തിരുവനന്തപുരം: തിരുവനന്തപുരം മേയറായി വിവി രാജേഷ് എത്തുമ്പോള്‍ നിരാശനാകുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുന്‍ ഡിജിപി ആര് ശ്രീലേഖയെ മേയറാക്കാനുള്ള രാജീവ് ചന്ദ്രശേഖറിന്റെ നീക്കം പൊളിഞ്ഞു. കോര്‍പ്പറേഷന്റെ ആദ്യ ബി.ജെ.പി മേയറായി വി.വി. രാജേഷിനെ നിയോഗിക്കാനുള്ള തീരുമാനം നാഗ്പൂരിലെ ആര്.എസ്.എസ് നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു. ബിജെപി ദേശീയ നേതൃത്വം അതിനെ എതിര്‍ത്തില്ല. ഇതിന് കാരണം രാജീവ് ചന്ദ്രശേഖറിന്റെ ഏകാധിപത്യ പ്രവണതയായിരുന്നു. നേമം നിയമസഭാ സീറ്റില്‍ മത്സരിക്കുമെന്ന് രാജീവ് ഏകപക്ഷീയമായി മത്സരിച്ചിരുന്നു. ഇതും കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് കാരണമായി.
ഈ സാഹചര്യത്തില്‍ ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ളെയുടെ ഉറച്ച നിലപാടിനെ ബി.ജെ.പി ദേശീയ നേതൃത്വം പൂര്‍ണ്ണമായി പിന്തുണയ്ക്കുകയായിരുന്നു. ആര്.എസ്.എസ് രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍, തലസ്ഥാന നഗരിയുടെ ഭരണം പിടിച്ചെടുക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരാള്‍ തന്നെ നേതൃത്വത്തില്‍ വരണമെന്നത് സംഘടനയ്ക്ക് നിര്‍ബന്ധമായിരുന്നു. ഇതിന് തടയിടാന്‍ ആരേയും അനുവദിക്കില്ലെന്ന് അവര്‍ നിലപാട് എടുത്തു. അങ്ങനെയാണ് രാജേഷ് കടന്നു വരുന്നത്. രാജീവ് ചന്ദ്രശേഖറിന് പ്രത്യക്ഷത്തില്‍ വലിയ തിരിച്ചടിയാണ് ഇത്. ജനറല്‍ സെക്രട്ടറി എസ് സുരേഷിനോട് ആര് എസ് എസിനുള്ള അതൃപ്തിയും രാജീവിന് വിനയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ആര്.എസ്.എസ് പശ്ചാത്തലമുള്ള നേതാവ് തന്നെ മേയറാകണമെന്ന നിലപാടിനൊപ്പമായിരുന്നു. ബി.ജെ.പിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റും അടുത്ത ദേശീയ അധ്യക്ഷനായി പരിഗണിക്കപ്പെടുന്നതുമായ നിതിന്‍ നവിനും ഈ തീരുമാനത്തെ അംഗീകരിച്ചു. ഇതോടെയാണ് വി.വി. രാജേഷ് തിരുവനന്തപുരത്തിന്റെ നഗരപിതാവാകാന്‍ ഒരുങ്ങുന്നത്. നൂറ് വര്‍ഷത്തെ സംഘപ്രവര്‍ത്തനത്തിന്റെ ചരിത്രമുഹൂര്‍ത്തത്തില്‍ തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കുന്നത് സംഘപരിവാറിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതോടെ രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയില്‍ കരുത്തില്ലെന്ന് കൂടി തെളിയുകയാണ്. അങ്ങനെ ‘രാജീവ’ യുഗം തീരുന്നു. ഇനി അറിയേണ്ടത് നേമത്ത് രാജീവിനെ മത്സരിപ്പിക്കുമോ എന്നതാണ്. തല്കാലത്തേക്ക് അതിന് അനുവദിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിവി രാജേഷായിരുന്നു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചരണം ഏകോപിപ്പിച്ചത് രാജേഷായിരുന്നു. ശശി തരൂര്‍ എന്ന അതികായകനെ രാജീവ് വിറപ്പിച്ചത് രാജേഷിന്റെ സംഘടനാ മികവിലാണ്. എന്നിട്ടും രാജേഷിനെ വെട്ടാന്‍ നോക്കി. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായതോടെ എസ് സൂരേഷ് ജനറല്‍ സെക്രട്ടറിയായി. ഇതോടെ എല്ലാം തീരുമാനിക്കുന്നത് സുരേഷായി. ഇതില്‍ ആര് എ്സ് എസ് അതൃപ്തിയിലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉടനീളം വോട്ടു വിഹിതം ബിജെപിക്കു കുറഞ്ഞു. ഇതും രാജീവിന് തിരിച്ചടിയായി. അങ്ങനെ രാജേഷ് മേയറാകുകയാണ്.
തിരുവനന്തപുരം രാഷ്ട്രീയത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബി.ജെ.പിയുടെ മുന്‍നിര മുഖമായ രാജേഷ് ഇത് രണ്ടാം തവണയാണ് കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എ.ബി.വി.പി, യുവമോര്‍ച്ച, ബി.ജെ.പി എന്നീ സംഘടനകളുടെ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച അദ്ദേഹം കഴിഞ്ഞ തവണ പൂജപ്പുരയില്‍ നിന്നും ഇത്തവണ കൊടുങ്ങാനൂരില്‍ നിന്നുമാണ് വിജയിച്ചത്. മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പേരും മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, മറ്റ് മുന്നണികളില്‍ നിന്നുള്ള കരുത്തരായ നേതാക്കള്‍ കൗണ്‍സിലിലേക്ക് എത്തിയ സാഹചര്യത്തില്‍ അവരെ രാഷ്ട്രീയമായി നേരിടാന്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള രാജേഷ് തന്നെ വേണമെന്ന പൊതുവികാരം ബി.ജെ.പിയില്‍ ശക്തമായി.
ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ രാജേഷ് കഴിഞ്ഞ അഞ്ച് വര്‍ഷം കോര്‍പ്പറേഷനിലെ അഴിമതികള്‍ക്കെതിരെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഈ പോരാട്ടവീര്യവും സംഘടനാ സ്വാധീനവുമാണ് അദ്ദേഹത്തിന് നറുക്കുവീഴാന്‍ കാരണമായത്.



