ആലപ്പുഴ: തന്നെ ‘വര്ഗ്ഗവഞ്ചകന്’ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി സി.പി.എം മുന്‍ നേതാവ് ജി. സുധാകരന്. തന്റെ സഹോദരന് ഭുവനേശ്വരന്റെ രക്തസാക്ഷിത്വം ഉയര്‍ത്തിക്കാട്ടി തന്നെ വേട്ടയാടാന്‍ നോക്കേണ്ടെന്നും, കഷ്ടപ്പാടിന്റെ കാലത്ത് പാര്‍ട്ടിയല്ല കുടുംബമാണ് കൂടെ നിന്നതെന്നും സുധാകരന് തുറന്നടിച്ചു. ഭുവനേശ്വരന്‍ കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ലെന്നും കേസ് നടത്താന്‍ വീട്ടിലെ ആഞ്ഞിലി മരം വെട്ടിവില്‍ക്കേണ്ടി വന്നുവെന്നുമുള്ള സുധാകരന്റെ വെളിപ്പെടുത്തല്‍ സി.പി.എം കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഭുവനേശ്വരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നടത്താന്‍ പാര്‍ട്ടി ഒരു പൈസ പോലും നല്‍കിയില്ലെന്ന് സുധാകരന് ആരോപിച്ചു. ‘ഒരു ഫണ്ടും പാര്‍ട്ടി പിരിച്ചില്ല. എനിക്ക് അന്ന് ജോലിയില്ല, വലിയ കഷ്ടപ്പാടിലായിരുന്നു കുടുംബം. എന്നിട്ടും ഞങ്ങള്‍ പരാതി പറഞ്ഞില്ല. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോഴും കേസില്‍ അപ്പീല്‍ നല്കാന് പാര്‍ട്ടി തയ്യാറായില്ല. ടി.കെ. രാമകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഇത് നടന്നത്. പോലീസാണ് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞിട്ടും അപ്പീല്‍ പോകാതെ കേസ് ഒതുക്കുകയായിരുന്നു’- സുധാകരന് പറഞ്ഞു.
1977 ഡിസംബറിലെ ആ കറുത്ത ദിനങ്ങളെ സുധാകരന് ഓര്‍ത്തെടുത്തു. പന്തളം എന്‍.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരന്‍ ക്ലാസ് മുറിയില്‍ നിന്നാണ് സംഘര്‍ഷത്തിലേക്ക് ഇറങ്ങിച്ചെന്നത്. കെ.എസ്.യു പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐക്കാര്‍ ഭുവനേശ്വരനെ തനിച്ചാക്കി രക്ഷപ്പെട്ടു. അഞ്ച് ദിവസം മരണത്തോട് പൊരുതിയാണ് സഹോദരന് മടങ്ങിയത്. ആശുപത്രിയില്‍ താന്‍ തനിച്ചായിരുന്നുവെന്നും പറഞ്ഞു.
സഹോദരനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസുമായി സുധാകരന് കൈകോര്‍ക്കുന്നു എന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്കി. ‘തമിഴ്നാട്ടിലും ബംഗാളിലും സി.പി.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയില്ലേ? അത് രാഷ്ട്രീയമാണ്. എന്നെ കണ്ടാണ് അനുജന് രാഷ്ട്രീയത്തിലിറങ്ങിയത്. അവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് പോലും ഇപ്പോള്‍ എസ്.എഫ്.ഐക്കാര്‍ കൊടുക്കുന്നില്ല. പന്തളത്ത് ഒരാള്‍ ചത്താല്‍ രക്തസാക്ഷിയാകുമോ എന്ന് പാടി നടന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. അവരാണ് എന്നെ വര്ഗ്ഗവഞ്ചകന് എന്ന് വിളിക്കുന്നത്’- സുധാകരന് പരിഹസിച്ചു.
അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ സുധാകരനെതിരെ ‘പൊളിറ്റിക്കല്‍ ഫോക്സ്’ (രാഷ്ട്രീയ കുറുക്കന്) എന്നടക്കമുള്ള അധിക്ഷേപ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോര് മുറുകിയത്. സുധാകരനെതിരെ നാളെ മുതല്‍ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ ഔദ്യോഗിക പക്ഷം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സഹോദരന്റെ മരണം ഉള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി സുധാകരന് നടത്തുന്ന പ്രതിരോധം അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഗൗരിയമ്മയ്ക്കും എം.വി രാഘവനും ശേഷം ആലപ്പുഴയുടെ മണ്ണില്‍ നിന്ന് ഒരു നേതാവ് പുറത്തേക്ക് പോകുമ്പോള്‍ അത് പാര്‍ട്ടിക്കുണ്ടാക്കുന്ന മുറിവ് അത്ര വേഗം ഉണങ്ങുന്നതാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.



