തിരുവനന്തപുരം: നഗരത്തില്‍ ജനവാസമേഖലയില്‍ ബൈക്ക് അമിതവേഗതയില്‍ ഓടിക്കുന്നത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ഗുണ്ടാ ആക്രമണം. വട്ടിയൂര്‍ക്കാവ് പാണാങ്കര ‘അക്ഷരം’ വീട്ടില്‍ രമേശ് കുമാര്‍ കെ. യുടെ വീടിന് നേരെയാണ് വൈകിട്ട് അക്രമം ഉണ്ടായത്. സംഭവത്തില്‍ പ്രദേശത്ത് പാല്‍ വിതരണം നടത്തുന്ന രാജേഷ് എന്നയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസിന് പരാതി കിട്ടി. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പാല്‍ വിതരണം നടത്തുന്ന രാജേഷ്, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റോഡിലൂടെ സ്ഥിരമായി ഹെല്‍മറ്റില്ലാതെ അതീവ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിക്കാറുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും സ്ഥിരമായി നടന്നുപോകുന്ന വഴിയായതിനാല്‍, അപകടസാധ്യത ഒഴിവാക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് രമേശ് കുമാര്‍ ഇയാളെ സ്‌നേഹപൂര്‍വ്വം ഉപദേശിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കണമെന്നും വേഗത കുറയ്ക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജേഷ് ഈ കുടുംബത്തെ നിരന്തരം വേട്ടയാടുകയായിരുന്നു. നാല് ദിവസം മുന്‍പ് രമേശ് കുമാറിന്റെ വീട്ടിലെത്തിയ ഇയാള്‍, വഴിയിലെ മുളയില കണ്ണില്‍ തട്ടിയെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയ പ്രതി, രമേശ് കുമാറിന്റെ മകളോട് അത്യന്തം മോശമായ രീതിയില്‍ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇന്ന് വൈകിട്ട് 4:45 ഓടെ രമേശ് കുമാര്‍ ഓഫീസിലായിരുന്ന സമയം നോക്കി മാരകായുധമായ വെട്ടുകത്തിയുമായാണ് പ്രതി വീണ്ടും അതിക്രമിച്ചു കയറിയത്. വീട്ടുപറമ്പിലെ മരങ്ങളും മുളയും വെട്ടിനശിപ്പിച്ച പ്രതി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ രമേശ് കുമാറിന്റെ ഭാര്യയും മകളും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
പ്രതി സ്ത്രീത്വത്തെ അത്യന്തം അപമാനിക്കുന്ന രീതിയില്‍ അശ്ലീല വര്‍ഷം നടത്തുകയും, കൊലവിളി മുഴക്കുകയുമായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ‘പോലീസിനോട് പറഞ്ഞാലും എനിക്ക് ഒന്നുമില്ല’ എന്നായിരുന്നു പ്രതിയുടെ ആക്രോശം. താന്‍ ഈ നാട്ടുകാരനാണെന്നും നിങ്ങള്‍ ഇവിടെ വന്നു താമസിക്കുന്നവരാണെന്നും പറഞ്ഞ് കുടുംബത്തെ ഇയാള്‍ ഭീഷണിപ്പെടുത്തി.
ആക്രമണം ഭയന്ന് വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തി. പ്രതിയായ രാജേഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങള്‍ക്കെതിരെ നടന്ന ഈ ആസൂത്രിത ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് രമേശ് കുമാര്‍ ആരോപിക്കുന്നു. അയല്‍പക്കത്തെ സിസിടിവി ദൃശ്യങ്ങളും, കുടുംബം പകര്‍ത്തിയ മൊബൈല്‍ വീഡിയോകളും നിലവില്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
സ്ത്രീകളെ അപമാനിച്ചതിനും മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ചതിനും വധഭീഷണി മുഴക്കിയതിനും പ്രതിക്കെതിരെ ശക്തമായ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



