കുമ്മനം രാജശേഖരന്‍ പുറത്താക്കിയെങ്കിലും ജില്ലാ പ്രസിഡന്റാക്കി ആര്‍ എസ് എസ് രണ്ടാം ജന്മം നല്‍കി; രാജീവ് ചന്ദ്രശേഖര്‍ എത്തിയതും വീട്ടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് വ്യാജ പോസ്റ്ററുകള്‍; വെട്ടിയെതുക്കാന്‍ ശത്രുക്കള്‍ ശ്രമിച്ചെങ്കിലും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു; പഴയ എസ് എഫ് ഐക്കാരന്‍ ഇന്ന് ആര്‍ എസ് എസിന്റെ പ്രിയങ്കരന്‍; വിവി രാജേഷ് മേയറാകുമ്പോള്‍

തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണസാരഥ്യത്തിലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി എത്തുമ്പോള്‍, ആ ചെങ്കോല്‍ കൈപ്പറ്റാന്‍ ഒരുങ്ങുന്നത് പാര്‍ട്ടിയുടെ കരുത്തനായ നേതാവ് വി.വി. രാജേഷാണ്. മേയര്‍ തിരഞ്ഞെടുപ്പ് എന്ന കടമ്പയും സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദവും’ അതിജീവിച്ചാല്‍ രാജേഷിന് അത് ചരിത്രപരമായ ഇരട്ടി വിജയമാകും.

ഏറെ വെല്ലുവിളികള്‍ അതിജീവിച്ച നേതാവാണ് വിവി രാജേഷ്. വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ചില നേതാക്കള്‍ കുടുങ്ങി. ഇത് ശരിവയ്ക്കുന്ന പാര്‍്ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയിരുന്നു. ഇതിന് പിന്നില്‍ രാജേഷാണെന്ന് ആരോപിച്ച് നടപടി എടുത്തു. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന രാജേഷിനെ പ്രസിഡന്റായിരുന്ന കുമ്മനം രാജേശേഖരന്‍ സ്ഥാനത്ത് നിന്നും നീക്കി. അതിന് ശേഷം ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായാണ് സജീവ രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയത്. ആര്‍ എസ് എസ് ആയിരുന്നു ഈ രാഷ്ട്രീയ രണ്ടാം ജന്മം രാജേഷിന് നല്‍കിയത്. കെ സുരേന്ദ്രനെ മാറ്റി രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായതോടെ രാജേഷിന്റെ വീ്ട്ടിന് മുന്നില്‍ പോസ്റ്റര്‍ എത്തി. ഈ പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തിയെങ്കിലും നടപടി എടുത്തില്ല. അപ്പോഴും മൗനം പാലിച്ചു. അവസാനം ആര്‍ എസ് എസ് പിന്തുണില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകുന്നു.

നെടുമങ്ങാട് സ്വദേശിയായ വി.വി. രാജേഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. സ്‌കൂള്‍ കാലഘട്ടത്തിലും മാര്‍ ഇവാനിയോസ് കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് ആര്‍.എസ്.എസ് ആശയങ്ങളില്‍ ആകൃഷ്ടനാവുകയും സംഘപ്രസ്ഥാനങ്ങളുമായി അടുക്കുകയും ചെയ്തു. എ.ബി.വി.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറിയ രാജേഷ്, വി. മുരളീധരന്‍ എബിവിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായിയായി വളര്‍ന്നു. പിന്നീട് കെ. സുരേന്ദ്രന് ശേഷം യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷ പദവിയിലും അദ്ദേഹം എത്തി.

ശബരിമലയിലെ ഭക്തര്‍ക്കായി ആദ്യമായി സമരപോരാട്ടം നയിച്ച നേതാക്കളില്‍ ഒരാളായാണ് രാജേഷ് അറിയപ്പെടുന്നത്. ചാലക്കയത്തെ ടോള്‍ കൊള്ളയ്ക്കെതിരെ യുവമോര്‍ച്ച നടത്തിയ ദീര്‍ഘകാല സമരം വലിയ വിജയമായിരുന്നു. പാര്‍ക്ക് ചെയ്യാതെ മടങ്ങുന്ന വാഹനങ്ങളില്‍ നിന്ന് പോലും പണം ഈടാക്കിയിരുന്ന രീതി അവസാനിപ്പിക്കാന്‍ ഈ സമരം കാരണമായി. നെടുമങ്ങാട് എ.ബി.വി.പി താലൂക്ക് പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ യാത്ര ഇന്ന് മേയര്‍ പദവിക്ക് തൊട്ടരികില്‍ എത്തിനില്‍ക്കുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പൂജപ്പുര വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായി ആദ്യ വിജയം നേടിയത്. ഇത്തവണ പൂജപ്പുര വനിതാ സംവരണമായപ്പോള്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരം സുരക്ഷിത മണ്ഡലമായ കൊടുങ്ങാനൂരിലേക്ക് മാറുകയും മികച്ച വിജയം നേടുകയും ചെയ്തു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, മറ്റ് മുന്നണികളിലെ കരുത്തരായ നേതാക്കളെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ പാരമ്പര്യമുള്ള രാജേഷ് തന്നെ വേണമെന്ന ആര്‍.എസ്.എസ് നിലപാടാണ് നിര്‍ണ്ണായകമായത്.

101 അംഗ കോര്‍പ്പറേഷനില്‍ 50 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കൂടി പിന്തുണ ആവശ്യമാണ്. സ്വതന്ത്രരുടെ പിന്തുണയോടെ മാജിക് നമ്പര്‍ തികയ്ക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. നേമം മണ്ഡലത്തിലെ കരുമം വാര്‍ഡില്‍ നിന്ന് വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയറാകും. ഡിസംബര്‍ 26-ന് നടക്കുന്ന തിരഞ്ഞെടുപ്പോടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഏറ്റെടുക്കും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top