തിരുവനന്തപുരം: അതീവ സുരക്ഷയുള്ള കവടിയാര്‍ കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ നിന്ന് കോടികളുടെ ആഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം പുതിയ ദിശകളിലേക്ക്. കൊട്ടാരത്തിലെ കിടപ്പുമുറിയും അലമാരയുടെ രഹസ്യങ്ങളും കൃത്യമായി അറിയുന്ന രണ്ട് ‘അതിവിശ്വസ്തരായ’ ജീവനക്കാരെ പോലീസ് നിരീക്ഷിക്കുമ്പോഴും, സന്ദര്‍ശകരായി എത്തിയ യൂട്യൂബര്‍മാരിലേക്കും പ്രവാസികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് പ്രത്യേക സംഘം.
മോഷണം നടന്നുവെന്ന് കരുതപ്പെടുന്ന ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ നിരവധി യൂട്യൂബ് ചാനലുകള്‍ കൊട്ടാരത്തിന്റെ സവിശേഷതകള്‍ ചിത്രീകരിക്കാന്‍ എത്തിയിരുന്നു. കൊട്ടാരത്തിലെ 150-ഓളം മുറികള്‍ പരിചയപ്പെടുത്തുന്ന പരിപാടികള്‍ക്കിടയില്‍, അശ്വതി തിരുനാളിന്റെ സ്വകാര്യ മുറിയിലേക്ക് ഇവര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഷൂട്ടിങ്ങിന്റെ മറവില്‍ ലോക്കറുകളെക്കുറിച്ചും അലമാരയുടെ സ്ഥാനത്തെക്കുറിച്ചും ആരെങ്കിലും വിവരങ്ങള്‍ ചോര്‍ത്തിയോ എന്നറിയാന്‍ ഇക്കാലയളവില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കും.
കൊട്ടാരത്തിലെ അന്തേവാസികളുടെ സുഹൃത്തുക്കളായും ബന്ധുക്കളായും ഒട്ടേറെ പ്രവാസികള്‍ ഇക്കാലയളവില്‍ വന്നുപോയിട്ടുണ്ട്. സന്ദര്‍ശകരില്‍ ചിലര്‍ ഇതിനകം വിദേശത്തേക്ക് മടങ്ങിയതായാണ് വിവരം. ഇവരെ ഫോണ്‍ വഴി ബന്ധപ്പെടാനും മൊഴിയില്‍ സംശയങ്ങള്‍ കണ്ടാല്‍ നാട്ടിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ തീരുമാനം. പുറത്തുനിന്നൊരാള്‍ക്ക് കൊട്ടാരത്തിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടക്കാന്‍ കഴിയില്ലെന്ന നിഗമനത്തില്‍, സന്ദര്‍ശകരില്‍ ആര്‍ക്കെങ്കിലും ‘അകത്തുനിന്ന്’ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്.
കൊട്ടാരത്തിലെ ഭരണകാര്യങ്ങളില്‍ വലിയ സ്വാധീനമുള്ള രണ്ട് ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക സംശയം നിലനില്‍ക്കുന്നത്. എന്നാല്‍, മതിയായ തെളിവുകളില്ലാത്തതും ജീവനക്കാരെ ഉപദ്രവിക്കരുതെന്ന കൊട്ടാരത്തിന്റെ കര്‍ശന നിര്‍ദ്ദേശവും പോലീസിനെ കുഴക്കുന്നുണ്ട്. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് സമ്മാനിച്ച പൗരാണിക ആഭരണങ്ങള്‍ മുതല്‍ ശ്രീപദ്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കം വരെയാണ് നഷ്ടമായത്. 40 പവനിലധികം തൂക്കമുണ്ടെങ്കിലും ഇവയുടെ പൗരാണിക മൂല്യം കണക്കാക്കുമ്പോള്‍ രണ്ടുകോടിയിലധികം രൂപ വരും.
അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച ചുമതലയേല്‍ക്കുന്നതോടെ, യൂട്യൂബര്‍മാരുടെയും പ്രവാസികളുടെയും പട്ടിക തയ്യാറാക്കി വിപുലമായ ചോദ്യം ചെയ്യലിലേക്ക് പോലീസ് കടക്കും. കൊട്ടാരത്തിനുള്ളിലെ ‘കള്ളന്’ പുറത്തുനിന്നുള്ളവര്‍ക്ക് വഴി കാട്ടിയോ അതോ അതിവിശ്വസ്തര്‍ തന്നെ ചതിച്ചോ എന്ന ചോദ്യത്തിന് മറുപടി തേടുകയാണ് കേരള പോലീസ്.



