തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ട ശക്തമാക്കിയതോടെ തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന് പുത്തന്‍പാലം രാജേഷ് പോലീസ് വലയിലായി. ഒളിവിലായിരുന്ന രാജേഷിനെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പിടികൂടി റിമാന്‍ഡ് ചെയ്തു. മറ്റൊരു കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന രാജേഷിനെ പോലീസ് പൊക്കിയത്. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു രാജേഷിന്റെ അറസ്റ്റ്.
ആലുവയിലെ അതുല്‍ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഗുണ്ടകളെ അടിച്ചമര്‍ത്താന്‍ ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ഗുണ്ടകള്‍ക്കെതിരെയുള്ള പോലീസിന്റെ ഊര്‍ജ്ജിത നീക്കമാണ് രാജേഷിന് വിനയായത്. കാപ്പ ഉത്തരവ് വന്നതിന് പിന്നാലെ ഒളിവില്‍ പോയ രാജേഷിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതോടെയാണ് പോലീസ് സ്റ്റേഷനില്‍ പുത്തന്‍പാലം രാജേഷ് എത്തിയത്.
തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി അന്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. കുറച്ചുകാലം ശാന്തമായിരുന്നെങ്കിലും അടുത്ത കാലത്ത് വീണ്ടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്. അതുല്‍ വധത്തിന് പിന്നാലെ തയ്യാറാക്കിയ പുതിയ ഗുണ്ടാപ്പട്ടികയില്‍ രാജേഷിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.
രാജേഷിന്റെ അറസ്റ്റ് തലസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പായാണ് പോലീസ് കാണുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഓപ്പറേഷന് ക്ലീന്‍ സിറ്റിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ ഗുണ്ടാ താവളങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് ഉത്തരവിട്ടു.



