തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷനെ (കെ.സി.എ) ഒന്നടങ്കം നാണക്കേടിന്റെ കയത്തിലേക്ക് തള്ളിയിട്ട ലൈംഗിക പീഡനവിവാദത്തില്‍ മുഖ്യപ്രതിയായ ക്രിക്കറ്റ് കോച്ച് ശ്രീവരാഹം മനുവിനെ ഒടുവില്‍ നിയമത്തിന് മുന്നില്‍ മുട്ടുകുത്തിച്ചു. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 24,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. സ്വാധീനവും പണക്കൊഴുപ്പുമുള്ള ക്രിക്കറ്റ് ലോകത്തെ ഈ കാട്ടാളനെ അഴികള്‍ക്കുള്ളിലാക്കാന്‍ പ്രോസിക്യൂഷന് വേണ്ടി വീറോടെ വാദിച്ചത് പടിഞ്ഞാറക്കോട്ടയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ആര്‍.എസ്. വിജയമോഹനാണ്. കോട്ടയ്ക്കകത്തെ വിജയമോഹന്‍.
മോഹന്‍ലാലിന്റെ പ്രശസ്തമായ ‘വക്കീല്‍’ ചിത്രം നേര് പുറത്തിറങ്ങിയപ്പോള്‍ തിരുവനന്തപുരത്തുകാര്‍ക്കിടയില്‍ വിജയമോഹനുമായി ബന്ധപ്പെടുത്തി വലിയ താരതമ്യങ്ങള്‍ എത്തിയിരുന്നു. നേരും നെറിയുമുള്ള, പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന ആ സിനിമാ കഥാപാത്രത്തെപ്പോലെ, കോടികള്‍ മറിയുന്ന ക്രിക്കറ്റ് സാമ്രാജ്യത്തിന്റെ പണക്കൊഴുപ്പിന് മുന്നിലും സ്വാധീനങ്ങള്‍ക്ക് മുന്നിലും തളരാതെയാണ് വിജയമോഹന്‍ ഈ കേസില്‍ ഇരയായ പെണ്‍കുട്ടികള്‍ക്കായി കോടതിയില്‍ പോരാടിയത്. കോട്ടയ്ക്കകം സ്വദേശിയായ വിജയമോഹന്റെ വീടിന് തൊട്ടടുത്താണ് മനുവിന്റെ ശ്രീവരാഹം. അതൊന്നും കേസ് വാദത്തില്‍ ഈ വക്കീലിനെ സ്വാധീനിച്ചില്ല.
എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായ വിജയമോഹന്‍, ഒരിക്കല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫോര്‍ട്ട് വാര്‍ഡില്‍ സ്വതന്ത്രനായി ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തന്റെ കരിയര്‍ പൂര്‍ണ്ണമായും അഭിഭാഷക വൃത്തിക്കായി മാറ്റിവെച്ചു. ഇന്ന് പോക്സോ-പീഡന കേസുകള്‍ വന്നാല്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ വീറോടെ വാദിക്കുന്ന, നിരവധി കേസുകളില്‍ വിജയം നേടിയ പ്രഗത്ഭനായ വക്കീലാണ് അദ്ദേഹം. ഈ കേസില്‍ പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പിന്നിലെ പ്രധാന ശക്തിയും ഈ വിജയമോഹന്‍ തന്നെയാണ്.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇരയായ പെണ്‍കുട്ടി ക്രിക്കറ്റ് പരിശീലനത്തിനായി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സ്ഥാപനത്തില്‍ എത്തിയത്. ആദ്യ കുറച്ചുനാള്‍ മികച്ച രീതിയില്‍ പെരുമാറിയ മനു, പിന്നീട് പരിശീലനത്തിനെന്ന വ്യാജേന കുട്ടിയെ ജിമ്മിലേക്ക് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. ഇതിനുപുറമേ, നഗ്‌നഫോട്ടോകള്‍ അയച്ചുനല്‍കാന്‍ പെണ്‍കുട്ടിയെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തു. വഴങ്ങാത്ത കുട്ടികളോട് ശരിയായ കോച്ചിങ് നല്‍കാതെ പ്രതികാരം തീര്‍ക്കുന്നതും ഇയാളുടെ രീതിയായിരുന്നു. ഇതോടെ കരിയര്‍ തകരുമെന്ന ഭീതിയില്‍ 2021-ല്‍ ഈ പെണ്‍കുട്ടി മറ്റൊരു കോച്ചിങ് സെന്ററിലേക്ക് മാറിപ്പോകുകയായിരുന്നു.
2024-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെച്ചാണ് വര്‍ഷങ്ങളായി മൂടിവെക്കപ്പെട്ട ഈ കൊടുംക്രൂരത നാടകീയമായി പുറംലോകമറിയുന്നത്. തിരുവനന്തപുരത്ത് കളിക്കാനെത്തിയ താരം വനിതാ കോച്ചിനൊപ്പം ലിഫ്റ്റില്‍ പോകുമ്പോള്‍ അപ്രതീക്ഷിതമായി മനുവും അതിലേക്ക് കയറി. മനുവിനെ കണ്ട നിമിഷം കുട്ടി ഭയം കൊണ്ട് വിറയ്ക്കുകയും വനിതാ കോച്ചിനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ കടുത്ത സംശയം തോന്നിയ വനിതാ കോച്ച്, മുറിയിലെത്തിയ ശേഷം വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് സമാന രീതിയില്‍ ഇരയായ മറ്റ് കുട്ടികളും പരാതിയുമായി മുന്നോട്ടുവരികയായിരുന്നു.
ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ വിശ്വസ്തനും ബലവുമെന്ന അഹങ്കാരത്തിലായിരുന്നു മനു കേരളാ ക്രിക്കറ്റ് രംഗം കീഴടക്കാന്‍ കൊതിച്ചിറങ്ങിയത്. വന്‍ രാഷ്ട്രീയ-പോലീസ് സ്വാധീനമുപയോഗിച്ച് വനിതാ ക്രിക്കറ്റ് താരങ്ങളെയും അസോസിയേഷനിലെ ഉന്നതരെയും ഇയാള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരുന്നു. 2022-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നെങ്കിലും ഉന്നത സ്വാധീനത്തില്‍ അത് ഒത്തുതീര്‍പ്പാക്കി ഒതുക്കുകയായിരുന്നു. കളിക്കാന്‍ അറിയാത്ത കുട്ടികളാണ് കോച്ചിനെതിരെ പരാതിയുമായി വരുന്നതെന്ന തരത്തില്‍ മനുവിനെ അനുകൂലിക്കുന്നവര്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കോടതിക്ക് മുന്നില്‍ ആ വാദങ്ങളെല്ലാം പൊളിയുകയായിരുന്നു.
പ്രതിക്കെതിരെ ആകെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകളുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ എസ്. ഷെഫിന്‍, നിതിന്‍ നളന്‍ എന്നിവര്‍ കൃത്യമായ തെളിവുകള്‍ ശേഖരിച്ചാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയമോഹന്‍, അഡ്വ. സുരഭി, അഡ്വ. എച്ച്.എ. രവിശങ്കര്‍ തമ്പി എന്നിവര്‍ ഹാജരായി 14 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
മുന്‍പ് തെങ്കാശിയിലെ ആഡംബര സൗകര്യങ്ങള്‍ ആസ്വദിച്ചുപോന്ന മനുവിന്, അഡ്വ. വിജയമോഹന്റെ ശക്തമായ വാദമുഖങ്ങള്‍ക്കൊടുവില്‍ ഇനി വരുംവര്‍ഷങ്ങളില്‍ ജയിലിന്റെ ഇരുട്ടറകളില്‍ കഠിനതടവ് അനുഭവിക്കേണ്ടി വരും.



