കാര്‍ത്തിക് ദി ഗ്രേറ്റ്! കരമനയ്ക്ക് മകളെ തിരിച്ചു കിട്ടി പോലീസ് സൂപ്പറായി: 14കാരിയെ കണ്ടെത്തിയത് ഇങ്ങനെ

തിരുവനന്തപുരം: മൊബൈല്‍ ഫോണില്ല, ലൊക്കേഷന്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ തെളിവുകളില്ല! തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തിയ 14 കാരിയുടെ തിരോധാനം. ഒടുവില്‍ ‘വെല്ലുവികളെ തകര്‍ത്ത് കേരള പോലീസിന്റെ മാസ്സ് എന്‍ട്രി. സ്‌കൂള്‍ ടൂറിന് വിടാത്തതിലുള്ള പിണക്കം. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി എന്ന 14 കാരി അവശേഷിപ്പിച്ചത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സിസിടിവി ദൃശ്യം മാത്രം. മാസ്‌ക് ധരിച്ചതിനാല്‍ തിരിച്ചറിയുക അസാധ്യം. കയ്യില്‍ മൊബൈല്‍ ഫോണില്ലാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കാനും കഴിയില്ല. കേസ് അന്വേഷണം വഴിമുട്ടുമെന്ന് കരുതിയടത്താണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് ഐപിഎസ് തന്റെ മാസ്റ്റര്‍ പ്ലാന്‍ പുറത്തെടുത്തത്.

അന്വേഷണ ഉദ്യോഗസ്ഥനായ കരമന എസ്.എച്ച്.ഒ അനൂപിനും സംഘത്തിനും കമ്മീഷണര്‍ നല്‍കിയത് കൃത്യമായ നിര്‍ദ്ദേശം. ഒരു പ്രത്യേക സോഷ്യല്‍ മീഡിയ ടീമിനെ ഇതിനായി നിയോഗിച്ചു. കുട്ടിയുടെ ചിത്രം രാജ്യത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചു. വെറുതെ അയക്കുകയല്ല, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ ലോക്കല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലേക്ക് ഈ വിവരം കാട്ടുതീ പോലെ പടര്‍ത്തി. കമ്മീഷണറുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഹൈദരാബാദിലെ ഒരു കടയില്‍ ജോലി ചോദിച്ചെത്തിയ കുട്ടിയെ കണ്ട കടയുടമയ്ക്ക് സംശയം തോന്നി. സോഷ്യല്‍ മീഡിയയില്‍ കണ്ടുപരിചയിച്ച മുഖം! ഒടുവില്‍ കടയുടമ നല്‍കിയ ആ ഒറ്റ ഫോണ്‍ കോളില്‍ മൂന്ന് ദിവസത്തെ ആശങ്കയ്ക്ക് അന്ത്യമായി.

മുമ്പ് എറണാകുളം റൂറലില്‍ ‘ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിലൂടെ’ ഗുണ്ടകളുടെ ഉറക്കം കെടുത്തിയ കെ. കാര്‍ത്തിക്, ഇതാ സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും കരുത്തില്‍ മറ്റൊരു ദൗത്യം കൂടി വിജയിപ്പിച്ചിരിക്കുന്നു. കേരള പോലീസിന്റെ അന്വേഷണ മികവിന് ഒരിക്കല്‍ കൂടി കയ്യടി!

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top