പുറ്റിങ്ങലിലന് ശേഷം കേരളത്തെ നടുക്കി മുണ്ടത്തിക്കോട്; പുറ്റിങ്ങല്‍ ആവര്‍ത്തിക്കുന്നു; മുണ്ടത്തിക്കോട്ട് കരിമരുന്നിന്റെ കറുത്ത മരണം; അഞ്ച് വെടിപ്പുരകള്‍ ശ്മശാനമായി;വിറങ്ങലിച്ച് കേരളം

തൃശ്ശൂര്‍: കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ആ തീമഴ പെയ്തിറങ്ങിയ കറുത്ത ദിനത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ കരിമരുന്ന് ദുരന്തമായി മുണ്ടത്തിക്കോട് സ്‌ഫോടനം. തൃശ്ശൂര്‍ പൂരത്തിന്റെ വര്‍ണ്ണവിസ്മയങ്ങള്‍ വിരിയേണ്ട കളിത്തട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ, മുണ്ടത്തിക്കോട്ട് അഞ്ച് വെടിപ്പുരകള്‍ കത്തിയെരിഞ്ഞ് ചാരമായി. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു. നാല്‍പ്പതോളം പേര്‍ ആശുപത്രികളില്‍ മരണത്തോട് മല്ലിടുകയാണ്. കേരളത്തിന്റെ ഉത്സവ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായി ഈ ദുരന്തം മാറുന്നു.

നൂറിലധികം ജീവനുകള്‍ പൊലിഞ്ഞ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ സജീവമാക്കുന്നതാണ് തൃശ്ശൂരിനെ വിറപ്പിച്ച ഈ ദുരന്തം. പുറ്റിങ്ങലില്‍ വെടിക്കെട്ട് പുരയിലേക്ക് തീപ്പൊരി വീണാണ് അപകടമെങ്കില്‍, ഇവിടെ നിര്‍മ്മാണത്തിലിരുന്ന സാമഗ്രികള്‍ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. കിലോമീറ്ററുകളോളം ശബ്ദം മുഴങ്ങിയതും, വീടുകള്‍ തകര്‍ന്നതും, മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറിയതും പുറ്റിങ്ങലിന്റെ ഭീകരതയെ ഓര്‍മ്മിപ്പിച്ചു.

തിരുവമ്പാടി വിഭാഗത്തിന്റെ ലൈസന്‍സി സതീഷിന്റെ പുരയില്‍ ഉച്ചയ്ക്ക് ശേഷമാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനത്തില്‍ തന്നെ അഞ്ച് വെടിപ്പുരകളും തകര്‍ന്നു വീണു. രണ്ടാമത്തെ സ്‌ഫോടനം രക്ഷാപ്രവര്‍ത്തനത്തിനായി ഓടിക്കൂടിയവരെപ്പോലും ഭീതിയിലാഴ്ത്തി. ആകാശത്തേക്ക് ഉയര്‍ന്ന തീജ്വാലകള്‍ക്ക് താഴെ അഞ്ച് ജീവനുകള്‍ എരിഞ്ഞടങ്ങി. പുറ്റിങ്ങലിലെ പോലെ തന്നെ ഇടുങ്ങിയ വഴികള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.

സാമ്പിള്‍ വെടിക്കെട്ടിന് അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഈ മഹാദുരന്തം. ആയിരക്കണക്കിന് കുഴിമിന്നലുകളും അമൈറ്റുകളും തയാറാക്കി വെച്ചിരുന്ന പുരകളാണ് നിമിഷനേരം കൊണ്ട് അഗ്‌നിഗോളമായത്. തൃശ്ശൂരിന്റെ ആകാശത്ത് വര്‍ണ്ണങ്ങള്‍ വിതറേണ്ടവര്‍ ഒടുവില്‍ കരിമരുന്നിന്റെ കനലില്‍ ഹോമിക്കപ്പെട്ടു. ലൈസന്‍സി സതീഷിന്റെ നിലയും അതീവ ഗുരുതരമായി തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

യുദ്ധഭൂമിക്ക് സമാനമായിരുന്നു മുണ്ടത്തിക്കോടിലെ കാഴ്ചകള്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഇരുപതോളം വീടുകള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ജനല്‍ചില്ലുകള്‍ തുളച്ചുകയറി വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ‘പുറ്റിങ്ങല്‍ കണ്ടതുപോലെ ഒരവസ്ഥ, എല്ലാം പെട്ടെന്നായിരുന്നു’.

ഓരോ ദുരന്തത്തിന് ശേഷവും അന്വേഷണ കമ്മീഷനുകള്‍ വരാറുണ്ട്, റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടാറുണ്ട്. എന്നാല്‍ പുറ്റിങ്ങലിന് ശേഷവും വെടിക്കെട്ട് നിര്‍മ്മാണ ശാലകളിലെ സുരക്ഷാ സംവിധാനങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണെന്ന ചോദ്യം മുണ്ടത്തിക്കോട് വീണ്ടും ഉയര്‍ത്തുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയോ അതോ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക പിഴവാണോ എന്നതില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഉറ്റവരുടെ നിലവിളികള്‍ ഉയരുമ്പോള്‍, കേരളം ഒരൊറ്റ ചോദ്യമേ ചോദിക്കുന്നുള്ളൂ- ഇനിയെത്ര ബലികള്‍ വേണം നമ്മുടെ ഉത്സവപ്പറമ്പുകള്‍ സുരക്ഷിതമാകാന്‍? മുണ്ടത്തിക്കോട് ഒരു പാഠമാകട്ടെ, പക്ഷേ അതിന് നല്‍കേണ്ടി വന്ന വില നിരവിധി പേരുടെ ജീവനുകളാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top