തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു റാന്നി. കടുത്ത രാഷ്ട്രീയ മത്സരത്തിനൊടുവില്‍ ചരിത്രവിജയം നേടിക്കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. പഴകുളം മധു നിയമസഭയിലേക്ക് നടന്നു കയറിയത്. ശബരിമല ഉള്‍ക്കൊള്ളുന്ന റാന്നി മണ്ഡലത്തില്‍ ‘പോറ്റിയെ കേറ്റിയേ…’ പാട്ടുകള്‍ പാടി അയ്യപ്പവികാരം ജനങ്ങളിലെത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അതിവിശ്വസ്തനായ പഴകുളം മധു, രാഷ്ട്രീയ അട്ടിമറികളിലൂടെ മണ്ഡലം തിരിച്ചുപിടിച്ച് ഒടുവില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ജനങ്ങള്‍ നല്കിയ വിശ്വാസത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ഇപ്പോള്‍ കാഴ്ചവെക്കുന്നത്. റാന്നിയെയും കേരളത്തെയും ആകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു കണ്ണൂര്‍ മുന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണം. തിരഞ്ഞെടുപ്പ് കാലത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നത് പഴകുളം മധുവിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ജയിച്ചുകയറിയ ഉടന്‍ തന്നെ ആ വാഗ്ദാനം നിറവേറ്റി ഇത്തവണത്തെ എം.എല്‍.എമാരില്‍ ആദ്യ വാഗ്ദാനം പാലിച്ച ജനപ്രതിനിധിയായി മാറിയിരിക്കുകയാണ് അദ്ദേഹം.
നവീന്‍ ബാബുവിന്റെ മരണത്തെ കേവലം ഒരു തിരഞ്ഞെടുപ്പ് വോട്ടാക്കി മാറ്റാന്‍ പഴകുളം മധു തയ്യാറായിരുന്നില്ല. ദുരന്തമുഖത്ത് രാഷ്ട്രീയ ലാഭം കൊയ്യാന്‍ നോക്കുന്നവര്‍ക്ക് മുന്പില്, ആ കുടുംബത്തോടൊപ്പം ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം മാതൃകയായി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് തുടക്കം മുതല്‍ അദ്ദേഹം പൂര്‍ണ്ണ പിന്തുണ നല്കി. ആത്മാര്‍ത്ഥമായ ഈ ഇടപെടലുകളാണ് ഇപ്പോള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് പുതിയ സര്‍ക്കാരില്‍ നിന്ന് വലിയ ഉറപ്പുകള്‍ നേടിക്കൊടുക്കാന്‍ കാരണമായത്.
കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുമായി മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് പഴകുളം മധുവിന്റെ നേതൃത്വത്തിലായിരുന്നു. മധുവിന്റെ സാന്നിധ്യത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയിലാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് വിട്ടുകൊണ്ടുള്ള അതിവേഗ നീക്കങ്ങള്‍ക്ക് ഭരണതലത്തില്‍ തുടക്കമായത്. ‘നിങ്ങളുടെ കുടുംബത്തിന്റെ തീരുമാനമാണ് ഈ സര്‍ക്കാരിന്റെ തീരുമാനം’ എന്ന് മുഖ്യമന്ത്രി മഞ്ജുഷയ്ക്ക് നേരിട്ട് ഉറപ്പ് നല്‍കുകയും ചെയ്തു.
സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിന് പുറമെ നവീന്‍ ബാബുവിന്റെ മകള്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ ജോലി ഉറപ്പാക്കാനും ഈ കൂടിക്കാഴ്ചയിലൂടെ പഴകുളം മധുവിന് സാധിച്ചു. അധികാരമേറ്റ് ആഴ്ചകള്‍ക്കകം തന്നെ ഒരു കുടുംബത്തിന് നല്കിയ ഉറപ്പ് പൂര്‍ണ്ണമായും പാലിക്കാന്‍ കഴിഞ്ഞത് പഴകുളം മധുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു നേട്ടമാണ്. ജനപ്രതിനിധി എന്നാല്‍ വോട്ട് ചോദിക്കാന്‍ മാത്രം വരുന്നവനല്ല, മറിച്ച് പ്രതിസന്ധികളില്‍ കൂടെ നില്ക്കുന്നവനാണെന്ന് അദ്ദേഹം തെളിയിച്ചു.
ഈ പുതിയ പ്രഖ്യാപനത്തോടെ കണ്ണൂരിലെ സി.പി.എം. നേതൃത്വവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും കടുത്ത നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത്. സംസ്ഥാന പോലീസിന്റെ പരിമിതികളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐ പോലെയുള്ള ഒരു നിഷ്പക്ഷ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്ന കുടുംബത്തിന്റെ കടുത്ത നിലപാട് പുതിയ സര്‍ക്കാര്‍ അംഗീകരിച്ചത്. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ പഴകുളം മധു എം.എല്‍.എയ്ക്ക് മുഖ്യമന്ത്രി പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
തലസ്ഥാനത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തെരുവില്‍ തടഞ്ഞ് ആക്രമിച്ച സംഭവം വലിയ വിവാദമായി നില്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ സി.ബി.ഐ അന്വേഷണം വരുന്നത്. സി.ബി.ഐ കണ്ണൂരിലേക്ക് എത്തുമ്പോള്‍ സി.പി.എമ്മിന് പ്രതിരോധം തീര്‍ക്കാന്‍ എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. മുന്‍ ഭരണകാലത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ പൊളിയും.
കണ്ണൂരിലെ സി.പി.എം. കോട്ടകളെയും അവിടുത്തെ ചില നേതാക്കളുടെ പരമാധികാരത്തെയും അപ്പാടെ ചോദ്യം ചെയ്യുന്ന ഒന്നായിരിക്കും ഈ സി.ബി.ഐ. അന്വേഷണം. മുന്‍പ് ഭരണം കൈയാളിയപ്പോള്‍ പാര്‍ട്ടി തണലില്‍ ഒതുക്കിത്തീര്‍ത്ത പല അഴിമതികളും ഫയലുകളും ഈ അന്വേഷണത്തിലൂടെ പുറത്തുവരാന്‍ സാധ്യതയുണ്ട്. ആര്.ഡി.ഒ.യുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും ഇതിലേക്ക് വഴിതുറക്കുമെന്നാണ് സൂചന. സംഭവത്തില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കുടുംബത്തിന്റെ വാദങ്ങള്‍ സി.ബി.ഐ വീണ്ടും വിശദമായി പരിശോധിക്കും.
ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ രേഖകളും പുനഃപരിശോധിക്കുന്നതോടെ പി.പി. ദിവ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍ കടുത്ത നിയമനടപടികള്‍ ഉണ്ടാകും. സഭയ്ക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന കേസില്‍, നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ പഴകുളം മധു നടത്തിയ ഇടപെടലുകള്‍ സമകാലിക രാഷ്ട്രീയത്തിന് വലിയൊരു മാതൃകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തിനും നീതിക്കും വില കല്‍പ്പിക്കുന്ന ഒരു ജനപ്രതിനിധിയെയാണ് റാന്നിക്ക് പഴകുളം മധുവിലൂടെ ലഭിച്ചിരിക്കുന്നത്.



