തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് ഭരണം അട്ടിമറിക്കാന്‍ കരുനീക്കങ്ങള്‍ നടത്തിയ പ്രതിപക്ഷ ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്കി ബി.ജെ.പിയും മേയര്‍ വി.വി. രാജേഷും. ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ യോഗം ഭൂരിപക്ഷത്തോടെ പാസാക്കിയതോടെ, നഗരസഭയിലെ ബി.ജെ.പി ഭരണം പൂര്‍ണ്ണമായും സുരക്ഷിതമായി. പൗണ്ട്കടവ് വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി ജയിച്ച സുധീഷ് കുമാറിന്റെ നിര്‍ണ്ണായക പിന്തുണയോടെയാണ് ബി.ജെ.പി കൗണ്‍സിലില്‍ തങ്ങളുടെ മേല്‍കൈ ഒരിക്കല്‍ക്കൂടി തെളിയിച്ചത്.
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്. സുഗതന്, കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോലീസ് സംരക്ഷണയില്‍ അനുമതി തേടി ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഈ അപേക്ഷ പരിശോധിച്ച സര്‍ക്കാരും ആഭ്യന്തര വകുപ്പും സുഗതന് നല്കിയ സര്‍ക്കുലറാണ് ഇപ്പോള്‍ ബി.ജെ.പിക്ക് വന്‍ ആയുധമായി മാറിയത്. കൗണ്‍സില്‍ യോഗം ഭൂരിപക്ഷത്തോടെ അവധി അപേക്ഷ അംഗീകരിച്ചാല്‍ തടസ്സമില്ലാതെ ലീവ് അനുവദിക്കാമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. ആഭ്യന്തര വകുപ്പ് നല്കിയ ഈ സര്‍ക്കുലര്‍ ഉയര്‍ത്തിപ്പിടിച്ചാണ് മേയര്‍ വി.വി. രാജേഷ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങളുടെ മുനയൊടിച്ച് കൂറ്റന്‍ ജയം നേടിയത്.
അവധി അപേക്ഷ വോട്ടിനിട്ടപ്പോള്‍ സുഗതന് ഇല്ലാതെ തന്നെ 51 അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. ഭരണത്തിലെ ആദ്യ ദിനം മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ഭീഷണി ഇതോടെ പൂര്‍ണ്ണമായും ഇല്ലാതായി.പൗണ്ട്കടവില്‍ നിന്നും വിജയിച്ച സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷ് കുമാറിന്റെ നിലപാടാണ് ഈ വിഷയത്തില്‍ ബി.ജെ.പിക്ക് ഏറെ നിര്‍ണ്ണായകമായത്. ഭരണപക്ഷത്തിനൊപ്പം ഉറച്ചുനിന്ന സുധീഷ് കുമാറിന്റെ വോട്ടുകൂടി ചേര്‍ന്നതോടെ അവധി അപേക്ഷ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയെടുക്കാന്‍ ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിച്ചു.
തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യമാക്കപ്പെടും എന്ന നിയമപരമായ സാധ്യത മുന്നില്‍ക്കണ്ട് സുഗതനെ അയോഗ്യനാക്കാനും ഭരണം അട്ടിമറിക്കാനും സി.പി.എം കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ വി.വി. രാജേഷിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് മുന്നില്‍ പ്രതിപക്ഷത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു. അവധി അപേക്ഷ പാസായതിന് പിന്നാലെ സി.പി.എം ഇനി നിയമപോരാട്ടത്തിന് ഇറങ്ങുമെന്നാണ് സൂചന. എന്നാല്‍ ഹൈക്കോടതിയിലോ മറ്റ് നിയമവേദികളിലോ കേസിന് പോയാലും, ആഭ്യന്തര വകുപ്പ് തന്നെ ഇറക്കിയ സര്‍ക്കുലറും കൗണ്‍സിലിലെ ഭൂരിപക്ഷ തീരുമാനവും ചൂണ്ടിക്കാട്ടി അതിനെ ശക്തമായി പ്രതിരോധിക്കാന്‍ ബി.ജെ.പിക്ക് സാധിക്കും.
എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്നുകൊണ്ട് ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളികളെ ഭരണഘടനാനുസൃതമായും നിയമപരമായും നേരിട്ട് വിജയം കണ്ടതോടെ തിരുവനന്തപുരം കോര്പ്പറേഷന് രാഷ്ട്രീയത്തില്‍ വി.വി. രാജേഷിന്റെ കരുത്ത് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ‘കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി ഭരണം അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട’ എന്ന സന്ദേശമാണ് ബി.ജെ.പി ഇതിലൂടെ പ്രതിപക്ഷത്തിന് നല്‍കിയിരിക്കുന്നത്.സുഗതന് കസ്റ്റഡിയിലായ സമയത്ത് തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നേരിട്ടെത്തി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച വി.വി. രാജേഷിന്റെ നീക്കം നേരത്തെ തന്നെ വന്‍ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.
അതിന് പിന്നാലെ കൗണ്‍സിലില്‍ സുഗതന്റെ അംഗത്വം നിലനിര്‍ത്താന്‍ നടത്തിയ ഈ നീക്കവും വിജയത്തിലെത്തിച്ചതോടെ ബി.ജെ.പി ക്യാമ്പ് ആവേശത്തിലാണ്.അഞ്ച് വര്‍ഷത്തെ മുഴുവന്‍ കാലാവധിയും ഒരു പോറലും ഏല്ക്കാതെ ഭരണ തുടര്‍ച്ച ഉറപ്പാക്കുമെന്ന് തെളിയിച്ചതോടെ തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി തങ്ങളുടെ അധികാരം പൂര്‍ണ്ണമായും ഭദ്രമാക്കി കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ അട്ടിമറി ശ്രമങ്ങള്‍ക്കും വി.വി. രാജേഷ് നല്കിയ ശക്തമായ തിരിച്ചടിയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാരിന്റെ സര്‍ക്കുലര്‍ തന്നെ തിരിച്ച് സര്‍ക്കാരിനും പ്രതിപക്ഷത്തിനും എതിരെ ആയുധമാക്കിയ ബി.ജെ.പിയുടെ ഈ മാസ്സ് നീക്കം തലസ്ഥാന രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളിലും വലിയ ചര്‍ച്ചയായി നിലനില്‍ക്കുമെന്ന് ഉറപ്പാണ്.



