സെന്റ് സ്റ്റീഫന്‍സിലെ പഠനം… ചാനല്‍ ചര്‍ച്ചാ വിദഗ്ധന്‍.. തീപ്പൊരി… ഇപ്പോള്‍ പീഢകനും; വിവാദവും അറസ്റ്റും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കഥ

കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാക്കളിലൊരാളയി കണക്കാക്കപ്പെട്ട നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയായ അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യു-വിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. അടൂര്‍ സെന്റ് തോമസ് കോളേജിലെ പഠനത്തിന് ശേഷം ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ രാഹുല്‍, തന്റെ മികച്ച പ്രസംഗശൈലിയിലൂടെയും കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും വളരെ വേഗത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റി.

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ശക്തമായ ശബ്ദമായി മാറിയ അദ്ദേഹം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാരിനെതിരായ വിവിധ സമരങ്ങളില്‍ സജീവമായി പങ്കെടുത്തതിന്റെ പേരില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം, യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്.

ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2024-ല്‍ നടന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭാംഗമാവുകയും ചെയ്തു. നിലപാടുകളിലെ വ്യക്തതയും എതിരാളികള്‍ക്ക് കൃത്യമായ മറുപടി നല്‍കാനുള്ള കഴിവും രാഹുലിനെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭാവി വാഗ്ദാനമായി അടയാളപ്പെടുത്തി. ഇതിനിടെയാണ് ലൈംഗീക ആരോപണങ്ങള്‍ വരുന്നത്.

അടൂര്‍ മണക്കാല സ്വദേശിയാണ് രാഹുല്‍. അദ്ദേഹത്തിന്റെ പിതാവ് പരേതനായ എസ്. രാജേന്ദ്രന്‍ കുറുപ്പാണ്. മാതാവ് ബി. ബീന. അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മ നല്‍കിയ വലിയ പിന്തുണയെക്കുറിച്ച് പലപ്പോഴും രാഹുല്‍ പൊതുവേദികളില്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു സഹോദരിയുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്തും മറ്റും രാഹുലിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് വലിയ പിന്തുണയുമായി സജീവമായി കൂടെയുണ്ടായിരുന്നു. ഒരു സാധാരണ മധ്യവര്‍ഗ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ന്നുവന്നത്.

2024 ജനുവരിയില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് അതിരാവിലെ നാടകീയമായാണ് അന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളായിരുന്നു അന്ന് ചുമത്തിയിരുന്നത്. ഇത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണ വിവാദത്തിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായത് 2025-26 കാലഘട്ടത്തിലാണ്. ഒന്നിലധികം സ്ത്രീകള്‍ നല്‍കിയ ലൈംഗിക പീഡന പരാതികളെത്തുടര്‍ന്ന് അദ്ദേഹം വലിയ വിവാദത്തിലായി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. 2025 ഓഗസ്റ്റില്‍ രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് ഡിസംബറില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഒളിവില്‍ പോയ അദ്ദേഹത്തിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒരു കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ട്. മറ്റൊരു കേസില്‍ ജാമ്യം കിട്ടി. മൂന്നാമതൊരു പരാതി കൂടി ഉയര്‍ന്നതിനെത്തുടര്‍ന്ന് 2026 ജനുവരി 11-ന് പുലര്‍ച്ചെ പാലക്കാട്ടെ ഒരു ഹോട്ടലില്‍ വെച്ച് പോലീസ് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലാണ്. ഈ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top