ഹുസൈന്റെ ഉപ്പ സലിം ഇന്നും സൈക്കിളില്‍ മത്സ്യക്കച്ചവടം നടത്തി കുടുംബം പോറ്റുന്നവനാണ്. മീന്‍ കൊട്ടയിലെ ഒരു പങ്ക് ഇന്നും വഴിയരികില്‍ കാണുന്ന പൂച്ചകള്‍ക്കും പട്ടികള്‍ക്കും ഉള്ളതാണ്. മാത്രമല്ല വഴിയോരത്ത് ഭിക്ഷയാചിക്കുന്ന മനുഷ്യര്‍ക്കും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഒരു പങ്ക് പോകാറുണ്ട്. അങ്ങനെയൊരു ഉപ്പയുടെ മകന്‍ എങ്ങനെ ഒരു കൊലപാതക കേസിലെ മുഖ്യപ്രതിയായി മാറി?
കേരളത്തെ നടുക്കിയ അതുല്‍ കൊലക്കേസിലെ മുഖ്യപ്രതി ഹുസൈനെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തക ജസീന റഹീം പങ്കുവെച്ച കുറിപ്പിലെ ഈ വരികള്‍ ഒരു സമൂഹത്തെ മുഴുവന്‍ ചിന്തിപ്പിക്കുകയാണ്. ഖുര്‍ആന്‍ മനപാഠമാക്കിയ, ആര്‍ദ്രമായ ശബ്ദത്തില്‍ ആയത്തുകള്‍ പാരായണം ചെയ്തിരുന്ന പത്താം ക്ലാസുകാരന്‍ എങ്ങനെ ക്രിമിനല്‍ സംഘങ്ങളുടെ തലവനായി എന്നതിന് പിന്നില്‍ ഒരു പാവം പയ്യന്റെ ജീവിതം സമൂഹം എങ്ങനെ മാറ്റിമറിച്ചു എന്ന രാഷ്ട്രീയമുണ്ട്.
കുട്ടിക്കാലത്ത് നാണംകുണുങ്ങിയായിരുന്ന ഹുസൈന്‍ പത്താം ക്ലാസോടെ ഖുര്‍ആന്‍ മുഴുവന്‍ മനപാഠമാക്കി ‘ഹാഫിസ്’ ആയിരുന്നു. പഠനത്തിന് ശേഷം ജോലി തേടി സൗദിയില്‍ പോയെങ്കിലും അവിടെ വെച്ചുണ്ടായ പ്രണയനഷ്ടം അവന്റെ മനോനിലയെ സാരമായി ബാധിച്ചുവെന്ന് ജസീന ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഹുസൈന് വീട്ടിലും സമാധാനമുണ്ടായിരുന്നില്ല. സ്നേഹത്തേക്കാള്‍ അധികം കാര്‍ക്കശ്യം കൊണ്ട് മകനെ തിരുത്താന്‍ ശ്രമിച്ച ഉമ്മ പലപ്പോഴും അവന് എതിര്‍പക്ഷത്തായി മാറി. ഈ മാനസിക സംഘര്‍ഷങ്ങളാണ് ഹുസൈനെ തെറ്റായ കൂട്ടുകെട്ടുകളിലേക്കും പിന്നീട് ഗുണ്ടാസംഘങ്ങളിലേക്കും എത്തിച്ചത്.
ഹുസൈനെ ന്യായീകരിക്കാനല്ല, മറിച്ച് പാരന്റിംഗിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാനാണ് താന്‍ ഈ കുറിപ്പ് എഴുതുന്നതെന്ന് ജസീന വ്യക്തമാക്കുന്നു. സ്നേഹത്തിന്റെ ശൂന്യത: മക്കള്‍ക്ക് ‘ഞാന്‍ ഒറ്റയ്ക്കാണ്’ എന്ന തോന്നല്‍ ഉണ്ടാകുന്ന നിമിഷം ലഹരി മാഫിയകളും ഗുണ്ടാസംഘങ്ങളും ‘രക്ഷകരായി’ അവതരിക്കും. നിയന്ത്രണത്തേക്കാള്‍ പരിഗണന: ശിക്ഷയേക്കാള്‍ ശക്തമായത് സ്നേഹമാണ്. ഉപദേശത്തേക്കാള്‍ വലുതാണ് കൂടെയുണ്ടെന്ന ആത്മവിശ്വാസം. മക്കളുടെ ഭാവിക്കായി പണം കരുതിവെക്കുന്നതിനേക്കാള്‍ പ്രധാനം അവരെ ചേര്‍ത്തുപിടിക്കലും ആരോഗ്യപരമായ സംവാദങ്ങളുമാണ്.
വഴിയരികിലെ ജീവജാലങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും തന്റെ അധ്വാനത്തിന്റെ വിഹിതം നല്‍കുന്ന പുണ്യാത്മാവായ സലീമിനെപ്പോലൊരു ഉപ്പയുടെ മകന്‍ ഒരു ക്രിമിനലായി മാറിയത് പാരന്റിംഗിലെ ചെറിയൊരു പഴുത് മതി എല്ലാം കൈവിട്ടുപോകാന്‍ എന്നതിന്റെ തെളിവാണ്. ലഹരി മാഫിയകളും ക്രിമിനല്‍ സംഘങ്ങളും ‘ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്’ എന്ന വ്യാജസ്നേഹം നല്‍കുമ്പോള്‍ മക്കളെ ചേര്‍ത്തുപിടിക്കാന്‍ കുടുംബത്തിന് കഴിയണമെന്നും കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു.
ജസീനാ റഹീമിന്റെ പോസ്റ്റ് ചുവടെ
അലുവ അതുല്‍ കൊലക്കേസിലെ മുഖ്യപ്രതികളെ പോലീസ് പിടികൂടിയിരിക്കുന്നു. മാധ്യമങ്ങളിലൂടെ പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തു വരികയാണ്. പ്രതികളിലൊരാളായ ഹുസൈന്‍ എന്റെ നാട്ടുകാരനാണ്. നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട സൂറാമ്മയുടെ ചെറുമകന്‍.
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം ആ സംഭവത്തെ തുടര്‍ന്ന് മനോവിഭ്രാന്തി പ്രകടിപ്പിച്ച ഹുസൈന്റെ ഉപ്പ സലിം ഇന്നും സൈക്കിളില്‍ മത്സ്യക്കച്ചവടം നടത്തി കുടുംബം പോറ്റുന്നവനാണ്. മീന്‍ കൊട്ടയിലെ ഒരു പങ്ക് ഇന്നും വഴിയരികില്‍ കാണുന്ന പൂച്ചകള്‍ക്കും പട്ടികള്‍ക്കും ഉള്ളതാണ്. മാത്രമല്ല വഴിയോരത്ത് ഭിക്ഷയാചിക്കുന്ന മനുഷ്യര്‍ക്കും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഒരു പങ്ക് പോകാറുണ്ട്.
അങ്ങനെ ഒരു ഉപ്പയുടെ മകന്‍ ഇന്ന് ഒരു കൊലപാതക കേസിലെ മുഖ്യപ്രതിയായി മാറിയത് എങ്ങനെ?
കുട്ടിക്കാലം മുതല്‍ ഹുസൈനെ എനിക്കും അറിയാം. നാണംകുണുങ്ങി നടക്കുന്ന ഒരു പയ്യനായിരുന്നു അവന്‍. ഏഴാം ക്ലാസിന് ശേഷം ഹിഫ്‌ള് പഠനവും സ്‌കൂളും ഒരുമിച്ച് പഠിച്ചു. പത്താം ക്ലാസിലെത്തിയപ്പോഴേക്കും ഖുര്‍ആന്‍ മുഴുവനും അവന്‍ മനപാഠമാക്കി. ചിലപ്പോഴൊക്കെ അവന്റെ വീടിന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഈണത്തില്‍ അവന്‍ ഖുര്‍ആനിലെ ആയത്തുകള്‍ പാരായണം ചെയ്യുന്നത് കേട്ടിട്ടുണ്ട്. വീണ്ടും കേള്‍ക്കാന്‍ തോന്നുന്നത്രയും ആര്‍ദ്രമായിരുന്നു അവന്റെ ശബ്ദം.
പിന്നീട് പ്ലസ് ടുവും ഡിപ്ലോമ കോഴ്സും പൂര്‍ത്തിയാക്കി ജോലി തേടി സൗദിയിലേക്ക് പോയി. ആ കാലത്ത് അവനൊരു പ്രണയമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പക്ഷേ നാട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും ആ പ്രണയം നഷ്ടപ്പെട്ടിരുന്നു. ആ നഷ്ടം അവന്റെ മനോനിലയില്‍ മാറ്റം ഉണ്ടാക്കിയതായിട്ടാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. വീട്ടിലും എല്ലായ്പ്പോഴും സമാധാനം ഉണ്ടായിരുന്നില്ല. കാരണം സ്നേഹത്തേക്കാള്‍ അധികം കാര്‍ക്കശ്യം കൊണ്ട് മകനെ നേരായ വഴിയിലെത്തിക്കാന്‍ ശ്രമിച്ച ഉമ്മ പലപ്പോഴും അവന് എതിര്‍പക്ഷമായിരുന്നു എന്നാണ് അറിയുന്നത് .
സ്നേഹം കൊണ്ടും പരിഗണന കൊണ്ടും മക്കളില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നത് അമ്മമാര്‍ക്കാണ് .
അതിന് കഴിഞ്ഞില്ലങ്കില്‍ പലപ്പോഴും കുട്ടികള്‍ വഴി തെറ്റാറുണ്ട് .
അങ്ങനെയുള്ള മാനസിക സംഘര്‍ഷങ്ങള്‍ തന്നെയാവണം അവനെ തെറ്റായ കൂട്ടുകെട്ടുകളിലേക്കും പുതിയ ബന്ധങ്ങളിലേക്കും പിന്നീട് ഗുണ്ടാസംഘങ്ങളിലേക്കും എത്തിച്ചത് . പല കേസുകളിലും പ്രതിയായി മാറിയിട്ടും നാട്ടുകാരുടെ മുന്നില്‍ അവനെ എപ്പോഴും സൗമ്യനായിട്ടാണ് കണ്ടിട്ടുള്ളത് .
ഒരിക്കലും ഇത് ഹുസൈനെ ന്യായീകരിച്ച് കൊണ്ടുള പോസ്റ്റല്ല . പറഞ്ഞ് വരുന്നത്
പാരന്റിംഗിന്റെ പ്രാധാന്യമാണ് .
കലുഷിതമായ ജീവിത സാഹചര്യങ്ങളെയും മാനസിക സംഘര്‍ഷങ്ങളെയും അതിജീവിക്കാന്‍ ഓരോ മക്കളെയും പ്രാപ്തരാക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്. സ്നേഹവും പരിഗണനയും നല്‍കി അവരെ ചേര്‍ത്ത് പിടിക്കുക. അവരുടെ മനസ്സ് കേള്‍ക്കാന്‍ സമയം കണ്ടെത്തുക. കാരണം ചിലപ്പോള്‍ വളരെ ചെറിയൊരു പഴുത് മതി എല്ലാം കൈവിട്ട് പോകാന്‍.
ഇന്നത്തെ ലോകം അങ്ങനെയാണ്. പുറം ലോകം പലപ്പോഴും അനിശ്ചിതത്ത്വങ്ങളും ചതികളും നിറഞ്ഞതാണ് .
ഒരു കുഞ്ഞ് ഒറ്റപ്പെടലും നിരാശയും അനുഭവിക്കുന്ന നിമിഷം തന്നെ, ആ ശൂന്യത നിറയ്ക്കാന്‍ പല ശക്തികളും മുന്നിലേക്ക് വരും. ലഹരി മാഫിയകളും ഗുണ്ടാ സംഘങ്ങളും പലപ്പോഴും അങ്ങനെ തന്നെ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ രക്ഷകരായി അവതരിക്കുന്നു. ”ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്” എന്നൊരു വ്യാജസ്നേഹം അവര്‍ നല്‍കും.
അവിടെ തന്നെയാണ് കുടുംബത്തിന്റെ പങ്ക് വലിയതാകുന്നത്.
കുഞ്ഞിന്റെ ജീവിതത്തില്‍ ഒരു ഘട്ടത്തിലും ”ഞാന്‍ ഒറ്റക്കാണ്” എന്ന തോന്നല്‍ വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. എന്ത് പ്രശ്നമായാലും, എന്ത് തെറ്റായാലും, ”എന്തിനും ഏതിനും ഞാന്‍ നിന്നോടൊപ്പമുണ്ട്” എന്നൊരു വാക്ക് മക്കളുടെ മനസിന് നല്‍കുന്ന സുരക്ഷ അത്യന്തം വലുതാണ്.
ചിലപ്പോള്‍ ആ ഒരു വാക്ക് തന്നെ ഒരാളുടെ ജീവിതത്തിന്റെ ദിശ മാറ്റാന്‍ കഴിയും.
പ്രത്യേകിച്ച് പാരന്റിംഗില്‍ .ശിക്ഷയേക്കാള്‍ ശക്തമാണ് സ്നേഹം, നിയന്ത്രണത്തേക്കാള്‍ ഫലപ്രദമാണ് പരിഗണന, ഉപദേശത്തേക്കാള്‍ വലിയതാണ് കൂടെയുണ്ടെന്ന ആത്മവിശ്വാസം.
മക്കളെ വളര്‍ത്തുമ്പോള്‍ ഏത് സാഹചര്യങ്ങളേയും നേരിടാന്‍ പ്രാപ്തരാക്കി വളര്‍ത്തുക .
അവരുടെ ഭാവിയെ സുരക്ഷിതമാക്കാന്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ക്ക് പകരം വേണ്ടത് സ്നേഹവും , ചേര്‍ത്ത് പിടിക്കലും ആരോഗ്യപരമായ സംവാദവുമൊക്കെ തന്നെയാണ്.



