അധികാരമോഹത്തിന്റെ അഴുക്കുചാലിലേക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കൂപ്പുകുത്തുകയാണോ? പാര്‍ട്ടിയിലെ പുഴുക്കുത്തുകളെയും വഴിവിട്ട പോക്കിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി രംഗത്ത്. വാക്കുകളില്‍ മായം ചേര്‍ക്കാത്ത ഈ വിപ്ലവസിംഹം പാര്‍ട്ടിക്ക് നേരെ പിടിക്കുന്ന കണ്ണാടിയില്‍ തെളിയുന്നത് അത്ര സുഖകരമായ ചിത്രങ്ങളല്ല. നേരത്തെ ജമാത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ അസത്യം പറച്ചിലും പാലോളി തിരുത്തിയിരുന്നു. അതോടെയാണ് ആ വിവാദം അടങ്ങിയത്. ആ സഖാവാണ് വീണ്ടും ചില സത്യങ്ങള്‍ പറയുന്നത്.
‘മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറിവരുന്നു, സി.പി.എം. അടിത്തട്ടില്‍ നിന്ന് തിരുത്തണം’ – പാലോളിയുടെ ഈ വാക്കുകള്‍ ചെന്നുകൊള്ളുന്നത് പാര്‍ട്ടിയിലെ പുതിയ കാലത്തെ ‘സ്ഥാനമോഹികള്‍ക്കും’ ‘അച്ചടക്കലംഘകര്‍ക്കും’ നേരെയാണ്. അവസരം കിട്ടാതെ വരുമ്പോള്‍ പൊട്ടിത്തെറിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് ശൈലിക്ക് ചേര്‍ന്നവരല്ലെന്നും സംഘടനാരൂപത്തില്‍ കടുപ്പമേറിയ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന് അതീതമായി നില്‍ക്കുന്ന വ്യക്തിത്വം. തെറ്റായ പ്രവണതകള്‍ കണ്ടാല്‍ അത് ആരുടെ ഭാഗത്തായാലും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. മുസ്ലീം സമുദായത്തിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കുന്നതില്‍ ഇദ്ദേഹം വലിയ പങ്കുവഹിച്ചു.
പി.കെ. ശശിയെപ്പോലെയുള്ളവരുടെ ഉയര്‍ച്ചയ്ക്ക് കാരണം പാര്‍ട്ടിയിലെ വിമര്‍ശനങ്ങളുടെ കുറവാണെന്ന് തുറന്നടിച്ച പാലോളി, നേതാക്കളെ വ്യക്തിപൂജ നടത്തുന്ന പുതിയ രീതിയെയും തള്ളിപ്പറഞ്ഞു. പിണറായി വിജയനെ ‘ക്യാപ്റ്റന്‍’ എന്ന് വിളിക്കുന്നത് പാര്‍ട്ടിയിട്ട പേരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടെ ബി.ജെ.പി മുന്നേറ്റവും കോണ്‍ഗ്രസിന്റെ പിന്നോട്ടുപോക്കും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണവിരുദ്ധ വികാരമില്ലാത്തതാണ് ഇടതിന്റെ കരുത്തെന്നും കൂട്ടിച്ചേര്‍ത്തു. മലയാളീ രാഷ്ട്രീയത്തിലെ തന്റേടമുള്ള കമ്മ്യൂണിസ്റ്റ് മുഖമാണ് പാലോളി മുഹമ്മദ് കുട്ടി. കറപുരളാത്ത രാഷ്ട്രീയ ജീവിതവും ലളിതമായ ജീവിതശൈലിയുമാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്. ചെറുപ്പത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. 1951-ല്‍ പാര്‍ട്ടി അംഗമായി. ഇ.എം.എസ് അടക്കമുള്ള അതികായര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വളര്‍ന്ന നേതാവ്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടി നിലപാടുകളുടെ കാവലാളായാണ് പാലോളി അറിയപ്പെടുന്നത്. കേരളത്തിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ‘ജനകീയാസൂത്രണ’ പദ്ധതി നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അധികാര വികേന്ദ്രീകരണത്തിലൂടെ ഗ്രാമപഞ്ചായത്തുകളെ കരുത്തുറ്റതാക്കി മാറ്റിയത് പാലോളിയുടെ ഭരണമികവാണ്.



