പ്രണയപ്പകയില്‍ പെണ്‍കുട്ടി മെനഞ്ഞത് പീഡനകഥ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എട്ടു യുവാക്കള്‍

പ്രണയം തകര്‍ന്നതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ആണ്‍സുഹൃത്തിനെയും കൂട്ടുകാരെയും പീഡനക്കേസില്‍ കുടുക്കാന്‍ പത്താം ക്ലാസുകാരി മെനഞ്ഞത് സിനിമാക്കഥയെ വെല്ലുന്ന കെട്ടുകഥകള്‍. കണ്ണൂര്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പോലീസും നാട്ടുകാരും ഒരുപോലെ അമ്പരപ്പിലാണ്. പീഡനത്തിനിരയായെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് മൂന്ന് ദിവസം ജയിലറയ്ക്കും മാനഹാനിക്കുമരികെ നിന്ന എട്ടു യുവാക്കളും അവരുടെ കുടുംബങ്ങളും ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തന്റെ ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി മറ്റ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു എന്നായിരുന്നു പതിനഞ്ചുകാരി പോലീസിന് നല്‍കിയ ആദ്യ മൊഴി. രണ്ടര മാസത്തോളം പീഡനം തുടര്‍ന്നുവെന്നും ഇതില്‍ മനംനൊന്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞതോടെ അതീവ ഗൗരവത്തോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടത്. സംഭവത്തില്‍ മൂന്ന് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് യുവാക്കളെ അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പയ്യാമ്പലത്തും മാഹിയിലും കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. കസ്റ്റഡിയിലുണ്ടായിരുന്ന യുവാക്കളെ പോലീസ് വിട്ടയച്ചു. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ പെണ്‍കുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തി കേസ് എഴുതിത്തള്ളാനുള്ള റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

കേസ് അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടി പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതോടെയാണ് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി പറഞ്ഞ ദിവസങ്ങളിലോ സമയത്തോ ആരോപണവിധേയരായ യുവാക്കളുടെയോ പെണ്‍കുട്ടിയുടെയോ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ഫോണ്‍ രേഖകളുടെ പരിശോധനയിലും ശാസ്ത്രീയ തെളിവുകള്‍ പെണ്‍കുട്ടിയുടെ വാദത്തിന് വിരുദ്ധമായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പോലീസ് അന്വേഷണം പെണ്‍കുട്ടിയിലേക്ക് തിരിയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രണയപ്പകയാണ് പരാതിക്ക് പിന്നിലെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. ഇരുപത്തിരണ്ടുകാരനായ ആണ്‍സുഹൃത്ത് തന്നോടുള്ള ഇഷ്ടം അവസാനിപ്പിച്ച് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതാണ് 15-കാരിയെ പ്രകോപിപ്പിച്ചത്. തന്നെ ഉപേക്ഷിച്ച കാമുകനെയും അവന്റെ സുഹൃത്തുക്കളെയും ജയിലിലാക്കാന്‍ പീഡനകഥ മെനയുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. മാളില്‍ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനോടുള്ള പ്രതികാരത്തിനായി ഇത്രയും വലിയ ചതി ചെയ്യുമെന്ന് പോലീസും കരുതിയിരുന്നില്ല.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top