രസിനെ ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് അധിക്ഷേപിച്ച സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരേ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് വിസ്മയ സാധ്യത. പണ്ടുകാലത്തെ സഖാക്കളെപ്പോലെ വായനാശീലമുള്ളവരല്ല ഇപ്പോഴത്തെ പല നേതാക്കളുമെന്ന് അദ്ദേഹം പരിഹസിച്ചു. കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ഒരുപ്രാവശ്യമെങ്കിലും വായിച്ചിരുന്നെങ്കില്‍ അധ്വാനവര്‍ഗം ബൂര്‍ഷ്വയല്ലെന്ന് ഇത്തരക്കാര്‍ക്ക് മനസ്സിലാകുമായിരുന്നു. അല്പമെങ്കിലും വായനാശീലം വളര്‍ത്തുന്നത് നല്ലതാണെന്നും ജോസ് കെ. മാണി തുറന്നടിച്ചു. കേരളാ കോണ്‍ഗ്രസിനെ അപമാനിച്ചുവെന്ന വികാരം പാര്‍ട്ടിയിലുണ്ട്. ഈ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കിയിട്ടുണ്ട്. ജോസ് കെ. മാണിയെ തിരികെ മുന്നണിയിലെത്തിക്കാന്‍ സഭാ നേതൃത്വവും സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന.

കടുത്ത പ്രതികരണമാണ് ജോസ് കെ മാണിയുടേത്. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫ്. വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള വര്‍ഗീസിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് ജോസ് കെ. മാണിയുടെ മറുപടി. മുന്നണി മാറ്റത്തെക്കുറിച്ച് ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷം ചേര്‍ത്തുപിടിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യു.ഡി.എഫിലേക്ക് പോകാനാണ് തീരുമാനമെങ്കില്‍ പാര്‍ട്ടിയുടെ അഞ്ച് എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ വായ്ക്കത്തോന്നിയത് വിളിച്ചുപറയുമെന്ന് കരുതുന്നില്ലെന്നും തന്റെ പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മറ്റാരെയും അനുവദിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എമാരും ഒറ്റക്കെട്ടാണെന്ന ജോസ് കെ. മാണിയുടെ പ്രസ്താവന മുന്നണി മാറ്റത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന സൂചനയാണ് നല്‍കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top